Advertisment

അനധികൃത വയറിംഗ്; പാലക്കാട് ജില്ലാ സംയുക്ത സമിതി രൂപീകരണ യോഗവും സുരക്ഷ പോസ്റ്റർ പ്രകാശനവും നടത്തി

author-image
ജോസ് ചാലക്കൽ
Nov 14, 2023 13:28 IST
New Update
electrical inspectorate

പാലക്കാട്: അനധികൃത വയറിങ് തടയുന്നതിനും ഈ മേഖലയിലെ നിയമ ലംഘനങ്ങൾക്ക് തടയിടാനുമായി ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ്, കെഎസ്ഇബി അംഗീകൃത വയർമാൻമാരുടെയും പ്രതിനിധികളുടെയും സംയുക്ത ജില്ലാതല സമിതി രൂപികരിച്ചു. 

Advertisment

പാലക്കാട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി അദ്ധ്യക്ഷ ശാലിനി കറുപ്പേവ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കെ.കെ ബൈജു അദ്ധ്യക്ഷത വഹിച്ചു. 

പൊതു ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി പുറത്തിറക്കുന്ന സുരക്ഷ പോസ്റ്ററിന്റെ പ്രകാശനം അഡിഷണൽ സൂപ്രണ്ട് ഓഫ് പോലീസ് രാധാകൃഷ്ണന് നൽകി ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ.ടി സന്തോഷ്  പ്രകാശനം ചെയ്തു.  

അഡിഷണൽ സൂപ്രണ്ട് ഓഫ് പോലീസ് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ.ടി സന്തോഷ്, എക്സിക്യുട്ടിവ് എഞ്ചിനീയർമാരായ രാമ പ്രകാശ് കെ.വി, പി പ്രേംരാജ്, കുമാരി, സുചിത്ര, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർമാരായ വി. ശെൽവരാജ്, സലീം ബാച്ചി, കെ.റജൂല, സന്തോഷ്, ദിവ്യപ്രഭ, ബി ക്ലാസ് ഇലക്ട്രിക്കൽ കോൺട്രാക്ടർ സി.എസ് ഗീരീഷ് കുമാർ, സി ക്ലാസ് ഇലക്ട്രിക്കൽ കോൺട്രാക്ടർമാരുടെ പ്രതിനിധി പി.എം അബ്ദുൾ ജബ്ബാർ, ഇലക്ട്രിക്കൽ വയർമാൻ സൂപ്പർവൈസർ കെ.പി രാഘവൻ, ഇലക്ടിക്കൽ വയർമാൻ പ്രതിനിധി ടി.പി ഹരിദാസൻ എന്നിവർ സംസാരിച്ചു. 

അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ നൗഫൽ പി, സ്വാഗതവും പാലക്കാട് സർക്കിൾ ചീഫ് സേഫ്റ്റി ഓഫിസർ ഷീബ ഇവാൻസ് നന്ദിയും പറഞ്ഞു. പാലക്കാട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ.കെ ബൈജു അധ്യക്ഷനും. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ കെ.ടി സന്തോഷ് കൺവീനറുമായാണ് കമ്മിറ്റി രൂപീകരിച്ചത്. 

കെഎസ്ഇബി എക്സിക്യുട്ടീവ് എഞ്ചിനീയർ, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (അഡ്മിനിസ്ട്രേഷൻ), ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് അദ്ധ്യക്ഷ എന്നിവർ കമ്മിറ്റി അംഗങ്ങളും ഈ മേഖലയിലെ അംഗീകൃത സംഘടനകളുടെ പ്രതിനിധികൾ അനൗദ്യോഗിക അംഗങ്ങളും ആയിരിക്കും. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരമാണ് കമ്മിറ്റി പ്രവർത്തിക്കുന്നത്. 

ഐഎസ്ഐ മുദ്രയില്ലാത്ത വൈദ്യുത ഉപകരണങ്ങളുടെ നിർമ്മാണം, ഇറക്കുമതി, വിതരണം, വാടകക്ക് കൊടുക്കൽ, വിപണനത്തിനായുള്ള പ്രദർശനം എന്നിവ ചെയ്യുന്നത് ബിഐഎസ് ആക്ട് 2016 ലെ വകുപ്പ് 29 (3) പ്രകാരം 3 വർഷം വരെ തടവും ചുരുങ്ങിയത് 2 ലക്ഷം രൂപ പിഴയും ചുമത്താൻ തക്ക ഗുരുതരമായ കുറ്റവുമായതിനാൽ ഐഎസ്ഐ മുദ്രയുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് അംഗീകൃതരായ വയറിംഗ് കോൺട്രാക്ടർമാരെ ഉപയോഗിച്ച് പ്രവർത്തി നടത്തണമെന്നും ഇത്തരം നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ അറിയിക്കണമെന്നും കെ.കെ ബൈജുവും, കെ.ടി സന്തോഷും ആവശ്യപ്പെട്ടു.

Advertisment