റാന്നി: കാത്തിരിപ്പിന് അവസാനമായി. റാന്നിയിലെ ഒരു പ്രധാന റോഡുകൂടി ഉന്നത നിലവാരത്തിലേക്ക് ഉയരുന്നു. ഇട്ടിയപ്പാറ - ഒഴുവൻപാറ - ബംഗ്ലാംകടവ് - വടശ്ശേരിക്കര റോഡ് നിർമ്മാണത്തിന് സാങ്കേതികാനുമതി ലഭിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ഇനി പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ ടെൻഡർ വിളിച്ച് കരാറുകാരനുമായി എഗ്രിമെൻറ് വച്ചാലുടനെ നിർമ്മാണം ആരംഭിക്കാനാകും.
സംസ്ഥാന സർക്കാരിൻറെ ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെടുത്തി റോഡ് നിർമ്മാണത്തിനായി 10 കോടി രൂപയാണ് (ജിഎസ് റ്റി ഉൾപ്പെടെ) അനുവദിച്ചിരിക്കുന്നത്.
നേരത്തെ ഈ റോഡ് മുഖ്യമന്ത്രിയുടെ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ വയ്യാറ്റുപുഴ പൊതീപ്പാട് റോഡ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ഈ പദ്ധതിയുടെ നിർമ്മാണം അനന്തമായി നീണ്ടതോടെ റോഡിൻറെ അവസ്ഥ അതീവ ശോചനീയമായി. റോഡിൻറെ ദുരവസ്ഥ കണക്കാക്കിയാണ് എംഎൽഎ കഴിഞ്ഞ ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഈ റോഡ് പുനരുദ്ധരിക്കാൻ ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിനോട് അഭ്യർത്ഥിച്ചത്.
ഇട്ടിയപ്പാറയിൽ നിന്നും വടശ്ശേരിക്കര വരെ പോകുന്ന പ്രധാന റോഡാണ് ഇത്. റാന്നി സെന്റ് തോമസ് കോളേജ്, അടിച്ചിപ്പുഴ ആദിവാസി കോളനി, അത്തിക്കയം, പെരുനാട്, എന്നിവിടങ്ങളിലേക്കും എളുപ്പം പോകാനുള്ള പാതയാണ്. കൂടാതെ ശബരിമല കണക്ടഡ് റോഡ് കൂടിയാണ് ഇത്. മലയോരമേഖലയിൽ നിന്നും പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലേക്ക് എത്താനുള്ള എളുപ്പ വഴിയും കൂടിയാണ് ഇത്.
5.5 മീ. വീതിയിൽ ബിഎംബിസി നിലവാരത്തിലാണ് ടാറിംഗ് ചെയ്യുക. റോഡിൻറെ ഇട്ടിയപ്പാറ മുതൽ ഒഴുവൻപാറ വരെയുള്ള ഭാഗം ഇരുവശവും നിലവിൽ ഐറിച്ച് ഡ്രെയിൻ ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ഭാഗങ്ങളിൽ ഐറിഷ് ഡ്രയിൻ ചെയ്യും. ഏകദേശം 15 ഓളം കലുങ്കുകൾ പുതുതായി നിർമ്മിക്കും.
ഓട നിർമ്മാണം, സംരക്ഷണഭിത്തി, റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനുള്ള ഫണ്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.
റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് റോഡരികിലൂടെയുള്ള ജൽജീവൻ പദ്ധതിയുടെ പൈപ്പുകൾ അടിയന്തരമായി സ്ഥാപിക്കാൻ എംഎൽഎ ജല വിഭവ വകുപ്പ് അധികൃതർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.