തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ ഒരു പ്രസക്തിയുമില്ലെന്ന് മന്ത്രി ആന്റണി രാജു. ഇത് മാധ്യമ സൃഷ്ടി മാത്രമല്ലെന്നും പിന്നില്‍ മറ്റു ചില കേന്ദ്രങ്ങള്‍ കൂടിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുമുന്നണിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. ബുധനാഴ്ച ചേരുന്ന ഇടതു മുന്നണി യോഗം പുനഃസംഘടന ചര്‍ച്ച ചെയ്യുമെന്ന് കരുതുന്നില്ല.
ഇനിയും രണ്ടു മാസത്തെ സമയമുണ്ട്. കരുത്തുറ്റ മുന്നണിയാണ് എല്‍ഡിഎഫ്. സമയാ സമയങ്ങളില്‍ വേണ്ട തീരുമാനം മുന്നണി കൈക്കൊള്ളുമെന്നും മന്ത്രി പ്രതികരിച്ചു.
'ഞാന്‍ മന്ത്രിയാകാന്‍ ആഗ്രഹിച്ച ഒരാളല്ലെന്ന് തുടക്കത്തിലേ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മന്ത്രി സ്ഥാനം ആര്‍ക്കും സ്ഥിരമുള്ളതല്ല. അത് വരും പോകും.
മന്ത്രിയായി ഇരിക്കുന്ന കാലത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ജനാഭിലാഷം മാനിച്ച് പരമാവധി നന്നായി പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനം', മന്ത്രി വ്യക്തമാക്കി. താന്‍ മന്ത്രിയായത് ലാറ്റിന്‍ കത്തോലിക് അസോസിയേഷന്റെ തീരുമാന പ്രകാരമല്ല. താന്‍ ഒരു സമുദായത്തിന്റെ മന്ത്രിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കെല്‍സിഎയുടെ തണലില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ആളല്ല താന്‍. കെല്‍സിഎ കോണ്‍ഗ്രസ് അനുകൂല സംഘടനയാണ്. കോണ്‍ഗ്രസ് നേതാക്കളാണ് സംഘടനയുടെ ഭാരവാഹികള്‍. കെ ബി ഗണേഷ് കുമാറിനെതിരായ ആരോപണങ്ങള്‍ വിലയിരുത്തേണ്ടത് ഇടതു മുന്നണിയാണെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.