വെള്ളിനേഴിയിലെ കാരുണ്യ വിപ്ലവം ചികിത്സാധന സഹായ വിതരണം നാളെ. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും

New Update
press meet cherpulassery

ചെർപ്പുളശ്ശേരി: കലയുടെ ഗ്രാമമായ വെള്ളിനേഴിയിൽ രണ്ടര വയസ്സുകാരൻ ആരുഷിനും നിരാലംബരായ രോഗികൾക്കും കരുതലായി പെരിങ്ങോട്ടുകുറിശ്ശി ദയാ ചാരിറ്റബിൾ ട്രസ്റ്റും വെള്ളിനേഴി പഞ്ചായത്ത് ഭരണസമിതിയും ചേർന്നു നടത്തിയ കാരുണ്യ വിപ്ലവം വൻ വിജയകരമായതിന്റെ തുടർച്ചയായി ചികിത്സാസഹായ വിതരണം ഒക്ടോബർ 14 ന് രാവിലെ 9:30ന് വെള്ളിനേഴി ഹൈസ്കൂളിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Advertisment

ചികിത്സാ സഹായനിധിയിലൂടെയും മറ്റും ഉൾപ്പെടെ ആകെ സമാഹരിച്ച ഒരു കോടി ഇരുപത് ലക്ഷം രൂപയിൽ ആരുഷിന്റെ ചികിത്സക്കും, വെള്ളിനേഴി പഞ്ചായത്തിലെയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തികച്ചും അർഹരായ രോഗികളെയും കണ്ടെത്തിയാണ് തുക പൂർണ്ണമായും ചെലവഴിക്കുന്നത്. 275 രോഗികൾക്കാണ് ചികിത്സ സഹായം നൽകുന്നത്.

വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ മുഴുവൻ സുമനസ്സുകളേയും ദയയുടെ അഭ്യുദയകാംക്ഷികളേയും പങ്കെടുപ്പിച്ച് പ്രതികൂല കാലാവസ്ഥയിലും 6 മണിക്കൂർ നീണ്ട 'കാരുണ്യ വിപ്ലവം' സംഘടിപ്പിച്ചത് കലാ ഗ്രാമമായി അറിയപ്പെടുന്ന വെള്ളിനേഴിക്ക് പൊൻതൂവലായി മാറിയിരുന്നു.

അടയ്ക്കാപുത്തൂർ യുപി സ്കൂൾ കേന്ദ്രീകരിച്ചു നടത്തിയ കാരുണ്യ വിപ്ലവം മുഴുദിന പരിപാടി ഒരു നാടിന്റെ ഉത്സവമായി. വളരെ വ്യവസ്ഥാപിതവും സുതാര്യവുമായ രീതിയിലാണ് ദയയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ.
സോഷ്യൽ മീഡിയ അവലംബമാക്കി ഓരോ ദിവസത്തെയും വരവ്-ചെലവ് കണക്കുകൾ മുഴുവൻ അംഗങ്ങളെയും ബോധ്യപ്പെടുത്തിയാണ് കഴിഞ്ഞ എട്ടു വർഷത്തെയും പ്രവർത്തനം. 

അവയവം മാറ്റിവച്ച 10 രോഗികൾക്ക് ദയാ മരുന്നു നൽകൽ പദ്ധതിയിലൂടെ മാസംതോറും പതിനായിരം രൂപ വില വരുന്ന മരുന്നുകൾ നൽകിവരുന്നതുൾപ്പടെ, ദയ മംഗല്യദീപം പദ്ധതിയിലൂടെ 17 നിർധന യുവതികളുടെ വിവാഹം തുടങ്ങി വൈവിധ്യമാർന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും കർമ്മ പദ്ധതികളുമാണ് ദയ നടത്തിവരുന്നത്. 20 ദയാഭവനങ്ങൾ കഴിഞ്ഞ കാലയളവിൽ ദയ നിർമ്മിച്ചു നൽകി. 

പത്താമത് കാരുണ്യ വിപ്ലവമാണ് ദയ വെള്ളിനേഴിയിൽ നടത്തിയത്. ഒക്ടോബർ 14 ശനി രാവിലെ 9:30ന് വെള്ളിനേഴി ഹൈസ്കൂളിൽ നടക്കുന്ന ചികിത്സാസഹായ വിതരണ ചടങ്ങ് വാദ്യ കുലപതി മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സംസ്ക്കാരിക ജീവകാരുണ്യ രംഗത്തെ നിരവധിപേർ പങ്കെടുക്കും. 

ദയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി. രമേഷ്, ഗ്രാമപഞ്ചായത്ത്‌ അധ്യക്ഷ സി. ജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.എം. പരമേശ്വരൻ, പഞ്ചായത്ത് അംഗങ്ങളായ കെ. അനിൽകുമാർ, സി. രാധാകൃഷ്ണൻ, ദയാ ട്രഷറർ ശങ്കർജികോങ്ങാട്, അഡ്മിൻ പാനൽ അംഗം ഷുക്കൂർ പട്ടാമ്പി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment