മലപ്പുറം: പോലീസിനെ പ്രതിക്കൂട്ടിലാക്കി താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകത്തിൽ ഹിസ്റ്റോപതോളജി റിപ്പോർട്ട് പുറത്ത്. ഹൃദയത്തിലേറ്റ മർദനമാണ് മരണ കാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഇതോടെ പോലീസ് വീണ്ടും പ്രതിക്കൂട്ടിൽ ആകുകയാണ് മഞ്ചേരി മെഡിക്കൽ കോളേജിലെ പതോളജി വകുപ്പാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.
ഹിസ്റ്റോപതോളജി റിപ്പോർട്ടിനൊപ്പം രാസ പരിശോധന റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു. കേസ് ഡയറി ഉൾപ്പെടെ എല്ലാ രേഖകളും ഉടൻ സി.ബി.ഐക്ക് കൈമാറണമെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ നേരത്തെ ഉത്തരവിട്ടിരുന്നു. കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ സഹോദരൻ ജാഫർ ജിഫ്രി നൽകിയ ഹരജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.
അതേസമയം കേസിന്റെ അന്വേഷണം സർക്കാർ സി.ബി.ഐക്ക് വിട്ടിരുന്നെങ്കിലും ഏറ്റെടുക്കാൻ ഏജന്‍സി തയാറായിരുന്നില്ല.
നിലവിൽ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ പ്രതീക്ഷയില്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നുമാണ് താമിർ ജിഫ്രിയുടെ സഹോദരൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കേസിലെ സാക്ഷികളായ പൊലീസുകാരെയും താമിറിനൊപ്പം കസ്റ്റഡിയിലെടുത്തവരെയും സ്വാധീനിക്കാനുള്ള ശ്രമങ്ങളുണ്ടെന്നും നിർണായകമായ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും തമിറിന്റെ സഹോദരൻ ഹരജിയിൽ ആരോപിച്ചിരുന്നു.
കസ്റ്റഡിമരണത്തിൽ എട്ടു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നത്.