Advertisment

അനുസരിക്കാത്ത ഐ.എ.എസുകാരെ സ്ഥലംമാറ്റത്തിലൂടെ മെരുക്കുന്ന സർക്കാരിന്റെ വജ്രായുധം ഇനി ഏശില്ല. സിവിൽ സർവീസ് ബോർഡിന്റെ ശുപാർശിയില്ലാതെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമനമോ സ്ഥലം മാറ്റമോ നടപ്പില്ല. തോന്നിയപോലെ സർക്കാർ സ്ഥലം മാറ്റുന്നതും ഐ.എ.എസ് കേഡറിലുള്ള തസ്തികകളിൽ മറ്റുള്ളവരെ നിയമിക്കുന്നതും കോടതിയിൽ എതിർത്തത് ഐ.എ.എസ് അസോസിയേഷൻ. എല്ലാറ്റിനും ചുക്കാൻ പിടിച്ച് ഡോ.ബി അശോക് ഐ.എ.എസ്

New Update
ashok
Advertisment
തിരുവനന്തപുരം: സർക്കാരിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാത്ത ഐ.എ.എസുകാരെ സ്ഥലംമാറ്റി മെരുക്കുന്ന വജ്രായുധം ഇനി പ്രയോഗിക്കാനാവില്ല. സിവിൽ സർവീസ് ബോർഡിന്റെ ശുപാർശിയില്ലാതെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമനമോ സ്ഥലം മാറ്റമോ പാടില്ലെന്ന് സംസ്ഥാന സർക്കാരിന് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് നൽകിയതോടെയാണിത്.
തോന്നിയപോലുള്ള സ്ഥലംമാറ്റത്തിനും ഐ.എ.എസ് കേഡറിലുള്ള തസ്തികകളിൽ മറ്റുള്ളവരെ നിയമിക്കുന്നതിനുമെതിരേ ഐ.എ.എസ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകാണ് എല്ലാറ്റിനും ചുക്കാൻ പിടിച്ചത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോഡി ശിവഗിരിയിൽ വരുന്നതിനെ അനുകൂലിച്ച് ലേഖനമെഴുതിയതിന് വർഷങ്ങളോളം സ്ഥാനക്കയറ്റം തടയപ്പെട്ട ഉദ്യോഗസ്ഥനാണ് ഡോ.അശോക്. ഐ.എ.എസ് ഉദ്യോഗസ്ഥനെ ഒരു തസ്തികയിൽ കുറഞ്ഞതു രണ്ടു വർഷമെങ്കിൽ തുടരാൻ അനുവദിക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സ്ഥലം മാറ്റം, നിയമനങ്ങൾ തുടങ്ങിയവയ്ക്ക് സംസ്ഥാനത്തെ സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയും വേണം.
അടുത്തിടെ ഇവയൊന്നും പാലിക്കപ്പെടുന്നില്ല. 2016 മുതൽ 2019 വരെയുള്ള കാലയളവിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന്റെ കണക്കുകൾ അസോസിയേഷൻ ഇതിനുള്ള തെളിവായി ഹാജരാക്കുന്നു. സംസ്ഥാനത്തെ 126 ഐ.എ.എസ് ഉദ്യോഗസ്ഥരിൽ 12 പേർ മാത്രമാണ് ഒരു പദവിയിൽ കുറഞ്ഞതു രണ്ടുവർഷമെങ്കിലും പൂർത്തിയാക്കിയത്. രണ്ടുപേർ മൂന്നു വർഷത്തിലേറെ ഒരു പദവിയിൽ ഇരുന്നു.
അതിലൊരാൾ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ്. 2021 ജൂലായ് ഏഴിന് സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയില്ലാതെ 20 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. 2022 ജൂണിൽ രണ്ടു പേരെയും 2023 മേയ് 22 ന് ആറുപേരെയും സ്ഥലം മാറ്റി. ഇങ്ങനെ വ്യവസ്ഥകൾ പാലിക്കാതെയുള്ള സ്ഥലം മാറ്റത്തെക്കുറിച്ച് മുഖ്യമന്ത്രിക്കു കത്തു നൽകിയിട്ടും നടപടിയുണ്ടാകാതിരുന്നതോടെയാണ് കഴിഞ്ഞ ജൂണിൽ അസോസിയേഷൻ യോഗം ചേർന്ന് സി.എ.ടിയെ സമീപിക്കാൻ തീരുമാനിച്ചത്.
ലൈഫ് മിഷന്‍ അഴിമതി; അഞ്ച് മാസമായി ജയിലില്‍, ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
എക്സൈസ് കമ്മിഷണർ, കില ഡയറക്ടർ തുടങ്ങിയ തസ്തികകളിൽ ഐ.എ.എസുകാരെ ഒഴിവാക്കി മറ്റുള്ളവരെ നിയമിക്കുന്നതും അസോസിയേഷൻ ചോദ്യം ചെയ്യുന്നു. ഐ.എം.ജി ഡയറക്ടർ ജനറൽ തസ്തികയിൽ റിട്ട. ഐ.എ.എസുകാരെ നിയമിക്കുന്നതും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. ഇങ്ങനെ നിയമിക്കപ്പെട്ട മുൻ ചീഫ്സെക്രട്ടറി അടക്കമുള്ളവർ പുറത്താകാനാണ് വഴിതെളിയിരുന്നത്.
സർവീസ് ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കാതെ ഐ.എ.എസ് ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നതിൽ മനം മടുത്താണ് അസോസിയേഷൻ സർക്കാരിനെതിരെ നിയമപോരാട്ടം നടത്തിയത്. ഐ.എ.എസ് ഉദ്യോഗസ്ഥരെ തന്നിഷ്ടപ്രകാരം സർക്കാർ സ്ഥലം മാറ്റുന്നതും ഐ.എ.എസ് കേഡറിലുള്ള തസ്തികകളിൽ മറ്റുള്ളവരെ നിയമിക്കുന്നതും ചോദ്യം ചെയ്ത് കഴിഞ്ഞ ആഗസ്റ്റിലാണ് അസോസിയേഷൻ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹർജി നൽകിയത്.
ഐ.എ.എസ് സർവീസ് ചട്ടപ്രകാരം സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലം മാറ്റം തുടങ്ങിയവയ്ക്ക് സംസ്ഥാനതലത്തിൽ രൂപം നൽകിയ സിവിൽ സർവീസ് ബോർഡ് യോഗം ചേർന്ന് സർക്കാരിന് ശുപാർശ നൽകണം. പ്രൊമോഷൻ, റിട്ടയർമെന്റ്, രണ്ടുമാസത്തിൽ കുറയാത്ത ഡെപ്യൂട്ടേഷൻ തുടങ്ങിയ സാഹചര്യങ്ങളിൽ ഒഴികെ ഉദ്യോഗസ്ഥരെ ഒരു തസ്തികയിൽ കുറഞ്ഞതു രണ്ടു വർഷം തുടരാൻ അനുവദിക്കണമെന്നും ചട്ടം പറയുന്നു.
സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനും നിയമനത്തിനും ഇതു പാലിക്കുന്നില്ലെന്നാണ് അസോസിയേഷന്റെ പരാതി. ചീഫ് സെക്രട്ടറി ചെയർമാനായി സിവിൽ സർവീസ് ബോർഡ് നിലവിലുണ്ട്. 2014 ലും 2015 ലുമായി ബോർഡ് യോഗം ചേർന്നു നൽകിയ ചില ശുപാർശകളിൽ ഉത്തരവുണ്ടായി.
എന്നാൽ സർക്കാർ മന:പൂർവം ബോർഡ് യോഗം ചേരുന്നത് ഒഴിവാക്കിയെന്നും ഇതു സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും ഹർജിക്കാർ ആരോപിച്ചു.ഉദ്യോഗസ്ഥരെ രണ്ടു വർഷം ഒരു തസ്തികയിൽ തുടരാൻ അനുവദിക്കണമെന്ന വ്യവസ്ഥ പാലിക്കുന്നില്ല. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ തസ്തികയിൽ ആറു മാസത്തിനിടെ ഏഴ് ഉദ്യോഗസ്ഥരെ മാറി മാറി നിയമിച്ചതും ചൂണ്ടിക്കാട്ടി.
ashok
ജില്ലാ കളക്ടർ, വകുപ്പു സെക്രട്ടറിമാർ തുടങ്ങിയ തസ്തികകളിലൊക്കെ ഒരു വർഷത്തിൽ താഴെ മാത്രം പ്രവർത്തിക്കാൻ അനുവദിച്ച സാഹചര്യങ്ങളും വിശദീകരിച്ചു. ഈ ഉത്തരവുകളുടെ പകർപ്പും ഹാജരാക്കി. സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയില്ലാതെ ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുതെന്ന ആവശ്യമാണ് ഇടക്കാല ആവശ്യമായി ഉന്നയിച്ചത്. എന്നാൽ സർക്കാർ ഈ വാദങ്ങളെ എതിർത്തു.
ഹർജി നൽകാൻ അസോസിയേഷൻ നേതാക്കളെ ഉദ്യോഗസ്ഥർ ചുമതലപ്പെടുത്തിയ രേഖ സമർപ്പിച്ചിട്ടില്ലെന്നു സർക്കാർ വാദിച്ചു. ഹർജിക്കാരുടെ വ്യക്തിഗത ആവശ്യങ്ങൾക്കല്ല ഹർജിയെന്നതിനാൽ ഇതു നിലനിൽക്കില്ലെന്നും സർവീസ് ചട്ടത്തിൽ 2014 ൽ കൊണ്ടുവന്ന ഭേദഗതിയനുസരിച്ച് സിവിൽ സർവീസ് ബോർഡിന്റെ ശുപാർശ സ്ഥലം മാറ്റങ്ങൾക്കും നിയമനങ്ങൾക്കും നിർബന്ധമില്ലെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു.
എന്നാൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങൾക്കും സ്ഥലം മാറ്റത്തിനും സിവിൽ സർവീസ് ബോർഡിന്റെ ശുപാർശ വേണമെന്ന് ടി.എസ്.ആർ സുബ്രഹ്മണ്യൻ കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് സി.എ.ടി വിലയിരുത്തി
Advertisment