റാന്നി: പെരുന്തേനരുവി - കുരുമ്പൻ മൂഴി റോഡ് നിർമ്മാണം ഒരു മാസത്തിനകം പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധികൃതരോട് ആവശ്യപ്പെട്ടു. റോഡിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിന് ഉദ്യോഗസ്ഥരുമായി സ്ഥലം സന്ദർശിച്ച ശേഷമാണ് എംഎൽഎ ഇക്കാര്യം ആവശ്യപ്പെട്ടത്.
പെരുന്തേനരുവിയിൽ നിന്നും ആദിവാസി കോളനിയായ കുരുമ്പൻ മൂഴിയിലേക്ക് വനമേഖലയിലൂടെയുള്ള റോഡ് പുനരുദ്ധാരണമാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ്പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. രണ്ടര കിലോമീറ്റർ റോഡ് നിർമ്മാണത്തിനായി 1.70 കോടി രൂപയാണ് ചിലവ്.
മഴക്കാലത്ത് പെരുന്തേനരുവി ഡാമിൽ വെള്ളം നിറയുന്നതോടെ കുരുമ്പൻമൂഴി കോസ്‌വേ വെള്ളത്തിനടിയിലാകുകയും നാനൂറോളം വരുന്ന കുടുംബങ്ങളും ആയിരത്തിൽപരം ആളുകളും ഒറ്റപ്പെട്ടു കഴിയുന്ന അവസ്ഥയുമായിരുന്നു. സ്കൂൾ വിദ്യാർത്ഥികൾക്കും, ജോലി സംബന്ധമായി പുറത്തേക്ക് പോകുന്നവർക്കും തിരികെ വീടുകളിലേക്ക് എത്താൻ കഴിയാതെ പലപ്പോഴും ബന്ധു വീടുകളിലും മറ്റും താമസിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്.
/sathyam/media/media_files/uI5OwLj4Of4NHsMc8ir9.jpg)
കൂടാതെ 2021 ഒക്ടോബറിൽ ഉണ്ടായ അപ്രതീക്ഷിതമായ ഉരുൾപൊട്ടൽ പ്രദേശത്തെ ആകെ ഭീതിയിലാഴ്ത്തിയ സമയത്ത് പൊലീസ്, മെഡിക്കൽ, ഫയർ ഫോഴ്സ് എന്നിവ കുരുമ്പൻമൂഴിലേക്ക് എത്തിപ്പെടാൻ നന്നേ പാടുപെട്ടിരുന്നു. പ്രദേശവാസികൾക്കൊപ്പം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ പെരുന്തേനരുവിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് കാടിന്റെ ഭംഗി ആസ്വദിച്ച് പനംകുടന്ത അരുവിയിലേക്ക് എത്തിപ്പെടാനും ഈ പാത ഉപകാരപ്രദമാകും.
ഇതോടൊപ്പം കുരുമ്പൻ മൂഴിയിലും അറയാഞ്ഞിലി മണ്ണിലും പട്ടികജാതി- പട്ടികവർഗ്ഗ ഫണ്ട് ഉപയോഗിച്ച് നടപ്പാലം നിർമ്മിക്കുന്നതിനുള്ള നടപടികളും ധ്രുതഗതിയിൽ നീങ്ങുകയാണെന്ന് എംഎൽഎ അറിയിച്ചു. കേരള അസി എൻജിനീയർ റെഫിൻ, ജോജി ജോർജ്, ഗോപി, മോനച്ചൻ എന്നിവരും എംഎൽ യോടൊപ്പം സ്ഥലം സന്ദർശിച്ചു.