തിരുവല്ല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ പ്രത്യേക മഹാത്രിപുര സുന്ദരി പൂജ നടത്തി ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി.ആനന്ദ ബോസ്. ഭാര്യ ലക്ഷ്മി ബോസിനൊപ്പം ക്ഷേത്രത്തിലെത്തിയായിരുന്നു പ്രത്യേക പൂജ.
ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ഗവര്‍ണറെ ക്ഷേത്ര മുഖ്യ കാര്യദര്‍ശിമാരായ രാധകൃഷ്ണന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഓണത്തിനു പ്രധാനമന്ത്രിക്ക് ഓണക്കോടിയും നാടന്‍ പലഹാരങ്ങളും ആനന്ദബോസ് സമ്മാനിച്ചിരുന്നു. മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ആനന്ദബോസ് ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്ത് എത്തിയത് 2022 നവംബറിലാണ്. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നായിരുന്നു നിയമനം.