/sathyam/media/media_files/pRLp9T2L5qEOvFnSGFw4.jpg)
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം പോക്സോ കേസിൽ നീതിയ്ക്കായി സമരത്തിനിറങ്ങുമെന്ന് ഇരയുടെ മാതാവ്. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് സത്യസന്ധമായി കേസ് അന്വേഷിച്ചില്ലെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. കേസിൽ ആരോപണ വിധേയനായ സിഐക്ക് പൊലീസ് സംരക്ഷണം ഒരുക്കുന്നതായും ആരോപണമുണ്ട്.
പ്രതികൾക്കൊപ്പം ചേർന്ന് പരാതിക്കാരെ മോശക്കാരായി ചിത്രീകരിക്കുകയാണ് പൊലീസ്. മൊഴിയെടുക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോമിലാണ് എത്തിയത്. പൊലീസ് അയൽ വീടുകളിൽ പോയി താനും മകളും വേശ്യകളാണെന്ന് പറഞ്ഞു. സിഐക്ക് പൊലീസ് സംരക്ഷണം ഒരുക്കുകയാണ് പൊലീസ്. കാര്യങ്ങൾ ഇങ്ങനെ തുടർന്നാൽ പരസ്യമായി സമരത്തിനിറങ്ങും -ഇരയുടെ അമ്മ പറഞ്ഞു.
2017ലാണ് പെൺകുട്ടി പീഡനത്തിനിരയായത്. രണ്ട് വർഷം മുമ്പാണ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. ബന്ധുക്കളടക്കം ആറുപേരാണ് കേസിലെ പ്രതികൾ. ഇതിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവാഹാലോചന വന്നപ്പോൾ പെൺകുട്ടിയെ കാണാനെത്തിയ യുവാവിനോടാണ് പെൺകുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത്. തന്നെ വേശ്യയെന്ന് വിളിച്ച് സിഐ അപമാനിച്ചെന്നും തന്റെ അവസ്ഥയ്ക്ക് കാരണം സിഐയും പ്രതികളാണെന്നും ഇരയായ പെൺകുട്ടി ആരോപിച്ചിരുന്നു.
പീഡനവിവരം നാട്ടുകാരോട് പരസ്യപ്പെടുത്തി. പുറത്തിറങ്ങാന്‍ കഴിയുന്നില്ല. പ്രതിശ്രുതവരനെ പൊലീസുകാര്‍ മര്‍ദിച്ചു. ജീവിക്കാന്‍ താത്പര്യമില്ലെന്നും പെൺകുട്ടി കത്തിൽ വ്യക്തമാക്കി. 2022ലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.