പൊന്നാനി: ഹൃദയസ്പര്‍ശിയായ ഭാഷയിൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന് പൊന്നാനിയിൽ നിന്നൊരു കത്ത്. ദൈവവിശ്വാസിയായ താങ്കൾ ഇപ്പോൾ ഗസ്സയിലും ഫലസ്തീനിലും ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന വ്യാപകമായ നരമേധം സംബന്ധിച്ച് സ്വന്തം ഹൃദയത്തോട് ചോദിക്കണമെന്ന് കത്തിൽ ഓർമപ്പെടുത്തി. കേരളാ ഹജ്ജ് കമ്മിറ്റി അംഗവും പ്രമുഖ സുന്നീ നേതാവുമായ ഉസ്താദ് ഹാജി കെ എം മുഹമ്മദ് ഖാസിം കോയയാണ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന് നേരിട്ട് കത്തയച്ചത്.
മാനസാന്തരം സംഭവിക്കാൻ ഒരു നിമിഷം മതിയെന്നും ഗുണകാംക്ഷയോടെയാണ് താൻ ഈ ഉദ്യമത്തിന് തുനിഞ്ഞതെന്നും കത്തയച്ച ശേഷം ഉസ്താദ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു നാടും ജനതയും ആക്രമിക്കപ്പെട്ട് വെന്ത് തീരുമ്പോൾ, വെറുതെയിരിക്കാൻ കഴിയാത്തത് കൊണ്ടാണ് പറയേണ്ടവരോട് കാര്യം വ്യക്തമാക്കാൻ മുതിര്ന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേൾക്കേണ്ടവർ കേൾക്കുന്നോ അവഗണിക്കുന്നോ എന്നത് അവരുടെ കാര്യം.
നീണ്ടുനിൽക്കുന്ന സംഘർഷം വിനാശകരമായ രാജ്യാന്തര - പ്രാദേശിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ഇതൊന്നും തങ്ങളെ പോലെ ലോകത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്നവർ ശ്രദ്ധിക്കാതെ പോകരുതെന്ന് ഗുണകാംക്ഷയോടെ ശ്രദ്ധയിൽ പെടുത്തുന്നതായും ഉസ്താദ് കത്തിൽ വിവരിച്ചു.
ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള യുദ്ധം സങ്കൽപ്പിക്കാൻ കഴിയാത്ത കഷ്ടപ്പാടുകൾ ഇതിനകം തന്നെ സൃഷ്ടിച്ചു കഴിഞ്ഞു. നിരപരാധികളായ കുട്ടികൾക്കും സ്ത്രീകൾക്കും ഗുരുതരമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്നു. ആശുപത്രികളിലും ആംബുലൻസുകളും അഭയകേന്ദ്രങ്ങളിലും വെച്ചാണ് കൂട്ടക്കൊല അരങ്ങേറുന്നത്. ഇവയെല്ലാം അത് ചെയ്യുന്നവർക്ക് പോലും ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന മാനസിക പരിഭ്രാന്തി പോലും പരിഗണിക്കേണ്ടതാണ്.
നമ്മുടെ ദൈവവിശ്വാസ പ്രകാരം ഇപ്പോൾ ഗാസയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന രക്തച്ചൊരിച്ചിൽ, പ്രത്യേകിച്ച് നിരായുധർക്ക് നേരെ നടന്നു കൊണ്ടിരിക്കുന്ന ഭ്രാന്തൻ നടപടികൾ ആശാസ്യകരമാണോ അതോ ദൈവകോപത്തിന് വഴിവെക്കുന്നതാണോ? ഇക്കാര്യം ബഹുമാനപ്പെട്ട പ്രസിഡണ്ട് മറ്റൊരു ദുസ്വാധീനവും ഇല്ലാതെ വിലയിരുത്തണമെന്നും മനസാക്ഷിയോട് നീതിചെയ്യുന്ന വിധത്തിലുള്ള ഇടപെടൽ നടത്തണമെന്നും ഉസ്താദ് കത്തിലൂടെ ജോ ബൈഡനോട് ആവശ്യപ്പെട്ടു.
"അതിക്രമങ്ങൾ ഉടനടി അവസാനിപ്പിക്കുന്നതിനും സമാധാനപരമായ ഒരു പരിഹാരത്തിനായി പ്രവർത്തിക്കുന്നതിനുമായി സജീവമായ നടപടികൾ കൈക്കൊള്ളാൻ ഞാൻ നിങ്ങളോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. അക്രമം തടയുന്നതിലും ഈ വിനാശകരമായ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കും ചർച്ചകൾക്കും വഴിയൊരുക്കുന്നതിനും നിങ്ങളുടെ ഇടപെടലും നേതൃത്വവും നിർണായകമാണ്.
ഈ അടിയന്തിര കാര്യത്തിലേക്കുള്ള നിങ്ങളുടെ ശ്രദ്ധയ്ക്ക് ഞാൻ മുൻകൂട്ടി നന്ദി പറയുന്നു. ഈ വിനാശകരമായ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നിങ്ങളുടെ സത്വരവും ക്രിയാത്മകവുമായ ഇടപെടലിനായി ഞാൻ പ്രതീക്ഷിക്കുന്നു" - അമേരിക്കൻ പ്രസിഡന്റിനുള്ള കത്തിന് ഉസ്താദ് വിരാമമിടുന്നത് ഇങ്ങിനെയാണ്.