/sathyam/media/media_files/9IruQNETwJi5ESkQoKnL.jpg)
പാലക്കാട്: കെഎസ്ആർടിസിയുടെ പ്രധാന ആസ്തികളായ ബസും, റൂട്ടും, ഭൂസ്വത്തും വിറ്റുതുലക്കാനുള്ള ഇടതു നയം ചെറുത്തു തോൽപ്പിക്കുമെന്ന് കെഎസ്‌ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ ബൈജു പറഞ്ഞു. കെഎസ്‌ടി എംപ്ലോയീസ് സംഘിന്റെ ജില്ലാ പ്രവർത്തക സമിതി യോഗം ബിഎംഎസ് ജില്ലാ കാര്യാലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശമ്പളം നൽകാതെ ജീവനക്കാരനെ പട്ടിണിക്കിട്ട് ജോലിയുപേക്ഷിച്ച് രക്ഷപ്പെടണം എന്ന മാനസികാവസ്ഥയിലേക്ക് പരുവപ്പെടുത്തുകയാണ് സർക്കാർ ചെയ്യുന്നത്. സുശീൽ ഖന്ന റിപ്പോർട്ട് എന്ന വങ്കത്തരം നടപ്പാക്കി കെഎസ്ആർടിസിയെ ഇല്ലാതാക്കാനുള്ള ഗൂഢനീക്കമാണ് ഇടതു സർക്കാർ നടത്തുന്നത്.
കെഎസ്ആർടിസിയുടെ ഭൂമിയും റൂട്ടും കച്ചവടം ചെയ്യാനുള്ള സർക്കാർ നീക്കമാണ് കഴിഞ്ഞ ദിവസങ്ങളിൽ മറ നീക്കി പുറത്തുവന്നിരിക്കുന്നത്. പൊതുമേഖലാ സംരക്ഷകരെന്ന ഇടതുപക്ഷത്തിന്റെ മേലങ്കിയാണ് ഇവിടെ അഴിഞ്ഞു വീണിരിക്കുന്നത്.
തൊഴിലില്ലായ്മയെക്കുറിച്ച് വാചാലരാവുന്നവരുടെ ഭരണത്തിലാണ് ഒരു സ്ഥാപനത്തിൽ മാത്രം പതിനായിരക്കണക്കിന് തൊഴിൽ ഇല്ലാതായിരിക്കുന്നത്. ഇടതു സർക്കാരിന്റെ ഈ ദുർനയങ്ങൾ തൊഴിലാളികളെ അണിനിരത്തി ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ. സുരേഷ് കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ടി.വി രമേഷ് കുമാർ, ട്രഷറർ കെ.സുധീഷ്, ജില്ലാ ഭാരവാഹികളായി എൻ. കാളിദാസ്, പി.ആർ മഹേഷ്, എം.കണ്ണൻ, എൽ. മധു എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us