മണിക്കൂറുകൾ നീണ്ട ഫാഷൻ പരേഡ്; ഒടുവിൽ വെറും കയ്യോടെ മടങ്ങി കള്ളൻ

വെള്ള മുണ്ടും വരയൻ ടീ ഷര്‍ട്ടും മാസ്‌കും മങ്കിക്യാപും ധരിച്ച് കള്ളൻ വരുന്നത് സിസിടിവിയിൽ വ്യക്തമാണ്.

New Update
malavika.jpg

മലപ്പുറം: ആൾത്താമസമില്ലാത്ത വീട്ടിൽ കയറി ഫാഷൻ പരേഡുമായി കള്ളൻ. മലപ്പുറം നിലമ്പൂരിനടുത്ത വടപുറം പാലാപ്പറമ്പിലെ ജെയിംസിന്റെ മകൾ ജെയ്‌സിയുടെ ആൾതാമസമില്ലാത്ത വീട്ടിലാണ് സംഭവം. ഇവർ വിദേശത്താണ് താമസം. വീട്ടിലെ സിസിടിവിയിലാണ് കള്ളന്റെ പ്രകടനങ്ങൾ പതിഞ്ഞിരിക്കുന്നത്. ഒക്ടോബര്‍ 31ന് രാത്രി 8.30നായിരുന്നു സംഭവമുണ്ടായത്.

Advertisment

വെള്ള മുണ്ടും വരയൻ ടീ ഷര്‍ട്ടും മാസ്‌കും മങ്കിക്യാപും ധരിച്ച് കള്ളൻ വരുന്നത് സിസിടിവിയിൽ വ്യക്തമാണ്. വീടിന്റെ കിഴക്കുഭാഗത്തുള്ള മതില്‍ ചാടിയാണ് കള്ളന്‍ വീട്ടുവളപ്പിലേക്ക് കയറിയത്. ശേഷം കയ്യിലുണ്ടായ ടോർച്ച് ഉപയോഗിച്ച് നോക്കി വീടിന് ചുറ്റും നടന്ന് വീട്ടിൽ ആളില്ലെന്ന് ഉറപ്പ് വരുത്തുന്നുമുണ്ട്. പിന്നീട് ഭിത്തി വഴി തൂങ്ങി ഒന്നാം നിലയിൽ കടക്കാൻ രണ്ട് വട്ടം ശ്രമിച്ചെങ്കിലും അതും പാഴായി.

മണിക്കൂറുകൾ നീണ്ട പരിശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ഇയാൾ വീടിന്റെ വരാന്തയിൽ കുത്തി ഇരിക്കുന്നുമുണ്ട്. പുകവലിക്കുകയും മദ്യപിക്കുകയും ചെയ്തു. ശേഷം കുറച്ച് നേരം കിടന്നു. പിന്നീടാണ് വേഷം മാറിയത്. മുണ്ടും വരയന്‍ ടീഷര്‍ട്ടും മാറി മിഡിയും ടോപ്പും ധരിച്ച് മുടി പുറകില്‍ കെട്ടിവെച്ചിരുന്നു. കുറച്ച് കഴിഞ്ഞ് വരാന്തയില്‍ ഇരുന്ന് സ്ത്രീ വേഷം മാറി പാൻ്റും ടീഷര്‍ട്ടും ധരിച്ചു. പല വട്ടം വേഷം മാറി അഞ്ച് മണിക്കൂര്‍ വീട്ടില്‍ ചെലവിട്ട ശേഷം വെറും കയ്യോടെയാണ് ഇയാൾ വീട്ടിൽ നിന്നും മടങ്ങിയത്.

ജെയ്‌സിയും കുടുംബവും വിദേശത്താണ്. അതുകൊണ്ട് ജയിംസ് എല്ലാ ദിവസവും വീട് വന്ന് നോക്കി പോകുകയാണ് പതിവ്.

malappuram
Advertisment