തമിഴ്-മലയാള സംസ്കാരങ്ങളുടെ സങ്കരഭൂമിയായ പാലക്കാടിന്റെ തനത് ഉൽസവം... കൽപ്പാത്തി രഥോൽസവം... ഇന്ന് കൽപ്പാത്തി രണ്ടാംതേര്

author-image
ജോസ് ചാലക്കൽ
New Update
kalpathi randam theru

പാലക്കാട്: ഭക്തിയുടെ നിറവിൽ ഒരു നാടിന്റെ മഹോത്സവത്തിന് ആധ്യാത്മികതയുടെ അഭൗമ ചാരുത വരച്ചൊരുക്കുന്ന ഗൃഹാതുര പ്രണാമം. ശോഭമങ്ങുന്ന ആഘോഷഛവി, ഒരു കാലനിയോഗത്തിനു നടുവിലാണെങ്കിലും ദേശങ്ങളുടെ കണ്ണും കാതും ഈ ഗ്രാമപുരത്തിന്റെ ഹൃദയത്തിലേക്കാണ് തുറന്നു വെച്ചിരിക്കുന്നത്. 

Advertisment

അതെ, കൽപ്പാത്തി ഒരു ജനതതിയുടെ പരിധിക്കപ്പുറത്തെ വികാരമാണ്. രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന കൽപ്പാത്തി രഥോത്സവം തമിഴ്-മലയാള സംസ്കാരങ്ങളുടെ സങ്കരഭൂമിയായ പാലക്കാടിന്റെ തനത് ഉൽസവം-കൽപ്പാത്തി രഥോൽസവം. 

മൂന്നു നാൾ നീളുന്ന ഉൽസവ പ്രഹർഷത്തിന് ഇന്ന് ദ്വിതീയ ദിനം. വിശുദ്ധിയുടെ ഈറൻ സന്ധ്യ കാത്തു നിൽക്കേ, വർണധൂളിക്കളങ്ങളിൽ അരിപ്പൊടി കോലമെഴുതിയ അഗ്രഹാര ഗൃഹമുറ്റങ്ങളിൽ ഭക്തിയുടെ അലകടൽ പെരുക്കം പതുക്കെ പരന്നൊഴുകുന്നു.

വാദ്യഘോഷങ്ങളുടെ അകമ്പടിയിൽ അലങ്കാര വിഭൂഷിതമായ രഥങ്ങളുടെ ശാന്തമായ പ്രയാണത്തിന് അഗ്രഹാരവീഥികൾ സാക്ഷികളാവുന്നു. നാളെ മൂന്നാം തേര്. നാളെ വൈകീട്ട് മൂന്ന് തേരുകൾ സംഗമിക്കുന്നതിനെ ദേവസംഗമമെന്നും രഥ സംഗമമെന്നും പറയുന്നു.

ദേവന്മാർ പരസ്പരം വിടചൊല്ലി പിരിയുന്നതോടെ ഉത്സവം സമാപിക്കുന്നു. എങ്കിലും തേരുകട എന്നു വിശേഷിപ്പിക്കുന്ന വഴിയോര കച്ചവടം പിന്നേയും ഒരാഴ്ച്ച നീണ്ടു നിൽക്കും...

Advertisment