Advertisment

ശുഭ്രസാഗരം തീർത്ത് സ്വലാത്ത് ജാഥ; ആത്മീയ നിർവൃതിയിൽ പൊന്നാനി

K

പൊന്നാനി: അറബിക്കടൽ അലറിയൊഴുകുന്ന പൊന്നാനി ശാന്തഗംഭീരമായ ഒഴുകിയ മറ്റൊരു സാഗരത്തിന് വെള്ളിയാഴ്ച സാക്ഷിയായി. അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ തിരുജനനം കൊണ്ട് ധന്യമായ റബീഉൽ അവ്വൽ മാസപ്പിറവിയുടെ തലേന്നാൾ പൊന്നാനിയിൽ അരങ്ങേറിയ സ്വലാത്ത് ജാഥ സംഘാടകരുടെ കണക്ക് തെറ്റിച്ച ജനപങ്കാളിത്തം കൊണ്ട് ആവേശഭരിതമായി.

Advertisment

K

പ്രിയപ്പെട്ട നബിക്ക് പ്രിയത്തോടെ പ്രകീർത്തങ്ങൾ ഉരുവിട്ട് ചിട്ടയായി നീങ്ങിയ സ്വലാത്ത് ജാഥയിൽ മതപണ്ഡിതരും വിദ്യാർത്ഥികളും സാധാരണക്കാരും ഉൾപ്പെടെയുള്ളവർ കണ്ണികളായി. വെള്ളവസ്ത്രധാരികളുടെ അറ്റം കാണാത്ത ബഹുനിര. അവരുടെ കണ്ഠങ്ങൾ മുഴക്കിയ പ്രവാചക കീർത്തനങ്ങളിൽ മുഖരിതമായ പൊന്നാനിയിലെ വഴിയോരങ്ങൾ ആത്മീയ ചൈതന്യത്താൽ തുളുമ്പി. ആലാപനങ്ങൾ ഉരുവിട്ട് അണിചേർന്നവരും ഭക്ത്യാദരവോടെ സാക്ഷികളായവരും സ്വലാത്ത് ജാഥ ആസ്വദിച്ചു, ആവോളം. 

വിശ്വാസികളുടെ മാനസങ്ങളിൽ വസന്തം പൊഴിച്ചു കൊണ്ട് ഇതൾ വിരിയുന്ന റബീഉൽ അവ്വൽ മാസത്തിങ്ങളിൽ പഴയകാല പൊന്നാനി എങ്ങിനെയായിരുന്നോ അതിനെ വീണ്ടെടുക്കാൻ പഴമയിൽ മഹത്വം കാണുന്നവർ നടത്തുന്ന ഉജ്വലമായ അടയാളപ്പെടുത്തലുകളായി പൊന്നാനി മൗലിദും സ്വലാത്ത് ജാഥയും. മലപ്പുറം ജില്ലയിലെ നബിദിന മാസാചാരണത്തിന് ധന്യമായ സമാരംഭം.

G

"തിരുനബിയുടെ സ്നേഹലോകം" എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന മീലാദ് കാമ്പയിൻ ചരിത്രപ്രസിദ്ധമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ വെച്ചായിരുന്നു തുടക്കം. പൊന്നാനി വലിയ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം (റ) രചിച്ച നബി കീര്‍ത്തന കാവ്യമായ മന്‍ഖൂസ് മൗലിദ് അടക്കമുള്ള മൗലിദുകളാണ് പാരായണം ചെയ്തത്.  

വൈകുന്നേരം 5 മണിക്ക് സിയാറത്ത് പള്ളിയില്‍ നിന്ന് വലിയ ജുമുഅത്ത് പള്ളിയിലേക്ക് സ്വലാത്ത് ജാഥയും തുടര്‍ന്ന് സയ്യിദ് സീതിക്കോയ അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ മഖാം സിയാറത്തോടെയും ആരംഭിച്ച മൗലിദ് സദസ്സ് സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ. സുലൈമാന്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ജലാലുദ്ധീന്‍ ജീലാനി അധ്യക്ഷത വഹിച്ചു.

H

പൊന്നാനി മഖ്‌ദൂം മുത്തുക്കോയ തങ്ങള്‍, വലിയ ജുമുഅത്ത് പള്ളി ജനറല്‍ സെക്രട്ടറി സൈദ് മുഹമ്മദ് തങ്ങള്‍, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുല്‍ മജീദ് അഹ്സനി ചെങ്ങാനി, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍,സയ്യിദ് കരീം തങ്ങള്‍, കെ എം മുഹമ്മദ് കാസിം കോയ, അബ്ദുള്ള ബാഖവി ഇയ്യാട്, യൂസഫ് ബാഖവി, അബ്ദു റസാഖ് ഫൈസി മാണൂര്‍, ഹാഫിള് അബ്ദുൽ ഹഫീള് അഹ്സനി ഹൈദര്‍ മുസ്ലിയാര്‍ മാണൂര്‍, അഷ്റഫ് ബാഖവി അയിരൂർ , ഇബ്രാഹിം ബാഖവി ഊരകം, ശിഹാബ് സഖാഫി പെരുമുക്ക്, ഉമര്‍ ശരീഫ് സഅദി, ഫക്റുദ്ദീന്‍ സഖാഫി,ഡോ: അബ്ദുറഹ്‌മാന്‍ സഖാഫി, മുനീര്‍ പാഴൂര്‍, ഡോ: ഫൈളുറഹ്‌മാന്‍, ബഷീര്‍ രണ്ടത്താണി, ഉസ്മാന്‍ ചെറുശ്ശോല എന്നിവര്‍ മൗലിദിന് നേതൃത്വം നല്‍കി.

ഇനിയുള്ള ആഴ്ചകളിൽ മീലാദ് കാമ്പയിനിന്റെ ഭാഗമായുള്ള മീലാദ് റാലി, പുസ്തക ചര്‍ച്ച, സ്‌നേഹക്കൂട്ടം, സീറ മീറ്റ്, സ്‌നേഹപ്പുടവ, സീറ ഡയലോഗ് എന്നിവ വിവധ ഘടകങ്ങളില്‍ അരങ്ങേറൂം.

Advertisment