പൊന്നാനി: മധ്യപൗരസ്ത്യ ദേശത്തെ അസ്വസ്ഥതകൾക്ക് കാരണക്കാർ ഇസ്രായേൽ എന്ന അധിനിവിഷ്ട രാഷ്ട്രം മാത്രമെന്നതാണ് ചരിത്രമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ പറഞ്ഞു.
മൂന്ന് വിശ്വ മതങ്ങളുടെയും അനുയായികൾ കാലങ്ങളായി ഒരുമയോടെ താമസിച്ചിരുന്ന ഫലസ്തീൻ ദേശത്ത് ഇസ്രായേൽ എന്ന രാജ്യത്തിന്റെ ആവിർഭാവത്തോടെയാണ് അസ്വസ്ഥതയുടെ വിത്ത് മുളച്ചതെന്നും ഖാസിം കോയ ചൂണ്ടിക്കാട്ടി.
പിന്നീട് ലോകം കണ്ടത് കിടപ്പാടം കൊടുത്ത അന്നാട്ടുകാരോട് അനീതിയും നീതിനിഷേധവും കയ്യൂക്കും നടത്തി അവരുടെ മൗലികാവകാശങ്ങൾ പോലും നിരന്തരം ലംഘിച്ചു കൊണ്ടിരിക്കുകയെന്നതാണ് ഇസ്രായേൽ രാഷ്ട്രം ചെയ്തു വന്നതും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതും.
ഇതിനെതിരെ സ്വാതന്ത്ര്യ ദാഹികളായ അന്നാട്ടുകാരുടെ പോരാട്ടം സ്വാഭാവികമാണെന്നും അതാണ് ഫലസ്തീൻ - ഇസ്രായേൽ സംഘർഷമെന്നും അദ്ദേഹം വിവരിച്ചു.
ദശകങ്ങളായി നിലനിൽക്കുന്ന ഈ സംഘർഷത്തിൽ മഹാത്മാഗാന്ധി മുതലുള്ള ഇന്ത്യൻ നേതാക്കളും ഭരണാധികാരികളും ഫലസ്തീൻ ജനതയുടെ പക്ഷത്തായിരുന്നു. ഇന്ത്യയുടെ നിലപാടിൽ ഫലസ്തീൻ ജനതയും അവരുടെ നേതാക്കളും അത്യധികം ആശ്രയം കണ്ടിരുന്നു.
ഇന്ദിരാഗാന്ധിയുടെ ഭൗതികശരീരത്തിനരികിൽ നിന്ന് ഫലസ്തീൻ നേതാവ് യാസർ അറഫാത്ത് പൊട്ടിക്കരഞ്ഞത് ഇന്ത്യ - ഫലസ്തീൻ സൗഹൃദത്തിന്റെ വികാരനിർഭരമായ നിദർശനമായിരുന്നു. ഈ നിലപാട് തിരുത്തി കുറ്റവാളികളുടെ പിന്നിൽ സ്ഥാനമുറപ്പിക്കുന്നത് ഇന്ത്യയുടെ പാരമ്പര്യത്തിന് ചേർന്നതല്ലന്നും മുഹമ്മദ് ഖാസിം കോയ തുടർന്നു.