പാലക്കാടിന്‍റെ ഇതിഹാസകാരൻ മനോജിന് കൊല്ലങ്കോട് സ്മാരകമൊരുങ്ങുന്നു

New Update
writer manoj memorial

പാലക്കാട്: പാലക്കാടിന്‍റെ ഇതിഹാസകാരൻ മനോജിന് കൊല്ലങ്കോട് സ്മാരകമൊരുങ്ങുന്നു. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ മുഗൾ ചക്രവർത്തി ഷാജഹാൻ തന്റെ പത്നി മുംതാസിന്റെ ഓർമ്മക്കായി പണി കഴിച്ചതാണെങ്കിൽ, മനോജിനായുള്ള സ്മാരകം പത്നി ഡോ. സുഖലത മനോജിന്റെ സ്നേഹ സമർപ്പണമാണ്.

Advertisment

കൊല്ലങ്കോട് പോസ്റ്റാഫീസിനു സമീപമുള്ള സ്വവസതിയായ ഗയയിൽത്തന്നെയാണ് മനോജ് സ്മൃതി മണ്ഡപം പണിതുയർത്തിയിരിക്കുനത്. അമ്പതോളം പേർക്ക് ഇരിക്കാനുള്ള സൗകര്യത്തോടു കൂടിയ ഗ്രാനൈറ്റിൽ നിർമ്മിച്ച സ്മൃതി മണ്ഡപം ഒക്ടോബർ എട്ട് ഞായറാഴ്ച രാവിലെ സഹൃദയർക്കായി തുറന്നു കൊടുക്കുകയാണ്. തുടർന്ന് മനോജിന്റെ അവസാന നോവൽ ചിതയൊരുക്കത്തിന്റെ പ്രകാശനവും സ്മൃതി മണ്ഡപത്തിൽ വെച്ചു നടക്കുന്നു.

രാവിലെ പത്തരക്ക് ചേരുന്ന യോഗത്തിൽ പ്രശസ്ത നിരൂപകനായ ബാലചന്ദൻ വടക്കേത്ത് സ്മൃതി മണ്ഡപ സമർപ്പണവും, തുടർന്ന് പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ ചിതയൊരുക്കത്തിന്റെ പ്രകാശനവും നിർവ്വഹിക്കും. ആദ്യ പ്രതി പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ അനന്തപത്മനാഭൻ സ്വീകരിക്കും. തുടർന്ന്  പ്രശസ്ത നിരൂപകനായ രഘുനാഥൻ പറളി പുസ്തകം പരിചയപ്പെടുത്തും.

കെ. സത്യപാൽ (പ്രസിഡണ്ട് കൊല്ലങ്കോട് ഗ്രാമ പഞ്ചായത്ത് / സെക്രട്ടറി, പബ്ളിക് ലൈബ്രറി കൊല്ലങ്കോട് ), രാജേഷ് മേനോൻ (സെക്രട്ടറി പുരോഗമന കലാ സാഹിത്യ സംഘം പാലക്കാട് ), പി. രാമൻ (കവി), കെ.എൻ ഷാജി (നിയോഗം പത്രാധിപർ ), കെ.പി രമേഷ് , വി.എം ഷൺമുഖദാസ്, ജോർജ്ദാസ്,  സുകേതു, മനോജ് വീട്ടിക്കാട്, സുമേഷ് ഇൻസൈറ്റ്, ശരത് ബാബു തച്ചമ്പാറ, ഡോ. സരസ്വതി തുടങ്ങിയവർ പങ്കെടുത്തു സംസാരിക്കും.

മുഖ്യധാരയിൽ നിന്ന് വിട്ടുമാറി സമാന്തര പാതയിലൂടെ സഞ്ചരിച്ചതിനാലാവാം മനോജിന്റെ കൃതികൾക്ക് അർഹിക്കുന്ന പ്രാധാന്യമോ വായനയോ ലഭിക്കാതെ പോയത്. മനോജിന്റെ സ്മരണ നിലനിർത്തുന്നതിനൊപ്പം, അപ്രകാശിത കൃതികളുടെ പ്രകാശനവും നിലവിൽ ലഭ്യമല്ലാത്തവയുടെ പുനർ മുദ്രണവും, മനോജിനെപ്പോലെ എഴുത്തിന്റെ സമാന്തര വഴിയിലൂടെ സഞ്ചരിക്കുന്നവർക്ക് അവരുടെ രചനയെ സഹൃദയർക്ക് മുന്നിൽ അവതരിപ്പിക്കുവാനും, ചർച്ച ചെയ്യാനും വേദിയൊരുക്കുന്നതിലൂടെ കാണാമറയത്തെ പല പ്രതിഭകളേയും  മുഖ്യധാരയിൽ എത്തിക്കുവാൻ സഹായിക്കുന്നതിന് വേണ്ടിയുമാണ് ഈ സ്മൃതി മണ്ഡപം ഒരുക്കിയിരിക്കുന്നത്.

കോട്ടയത്തെ മലയ് പബ്ലിക്കേഷനാണ് ചിതയൊരുക്കം പ്രസിദ്ധീകരിക്കുന്നത്. രണ്ടര പതിറ്റാണ്ടിനു ശേഷം വിശ്വ പ്രസിദ്ധമായ അമർചിത്രകഥ വീണ്ടും മലയാളത്തിൽ അവതരിപ്പിച്ചാണ് മലയ് പബ്ലിക്കേഷൻസ് തുടക്കം കുറിച്ചത്. വായനയുടെ ലോകത്തേക്ക് കൂടുതൽപ്പേരെ അടുപ്പിക്കുവാനായി ബാക്ക് ടു റീഡിഗ് എന്ന ക്യാമ്പയിൻ നടത്തിവരുന്നു. കുട്ടിക്കാലം മുതൽക്കുതന്നെ വായനയിൽ താത്പര്യം ഉളവാക്കാൻ തക്ക ബാലസാഹിത്യകൃതികളും മറ്റ് അനേകം പാഠ്യേതര പ്രവർത്തനങ്ങളും നടത്തി വരുന്നു.

മനോജ്: 1956-2022

എഴുത്തിന്റെ വേറിട്ട വഴികളിലൂടെയായിരുന്നു എന്നും മനോജ് സഞ്ചരിച്ചത്. ആദ്യ നോവലായ മിന്നാമിനുങ്ങുകൾ മെഴുകുതിരികൾ എന്ന ആദ്യ നോവലിനു തന്നെ ദേശാഭിമാനി സ്റ്റഡി സർക്കിൾ അവാർഡ് ലഭിച്ചു. തുടർന്ന് ദേശാഭിമാനിയിൽ ചേരാൻ ക്ഷണമുണ്ടായിരുന്നെങ്കിലും എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മനോജ് തീരുമാനിച്ചത്.

പിന്നീട് വ്യക്തിജീവിതത്തിന്റെയും രാഷ്ട്രീയ നിലപാടുകളുടെയും സമ്മർദ്ദത്താൽ നാടുവിട്ട് ഗുജറാത്തിൽ ജോലി സ്വീകരിച്ചെങ്കിലും അധിക കാലമൊന്നും അതിൽ തുടരാനായില്ല. തിരിച്ചു വന്ന് പൂർണ്ണമായും എഴുത്തിൽ മുഴുകുകയായിരുന്നു. ഇക്കാലത്തു തന്നെ തികച്ചും വ്യത്യസ്തവും ആഴവുമുള്ള കാട്ടാളൻ, കാലാവധി, ശവസംസ്കാരം, വേദാരണ്യം, സത്യവാഗീശ്വരൻ, ദേഹവിയോഗം തുടങ്ങി പതിനഞ്ചോളം നോവലുകൾ പൂർത്തിയാക്കി. അതിൽ ഏറ്റവും ബൃഹത്തായതും പാലക്കാട്ടെ ചരിത്ര-ജീവിത രീതികളെ അവലംബിച്ച് തികച്ചും മൗലീകമായ പാലക്കാടിന്റെ ഭാഷയിൽ മുപ്പതു വർഷത്തോളമെടുത്ത് പൂർത്തിയായിയസുഖവാസികളുടെ ലോകം എന്ന ഇതിഹാസ നോവലാണ്. 2007 മുതൽ കേവിഡ് കാലം വരെയും വാക്കറിവ് എന്ന ലിറ്റിൽ മാഗസിന്റെ പത്രാധിപരായിരുന്നു.

ജീവിതത്തിൽ ഒരു വിധ വിട്ടുവീഴ്ചക്കും മനോജ് തയ്യാറായിരുന്നില്ല. സംഘടനകളും രാഷ്ട്രീയ വിധേയത്വവും തന്റെ ആശയങ്ങളെ സ്വതന്ത്രമായി പ്രകടിപ്പിക്കാൻ തടസ്സമാകുമെന്നു മനസ്സിലാക്കി അതിൽ നിന്നെല്ലാം അകലം പാലിച്ച് തനിക്കു ചുറ്റുമുള്ള പച്ചയായ ജീവിതങ്ങളുടെ നേർക്കാഴ്ചകൾ കലർപ്പുകളില്ലാതെ വായക്കാരിലെത്തിക്കുവാനാണ് മനോജ് ശ്രദ്ധിച്ചത്. അതു കൊണ്ടു തന്നെ പലപ്പോഴും അധികാരികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും മനോജ് അനഭിമതനായത്.

റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ആയ ഡോ. സുഖലത മനോജ്, 1983 ൽ വിവാഹ ശേഷം മനോജിന്റെ എഴുത്തിന് കരുത്തായി എന്നുണ്ടായിരുന്നു. എഴുത്തുകാരൻ എന്ന നിലയിൽ അനുഭവിക്കുന്ന അന്തർ സംഘർഷങ്ങൾ ഉൾക്കൊണ്ടു കൊണ്ടും, കൃതികളുടെ ആദ്യ വായന, തിരുത്തൽ തുടങ്ങിയ കാര്യങ്ങളിൽ കൂട്ടായും നിശിത വിമർശകയായും കൂടെയുണ്ടായിരുന്നു. അതിന്റെ തുടർ പ്രവർത്തനമായിത്തന്നെയാണ് സ്മൃതി മണ്ഡപം എന്ന ആശയം പ്രാവർത്തികമാക്കിയത്.

പ്രസിദ്ധീകൃത കൃതികൾ

മിന്നാമിനുങ്ങുകള്‍ മെഴുകുതിരികള്‍, ജീവിക്കുന്നവരുടെ ശ്മശാനം, കാട്ടാളന്‍, കാലാവധി, വേദാരണ്യം, സത്യവാഗീശ്വരന്‍, സമാന്തരയാത്രകള്‍, രാക്ഷസകുലം, ദേഹവിയോഗം, ജ്ഞാനയോഗം, ജീവകാരുണ്യം, മതബോധത്തിന്‍റെ ദൃശ്യശാസ്ത്രം, സുഖവാസികളുടെ ലോകം, ശരിയുത്തരങ്ങള്‍, യാത്രയില്‍ തനിയെ, ചിതലെടുക്കാത്ത ജീവിതം.

അപ്രകാശിത കൃതികൾ

ശവസംസ്കാരം, മാംസഭുക്കുകള്‍, സഹജം, ഗന്ധര്‍വകഥകള്‍, മഹാബലി, തണുപ്പ്, ഇങ്ങനെയും ഒരാള്‍ (മുണ്ടൂര്‍ രാവുണ്ണിയുമായുള്ള അഭിമുഖം), യോഗവിയോഗം, ദാര്‍ശനിക-സാഹിത്യ ലേഖനങ്ങള്‍, എം.സുകുമാരന്‍റെ കത്തുകള്‍,

അവാർഡുകൾ

ദേശാഭിമാനി സ്റ്റഡി സർക്കിൾ അവാർഡ്, കോയമ്പത്തൂർ കേരള കൾച്ചറൽ സെന്ററിന്റെ സാഹിത്യ അവാർഡ്.

Advertisment