/sathyam/media/media_files/QYBbxAWTOZgebjShnQxi.jpg)
തിരുവനന്തപുരം; വന്ദേഭാരത് വന്നതോടു കൂടി കേരളത്തിലെ ആളുകള്‍ സെമി ഹൈസ്പീഡ് ട്രെയിനും ഹൈസ്പീഡ് ട്രെയിനും വേണമെന്ന് ചിന്തിക്കാന്‍ തുടങ്ങിയതായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. മുന്‍പ് കെ റെയിലിന്റെ സര്‍വേക്കല്ലും പിരിച്ചുനടന്നവര്‍ ആ കല്ലുമായി ഇപ്പോള്‍ വന്ദേഭാരതില്‍ കയറുകയാണെന്ന് ജയരാജന്‍ പരിഹസിച്ചു.
വന്ദേഭാരത് വന്നതോടുകൂടി യാത്രാസൗകര്യം കാര്യമായി വര്‍ധിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്തുനിന്ന് 5.20ന് ട്രെയിനില്‍ കയറിയാല്‍ 12 മണിക്ക് കണ്ണൂരെത്തും. കണ്ണൂരുനിന്ന് 3.30ന് കയറിയാല്‍ 10 മണിക്ക് തിരിച്ചെത്തും. ഇതിനും അപ്പുറത്തുള്ള സൗകര്യങ്ങള്‍ കേരളത്തില്‍ കൊണ്ടുവരാനാണ് ഇടതു സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ജയരാജന്‍ വ്യക്തമാക്കി. ഇന്‍ഡിഗോ കമ്പനി തെറ്റുതിരുത്താതെ അവരുടെ വിമാനത്തില്‍ കയറില്ലെന്ന മുന്‍നിലപാടും ജയരാജന്‍ ആവര്‍ത്തിച്ചു.
''ഇപ്പോള്‍ വന്ദേഭാരതില്‍ ധാരാളം യാത്രക്കാരുണ്ട്. സെമി ഹൈസ്പീഡ് റെയില്‍വേ വേണമെന്ന് ഇപ്പോഴാണ് ആളുകള്‍ പറയുന്നത്. ഈ സര്‍വേക്കല്ലും പിരിച്ചു നടന്നവര്‍ ഇപ്പോള്‍ സര്‍വേക്കല്ലുമായി വന്ദേഭാരതില്‍ കയറാന്‍ തുടങ്ങി. ഇവിടെനിന്ന് രാവിലെ 5.20ന് കയറിയാല്‍ 12 മണിക്ക് കണ്ണൂരെത്തും.
മൂന്നരയ്ക്ക് കണ്ണൂരുനിന്ന് കയറിയാല്‍ 10 മണിക്ക് തിരുവനന്തപുരത്തെത്തും. ഇവിടെനിന്ന് രാവിലെ കയറിയാല്‍ ഒരു മണിക്കൂര്‍കൊണ്ട് കോട്ടയത്തെത്തും. ഒരു മണിക്കൂര്‍കൊണ്ട് എറണാകുളത്തുമെത്തും. 11 മണിക്ക് കോഴിക്കോടെത്തും. വന്ദേഭാരത് വന്നതോടു കൂടി എത്രമാത്രം ആളുകള്‍ക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാം. ഇപ്പോള്‍ വന്ദേഭാരതില്‍ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്.
കുറേക്കൂടി വേഗതയുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നല്ലതായിരുന്നുവെന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നുണ്ട്. കേരളത്തിന്റെ ഭാവി പരിഗണിച്ചാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഓരോ പദ്ധതിയും ആവിഷ്‌കരിക്കുന്നത്. ഞങ്ങള്‍ക്ക് വാശിയൊന്നുമല്ല. കേരളത്തിലെ ജനങ്ങള്‍ക്ക് ഭാവിയില്‍ വരാന്‍ പോകുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് വികസനം വരണ്ടേ?
അതിന് അനുസൃതമായ കാഴ്ചപ്പാട് ഉണ്ടാകേണ്ടേ? 25 വര്‍ഷമെങ്കിലും മുന്നോട്ടു നോക്കി വേണ്ടേ നാം കാര്യങ്ങള്‍ ചെയ്യാന്‍? അല്ലെങ്കില്‍ കേരളം എങ്ങനെ മുന്നോട്ടു പോകും? അതാണ് ഞങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന വിഷയം. ലോകത്തിലാകെ സാങ്കേതികവിദ്യ പുതിയ കാര്യങ്ങള്‍ കണ്ടുപിടിക്കുകയാണ്. അത് ഇവിടെ നമ്മുടെ വളര്‍ച്ചയ്ക്കു കൂടി ഉപയോഗിക്കേണ്ടേ? അതാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്.
എനിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ വിഷയത്തില്‍ പിശക് പറ്റിയതാണെന്ന് ഇന്‍ഡിഗോയുടെ ജനറല്‍ മാനേജര്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ അക്കാര്യം എഴുതിത്തന്നാല്‍ വീണ്ടും യാത്ര ചെയ്യുന്ന കാര്യം ആലോചിക്കാമെന്ന് ഞാന്‍ മറുപടി നല്‍കിയിരുന്നു. അവര്‍ ഇതുവരെ എഴുതിത്തന്നില്ല, അതുകൊണ്ട് ഞാന്‍ ആ വിമാനത്തില്‍ യാത്ര ചെയ്യുന്നില്ല.
ഈ സംഭവം നടന്നതിന്റെ തൊട്ടുപിന്നാലെ, സംഭവിച്ച കാര്യങ്ങളില്‍ ഖേദമുണ്ടെന്ന് ഇന്‍ഡിഗോയുടെ ബോംബെയിലെ ഒരു മാനേജര്‍ എന്നോടു പറഞ്ഞിരുന്നു. ഉന്നത അധികാരികള്‍ എന്നെ വിളിച്ചപ്പോഴും ചെയ്തതു തെറ്റാണെന്നു ഞാന്‍ അവരോടും ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ ഒരു തിരുത്തല്‍ നടപടി വേണ്ടേ? എന്തായാലും അതുകഴിഞ്ഞ് ഇതുവരെ ഞാന്‍ ഇന്‍ഡിഗോയില്‍ കയറിയിട്ടില്ല. കഴിഞ്ഞ ദിവസം ഡല്‍ഹിക്കു പോയത് വിസ്താരയിലാണ്. തിരിച്ചുവന്നത് എയര്‍ ഇന്ത്യയിലും.
നമ്മുടെ നാട് വന്ദേഭാരതില്‍ത്തന്നെ നിന്നാല്‍പ്പോരാ. അതിനും അപ്പുറം കടക്കണമെന്നാണ് ഇടതുമുന്നണി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ആ മനസ്സാണ് ഞങ്ങള്‍ക്കുള്ളത്. കേരളത്തിന്റെ മൊത്തം ആവശ്യം മനസ്സിലാക്കി അതിനായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതിനുള്ള അംഗീകാരമാണ് ഞങ്ങള്‍ ജനങ്ങളോട് ചോദിക്കുന്നത്'' ജയരാജന്‍ പറഞ്ഞു.