റാന്നി: പുതമണ്ണിൽ പുതിയ പാലം നിർമ്മിക്കുന്നതിനായി ധനകാര്യ വകുപ്പ് അനുമതി ലഭിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. പ്രധാന പാതയിലെ ഗതാഗതം മുടങ്ങിയതോടെ ജനങ്ങളാകെ ബുദ്ധിമുട്ടിലായി. പാലത്തിന്‍റെ അടിയന്തിര ആവശ്യകത എംഎൽഎ അറിയിച്ചതിനേ തുടർന്ന് പ്രത്യേക അനുമതി നൽകിയാണ് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ പ്രത്യേകഅനുമതി നൽകിയത്. പുതിയ പാലത്തിനായി 2.65 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ബ്ലോക്കു പടി - കോഴഞ്ചേരി റോഡിലെ പുതമണ്ണിൽ പെരുന്തോടിന് കുറുകെ ഉണ്ടായിരുന്നു പാലത്തിന് കാലപ്പഴക്കം വന്നതിനേ തുടർന്ന് ബീം ഒടിഞ്ഞു. തുടർന്ന് ഇരുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇപ്പോൾ റാന്നിയിൽ നിന്നും കോഴഞ്ചേരിക്ക് പോകുന്ന വാഹനങ്ങൾ അന്ത്യാളൻകാവ് വഴിയും പേരൂച്ചാൽ പാലം വഴിയും ആണ് പോകുന്നത്.
പാതയുടെ പ്രാധാന്യം കണക്കിലെടുത്ത് പുതിയ പാലം നിർമ്മിക്കുവാൻ കാലതാമസം എടുക്കുന്നതിനാൽ താൽക്കാലിക പാത നിർമ്മിക്കുവാൻ 30.5 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.
പഴയ പാലത്തിന് തൊട്ടു മുകളിലായി താത്ക്കാലികമായി വിട്ടു ലഭിച്ച സ്ഥലത്താണ് ഇതിൻറെ നിർമ്മാണം നടപടികൾ നടന്നു വരുന്നത്. തോട്ടിൽ റിംഗുകൾ സ്ഥാപിച്ച് അപ്രോച്ച് റോഡ് മണ്ണിട്ട് നികത്തിയാണ് താത്ക്കാലിക പാത നിർമ്മിക്കുക.
പുതമണ്ണിൽ പുതിയ പാലം നിർമ്മിക്കുനതിനായുള്ള ഡിസൈനും എസ്റ്റിമേറ്റും പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം നേരത്തേ തയ്യാറാക്കി സർക്കാർ അനുമതിക്ക് സമർപ്പിച്ചിരുന്നു.