മതപരമായ തത്വങ്ങള്‍ക്ക് എതിരാണ് കമ്യൂണിസം, അതൊരു വസ്തുതയാണ്: തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതു കൊണ്ടാണെന്ന കെ.അനില്‍കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ സമസ്ത

New Update
anilkumar

മലപ്പുറം: തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതു കൊണ്ടാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനില്‍കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ സമസ്ത. മതപരമായ തത്വങ്ങള്‍ക്ക് എതിരാണ് കമ്യൂണിസമെന്നും അതൊരു വസ്തുതയാണെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

Advertisment

''മലപ്പുറത്ത് ഒരു പെണ്‍കുട്ടി തട്ടമിടുന്നത് ശരിയല്ല, അതു ഇല്ലായ്മ ചെയ്തത് ഞങ്ങളാണ്, അതൊരു പുരോഗതിയാണ് എന്നാണ് അനില്‍കുമാര്‍ പറഞ്ഞത്.

വ്യക്തിപരമായ അഭിപ്രായമായി അതിനെ ചുരുക്കിയാലും പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍, ഞങ്ങള്‍ വരുത്തിയ പുരോഗതിയാണ് അതെന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ അതു സ്വന്തം ആശയമല്ല, അതു പാര്‍ട്ടിയുടെ ആശയമാണ്.

ഒരുപക്ഷേ വോട്ടു രാഷ്ട്രീയത്തിനു വേണ്ടി നാളെ നിഷേധിച്ചേക്കാം. അത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണെന്നു പ്രകടമാക്കിയേക്കാം. എങ്കില്‍പോലും അദ്ദേഹം പാര്‍ട്ടി ക്ലാസില്‍നിന്നു പഠിച്ചൊരു യാഥാര്‍ഥ്യം വച്ചുകൊണ്ടായിരിക്കുമല്ലോ അങ്ങനെ പറയാന്‍ കാരണം.'' - അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

ഒക്ടോബര്‍ 1നു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ എസ്സന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ് 23 നാസ്തിക സമ്മേളനത്തിലാണ് അനില്‍കുമാറിന്റെ പരാമര്‍ശം.

തട്ടം തലയിലിടാന്‍ വന്നാല്‍ അതു വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണെന്നും വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നെന്നായിരുന്നു അനില്‍കുമാറിന്റെ പ്രസ്താവന.

Advertisment