Advertisment

ഞാന്‍ രണ്ടു കാര്യങ്ങള്‍ പറയുന്നു; 'ഒന്ന് മുഖം കൂടുതല്‍ വികൃതമാകും. രണ്ട്, തൊഴുത്തു മാറ്റിക്കെട്ടിയതുകൊണ്ട് മച്ചിപ്പശു പ്രസവിക്കാന്‍ പോകുന്നില്ല': ഇടതുമുന്നണി മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പരിഹാസവുമായി കെ.മുരളീധരന്‍

MURALIDHARAN

കൊച്ചി: ഇടതുമുന്നണി മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി.

Advertisment

തൊഴുത്തു മാറ്റിക്കെട്ടിയതുകൊണ്ട് മച്ചിപ്പശു പ്രസവിക്കില്ലെന്ന് മുരളീധരന്‍ പരിഹസിച്ചു. മന്ത്രിമാരെ മാറ്റുന്ന കാര്യത്തില്‍ മുന്നണി തീരുമാനമെടുക്കട്ടെ. 

പക്ഷേ, സ്പീക്കറെ ഇടയ്ക്കിടെ മാറ്റുന്ന രീതിയോടു യോജിക്കാനാകില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. മുന്‍പ് യുഡിഎഫ് ഭരണത്തിലിരുന്നപ്പോഴും ഇതു സംഭവിച്ചിട്ടുണ്ട്. എംഎല്‍എമാര്‍ വോട്ടു ചെയ്ത് തിരഞ്ഞെടുക്കുന്ന സ്പീക്കറെ ഇടയ്ക്കിടെ മാറ്റുന്നതു ശരിയല്ല. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കിലും രണ്ടാം പിണറായി സര്‍ക്കാരില്‍ മൂന്നാമത്തെ സ്പീക്കറെയാണ് തിരഞ്ഞെടുക്കാന്‍ പോകുന്നതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

''ഇത് മുന്‍പും ഒന്നുരണ്ട് തവണ ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ കാലത്തും സംഭവിച്ചിട്ടുണ്ട്. പക്ഷേ, ആ രീതിയോടു യോജിക്കുന്ന ഒരാളല്ല ഞാന്‍. അന്നും ഞാന്‍ എന്റെ വിയോജിപ്പ് പറഞ്ഞിട്ടുണ്ട്. ഈ പറയുന്നതുപോലെ സ്പീക്കറെ മാറ്റുമെങ്കില്‍, മൂന്നാമത്തെ സ്പീക്കറെയാണ് തിരഞ്ഞെടുക്കാന്‍ പോകുന്നത്. ഇതു മന്ത്രിസഭ പോലെയല്ല. എംഎല്‍എമാര്‍ വോട്ടു ചെയ്താണ് സ്പീക്കറെ തിരഞ്ഞെടുക്കുന്നത്.

മുന്‍പ് വി.എസ്. അച്യുതാനന്ദന്‍ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സ്പീക്കറായിരുന്ന കാര്‍ത്തികേയനെ കെപിസിസി പ്രസിഡന്റാക്കാന്‍ നോക്കിയപ്പോഴായിരുന്നു അത്. സ്പീക്കര്‍ എന്നത് നിഷ്പക്ഷമായിട്ടുള്ള ഒരു പദവിയാണ്. അതിനെ ഇത്തരത്തില്‍ രാഷ്ട്രീയമാക്കി മാറ്റുന്നതു ശരിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

എനിക്കും അതു തന്നെയാണ് പറയാനുള്ളത്. ബാക്കി കാര്യങ്ങള്‍ അവര്‍ തീരുമാനിച്ചോട്ടെ. മാറ്റുകയോ മാറ്റാതിരിക്കുകയോ ചെയ്യുന്നത് അവരുടെ കാര്യം. പക്ഷേ, ഞാന്‍ രണ്ടു കാര്യങ്ങള്‍ പറയുന്നു. ഒന്ന് മുഖം കൂടുതല്‍ വികൃതമാകും. രണ്ട്, തൊഴുത്തു മാറ്റിക്കെട്ടിയതുകൊണ്ട് മച്ചിപ്പശു പ്രസവിക്കാന്‍ പോകുന്നില്ല''  മുരളീധരന്‍ പറഞ്ഞു.

കെ.ബി.ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന് മുരളീധരന്റെ മറുപടി ഇങ്ങനെ: ''അല്ലെങ്കില്‍ത്തന്നെ ഇപ്പോഴത്തെ മന്ത്രിസഭയില്‍ ഉള്ളവര്‍ ആരൊക്കെയാണ്? നിയമസഭയിലെ ഉപകരണങ്ങള്‍ തല്ലിപ്പൊളിച്ചവര്‍, പല കേസുകളിലും പ്രതികളായിട്ടുള്ളവര്‍. അതിന്റെ കൂട്ടത്തില്‍ ഒരാളു കൂടി. അത്രേയുള്ളൂ വ്യത്യാസം.

സോളര്‍ ഗൂഢാലോചനക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് ഒട്ടും ഭയമില്ല. അതെല്ലാം അന്വേഷിക്കണം എന്നു തന്നെയാണ് നിലപാട്. എന്തായാലും പിണറായി അന്വേഷിക്കേണ്ട. മറ്റു മാര്‍ഗങ്ങളെക്കുറിച്ചാണ് ഞങ്ങള്‍ ആലോചിക്കുന്നത്. അതാണ് നിയമോപദേശം തേടുന്നുവെന്നു പറയാന്‍ കാരണം. ഏത് അന്വേഷണവും ഞങ്ങള്‍ സ്വാഗതം ചെയ്യും. ആരു ഗൂഢാലോചന നടത്തിയാലും അവര്‍ ശിക്ഷിക്കപ്പെടണം. അതാണ് പാര്‍ട്ടി നയം. അതാണ് യുഡിഎഫിന്റയും നയം. ഞങ്ങള്‍ അന്വേഷണത്തെ ഒട്ടും ഭയപ്പെടുന്നില്ല

വിവാദ ദല്ലാള്‍ പറയുന്നതിനെ ഞങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. അദ്ദേഹം മനഃപൂര്‍വം വഴിതിരിച്ചുവിടാന്‍ ഇറങ്ങിയതാണ്. എല്‍ഡിഎഫിന്റെ ഒരു ഏജന്റായാണ് ദല്ലാള്‍ നന്ദകുമാര്‍ ഈ പ്രസ്താവനകളെല്ലാം നടത്തിയത്. അതിനെ ഒരു ശതമാനം പോലും ഞങ്ങള്‍ അംഗീകരിക്കുന്നില്ല. പന്ത് ഞങ്ങളുടെ കോര്‍ട്ടിലേക്ക് അടിക്കാനാണ് ഓരോന്നു പറയുന്നത്. അത് വേണ്ട. അങ്ങനെ കൂട്ടത്തിലുള്ള ആരെയും ഞങ്ങള്‍ക്ക് യാതൊരു സംശയവുമില്ല.

ഈ സംഭവത്തില്‍ ഒന്നാം പ്രതി ഗണേഷ് കുമാറും രണ്ടാം പ്രതി പിണറായി വിജയനുമാണ്. അതാണ് ഞങ്ങളുടെ നിലപാട്. അതില്‍ മാറ്റമില്ല. ഗണേഷ് കുമാറിനെ ഇനി മുന്നണിയില്‍ എടുക്കില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. മുന്നണിയില്‍നിന്ന് വിശ്വാസവഞ്ചന കാട്ടിയ വ്യക്തിയെ മുന്നണിക്ക് ഇനി വേണ്ട. അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല''  മുരളീധരന്‍ പറഞ്ഞു.

Advertisment