മലപ്പുറം: സിപിഎം സംസ്ഥാന സമിതിയംഗം കെ.അനില്‍ കുമാറിന്റെ വിവാദ പ്രസ്താവന, തിരുത്തല്‍കൊണ്ടു മാത്രം തീരുന്ന വിഷയമല്ലെന്നും സമീപനത്തിന്റെ കൂടി കാര്യമാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.
രാജ്യത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയത്തില്‍ അവര്‍ക്ക് തെറ്റുവന്നു എന്നതുതന്നെ അതിശയകരമാണ്. തിരുത്തേണ്ട സാഹചര്യം ഉണ്ടാക്കാന്‍ പാടില്ലാത്തതായിരുന്നു. ഇത്തരമൊരു സമീപനം സിപിഎമ്മിന് എങ്ങനെയുണ്ടായി എന്നത് വിശദീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സിപിഎം കൂടി ഭാഗമായ ഇന്ത്യ മുന്നണിയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഒന്നാണിത്. വിശ്വാസം, ഭക്ഷണം, സംസ്‌കാരം, വസ്ത്രധാരണം എന്നിവയെല്ലാം ഓരോരുത്തരുടേയും താല്‍പര്യമാണ്.
ഈ വിഷയത്തില്‍ ഉറച്ച നിലപാടു സ്വീകരിച്ചതോടെയാണ് കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചത്. ഏതെങ്കിലുമൊരു വിഭാഗത്തിന്റെ വസ്ത്രധാരണരീതി മാറ്റാനായത് വിപ്ലവമാണെന്ന് പറഞ്ഞത് അതിശയകരം തന്നെയാണ്. ഇപ്പോഴും പാര്‍ട്ടി അത്തരം സമീപനം പുലര്‍ത്തുന്നതിനെ അംഗീകരിക്കാനാവില്ല. പാര്‍ട്ടി സെക്രട്ടറി പ്രസ്താവന തള്ളിക്കളയുമ്പോഴേക്കും തീരുന്ന പ്രശ്‌നമല്ല ഇത്.
ബിജെപി ഏറ്റവും കൂടുതല്‍ ആയുധമായി ഉപയോഗിക്കുന്ന ഒരു വിഷയം എന്തിന് അവര്‍ ഉപയോഗിച്ചു എന്നതാണ് പ്രശ്‌നം. വിഭാഗീയത സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രചാരണമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. അതേ സമീപനം സിപിഎം സ്വീകരിച്ചാല്‍ ഗൗരവതരമായ വിഷയമാണ്. അബദ്ധം പറ്റിയതാണെങ്കില്‍ തിരുത്താം, എന്നാല്‍ ഇത് സമീപനത്തിന്റെ പ്രശ്‌നമാണ്.
ന്യൂനപക്ഷത്തിനൊപ്പമാണെങ്കില്‍ ഇത്തരമൊരു പ്രതികരണം അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതായിരുന്നു. സന്ദര്‍ഭം കിട്ടിയാല്‍ കൂടെനില്‍ക്കില്ലെന്ന തോന്നലാണ് അത് സൃഷ്ടിക്കുന്നത്. വിശ്വാസങ്ങളിലേക്ക് കടന്നുചെല്ലുന്ന സമീപനത്തെ അംഗീകരിക്കാനാവില്ല. മതേതര കക്ഷികള്‍ ഒരുമിച്ച് നീങ്ങുന്ന കാലത്താണ് ഇങ്ങനെയൊരു പ്രസ്താവന വരുന്നത്. -കുഞ്ഞാലിക്കുട്ടി പറഞ്ഞു.