പൊന്നാനി മൗലിദ് സ്വലാത്ത് ജാഥ സിയാറത്ത് പള്ളിയിൽ നിന്നാരംഭിച്ച് വലിയ ജുമുഅത്ത് പള്ളിയിൽ സമാപിക്കും; വഴിയോരം ജനസാഗരമായൊഴുകും

New Update
mawlid

പൊന്നാനി: വിശിഷ്ട റബീഉൽ അവ്വൽ  മാസത്തിലെ നബിദിനത്തോടനുബന്ധിച്ച് വർഷം തോറും അരങ്ങേറുന്ന  പൊന്നാനി മൗലീദ് ഇത്തവണയും പതിനായിരങ്ങൾക്ക് അനുഭൂതിയേകും. സെപ്റ്റംബർ 15 നാണ് പ്രസിദ്ധമായ പൊന്നാനി മൗലിദ്. മൗലീദ് പരിപാടിയിലും സ്വലാത്ത് ജാഥയിലും  പങ്കെടുക്കാൻ പൊന്നാനിയിലേയ്ക്ക് വിശ്വാസികൾ പ്രവഹിക്കുമെന്ന് സ്വാഗതസംഘം നേതാക്കൾ വിവരിച്ചു.   

Advertisment

തെക്കേ പൊന്നാനിയിലെ ചരിത്രപ്രസിദ്ധമായ സിയാറത്ത് പള്ളി മഖാമിൽ സിയാറത്ത് നടത്തിയ ശേഷം ആരംഭിക്കുന്ന സ്വലാത്ത് ജാഥ കാൽനടയായി  നഗരം ചുറ്റി മഹത്തായ വലിയ ജുമുഅത്ത് പള്ളിയിൽ സമാപിച്ച ശേഷം പള്ളിയിൽ  വെച്ച് നിർവഹിക്കുന്ന  പ്രത്യേക പ്രാർത്ഥനാ-കീർത്തന പരിപാടികളോടെയാണ് പൊന്നാനി മൗലീദ് സമാപിക്കുക.

സ്വലാത്ത് ജാഥ ആരംഭിക്കുന്നത് സിയാറത്ത് പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സൂഫീവര്യൻ കൂടിയായ ശൈഖ് ഇബ്രാഹിം ഖോജാ വലിയ്യുല്ലാഹിയുടെയും സമാപിക്കുന്നത് വലിയ ജുമുഅത്ത് പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ചരിത്രപുരുഷൻ കൂടിയായ ശൈഖ് സൈനുദ്ധീൻ മഖ്‌ദൂം ഒന്നാമൻറെയും മഖ്ബറകളിൽ സംഘടിതമായി നിർവഹിക്കുന്ന പ്രത്യേക പ്രാർത്ഥനകൾ, ദിക്ർ, സ്വലാത്ത്കളോടെ  ആയിരിക്കുമെന്ന് സ്വാഗതസംഘം മുഖ്യരക്ഷാധികാരി വി സൈദ്  മുഹമ്മദ്‌ തങ്ങൾ, ചെയർമാൻ ഹാജി കെ എം മുഹമ്മദ്‌ ഖാസിം കോയ, ജന. കൺവീനർ സക്കീർ കടവ് എന്നിവർ വിവരിച്ചു.   

പതിനാറാം നൂറ്റാണ്ടിൻറെ ആദ്യത്തിൽ പൊന്നാനിയിലും പരിസരങ്ങളിലും പടർന്നു പിടിച്ച സാംക്രമിക രോഗങ്ങളിൽ നിന്നും രക്ഷ നേടാനായി  ശൈഖ് സൈനുദ്ധീൻ മഖ്‌ദൂം രചിച്ച് പ്രദേശ വാസികളോട് രോഗശമനത്തിനായി സ്ഥിരമായി പാരായണം ചെയ്യാൻ ഉപദേശിക്കുകയും ചെയ്ത പ്രവാചക പ്രകീർത്തന കാവ്യമായ മൻഖൂസ് മൗലീദ് എന്നതാണ് നബിദിനത്തോടനുബന്ധിച്ച് കേരളത്തിൽ വ്യാപകമായി ഓതിക്കൊണ്ടിരിക്കുന്നത്.   

അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് ചരിത്രപ്രധാനമായ റബീഉൽ അവ്വൽ പിറക്കാൻ ഏതാനും ദിവസങ്ങൾ അവശേഷിക്കവേയാണ് മീലാദ് പരിപാടികളുടെ വിളംബരമെന്ന നിലയിൽ പൊന്നാനി മൗലിദ് ആചരിക്കപ്പെടുന്നത്. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റിക്ക് കീഴിൽ ജില്ലയിലെ നബിദിന പ്രോഗ്രാമുകൾക്ക് തുടക്കം കുറിക്കുന്നതുമായിരിക്കും പൊന്നാനി മൗലിദ്.  പരിപാടി വിജയിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ് സ്വാഗതസംഗം.

പരിപാടിയുടെ പോസ്റ്റർ പ്രകാശനം തഹ്‌രീക്  പ്രവർത്തകരുടെ കൺവെൻഷനിൽ വെച്ച്  കഴിഞ്ഞ ദിവസം അരങ്ങേറി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി കൗൺസിലർ സീതിക്കോയ തങ്ങളുടെ അധ്യക്ഷതയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ പോസ്റ്റർ പുറത്തിറക്കി. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ഉപാധ്യക്ഷൻ ഹാഫിസ് അബ്ദുൽ മജീദ് അഹ്‌സനി ചെങ്ങായി മുഖ്യപ്രഭാഷണം നിർവഹിച്ചു.

സിദ്ദിഖ് അൻവരി, കെ വി ഷബീർ,  മൻസൂർ പുത്തൻപള്ളി,  ഉസ്മാൻ കാമിൽ സഖാഫി, ശകീർ മള്ഹരി, സുബൈർ ബാഖവി, സൈഫുദ്ധീൻ സഅദി,  യഹ്‌യ സഖാഫി,  സിദ്ധീഖ് അയിലക്കാട്,ഹമീദ് ലത്വീഫി, ശാഹുൽ ഹമീദ് പുതുപൊന്നാനി, ഹംസത്ത്, നിഷാബ് മാറഞ്ചേരി, ശിഹാബുദ്ധീൻ അഹ്‌സനി മുതലായവർ പരിപാടികളിൽ സംബന്ധിച്ചു.

ഇത്തവണയും റബീഉൽ അവ്വൽ ആചാരണത്തോടനുബന്ധിച്ച് പൊന്നാനിയിൽ പീടിക മൗലീദ്, ഗൃഹസമ്പർക്കങ്ങൾ, തീരദേശ പ്രാർത്ഥനകൾ  എന്നിവ സംഘടിപ്പിക്കുന്നുണ്ട്.

Advertisment