/sathyam/media/media_files/VQopQYYuA2AfUYBz3Def.jpg)
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ 101കോടിയുടെ തട്ടിപ്പിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ വേണ്ട തെളിവുകൾ പരമാവധി ശേഖരിക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബാങ്കിന്റെ ശാഖകളിലും ജീവനക്കാരുടെ വീടുകളിലുമടക്കം 40 മണിക്കൂർ നീണ്ട മാരത്തോൺ റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ കൊച്ചിയിലെത്തിച്ച് സൂക്ഷ്മ പരിശോധന നടത്തുന്നു.
മുംബൈയിൽ നിന്നെത്തിയ ഇ.ഡി ഉദ്യോഗസ്ഥർ കൂടി രേഖകളുടെ പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. 30 വർഷം ബാങ്ക് പ്രസിഡന്റായിരുന്ന എൻ.ഭാസുരാംഗനും മകൻ അഖിൽ ജിത്തിനുമടക്കം കുരുക്ക് മുറുകുകയാണെന്ന് ഇ.ഡി പറയുന്നു.
ഇ.ഡിയുടെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കിംസ് ആശുപത്രിയിലായിരുന്ന ഭാസുരാംഗനെ വെള്ളിയാഴ്ച വൈകിട്ടോടെ ഡിസ്ചാർജ്ജ് ചെയ്തു. അതിനു ശേഷം ആശുപത്രിയിൽ വച്ച് ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.
ഇരുവരുടെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകൾ മരവിപ്പിച്ച ഇ.ഡി, അഖിൽജിത്തിന്റെ ആഡംബര കാറും ഇരുവരുടെയും നാല് ഫോണുകളും പിടിച്ചെടുത്തു. വാട്സ്ആപ്പിലെ മായ്ചുകളഞ്ഞ ചാറ്റുകളും വിവരങ്ങളും വീണ്ടെടുക്കാൻ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കയച്ചു.
40മണിക്കൂർ നീണ്ട റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ സൂക്ഷ്മപരിശോധന നടത്തി തെളിവു ശേഖരിക്കുകയാണ് ഇ.ഡി. ബാങ്ക് ശാഖകളിലെ പരിശോധന പൂർത്തിയാക്കിയ ഇ.ഡി, വലിയ നിക്ഷേപമുള്ളവർക്ക് പണത്തിന്റെ ഉറവിടം അറിയിക്കാനുള്ള നോട്ടീസ് നൽകും. വഴിവിട്ട് വായ്പകൾ നേടിയെടുത്തവർക്കും നോട്ടീസയയ്ക്കും.
വായ്പാ ഇടപാടുകളുടെ മറവിൽ കള്ളപ്പണ, ബിനാമി ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നാണ് ഇ.ഡി പരിശോധിക്കുന്നത്. ബാങ്കിലെ നിക്ഷേപങ്ങൾ, വായ്പകൾ, ഇവയ്ക്കുള്ള ഈടുകൾ തുടങ്ങിയവയുടെ രേഖകൾ ഇ.ഡി പിടിച്ചെടുത്തിട്ടുണ്ട്. നിരവധി രേഖകൾ മാറ്റിയതായും ഇ.ഡി സംശയിക്കുന്നു.
അഖിൽജിത്തിന്റെ പണ ഇടപാടുകളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. അഖിൽ നാട്ടിൽ സൂപ്പർ മാർക്കറ്റ് നടത്തിയിരുന്നെങ്കിലും പിന്നീട് പൂട്ടി. പൂജപ്പുരയിൽ റസ്റ്റോറന്റും നടത്തിയിരുന്നു. കുടുംബം നടത്തിയ ഭൂമി ഇടപാടുകളെ സംബന്ധിച്ചും ഇ.ഡി അന്വേഷിക്കുന്നുണ്ട്. പാർട്ടി നേതാക്കളുടെ ബിനാമി നിക്ഷേപങ്ങൾ ബാങ്കിലുണ്ടായിരുന്നതായി ഇ.ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്.
കോടികളുടെ അഴിമതിയും ധൂർത്തും ക്രമക്കേടും നടന്ന കണ്ടല ബാങ്കിലെ പ്രസിഡന്റും സി.പി.ഐ മുൻ നേതാവുമായ എൻ.ഭാസുരാംഗനും കുടുംബവും നയിച്ചിരുന്ന ആർഭാട ജീവിതമാണ് ബാങ്കിനുണ്ടായ പ്രതിസന്ധിക്ക് കാരണമെന്ന് പണം നഷ്ടപ്പെട്ട നിക്ഷേപകർ പറയുന്നു. മാറനല്ലൂർ ജംഗ്ഷനടുത്ത് റോഡിനോട് ചേർന്ന് ഭാസുരാംഗന് ഒരു കൂറ്റൻ വീട്, ബെൻസ് കാർ, രണ്ട് ഹോട്ടലുകളും ഒരു സൂപ്പർമാർക്കറ്റുമടക്കം സമ്പാദ്യം. മകന്റെയും ഭാര്യയുടെയും മകളുടെയും ബന്ധുക്കളുടെയും പേരിലെടുത്ത കോടിക്കണക്കിന് രൂപയാണ് കണ്ടല ബാങ്കിന് ഭാസുരാംഗൻ തിരിച്ചടക്കാനുള്ളത് .
സാധാരണ കുടുംബത്തിൽ ജനിച്ച ഭാസുരാംഗൻ എൽ.ഐ.സി ഏജന്റായി ജോലിചെയ്യുന്നതിനിടെയാണ് കോൺഗ്രസ് നേതാവായത്. പിന്നീട് കണ്ടല ബാങ്കിന്റെ ഭരണസമിതി അംഗവും പ്രസിഡന്റുമായി. എന്നാൽ കോൺഗ്രസ് നേതൃത്വവുമായി പിണങ്ങി ഒരു സംഘം അണികളുമായി സി.പി.ഐയിലേക്ക് ചേക്കേറി.
പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരണത്തിലായിരുന്ന ബാങ്ക് തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐ ഭാസുരാംഗന്റെ നേതൃത്വത്തിൽ ഭരണം പിടിച്ചു. ഇതോടെ പാർട്ടിയിൽ വലിയ സ്ഥാനം ഭാസുരാംഗന് ലഭിച്ചു.
തുടർന്ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി.പി.ഐ ടിക്കറ്റിൽ മത്സരിച്ച് ജയിച്ച് രണ്ടരവർഷം പഞ്ചായത്ത് പ്രസിഡന്റുമായി . മാറനെല്ലൂർ ജംഗ്ഷനിൽ ഭാസുരാംഗന്റെ മകന് കഫേ ഷോപ്പും ഒരു സൂപ്പർ മാർക്കറ്റുമുണ്ടായിരുന്നു. പിന്നീട് പൂജപ്പുര പരീക്ഷ ഭവന് മുന്നിൽ മറ്റൊരു കഫേ ഷോപ്പു തുടങ്ങി. അടുത്തിടെ മറ്റൊരു വീടും വാങ്ങി.
കണ്ടല സർവീസ് സഹകരണ ബാങ്കിൽ പ്രസിഡന്റ് എൻ.ഭാസുരാംഗന്റെ നേതൃത്വത്തിൽ നടന്ന കോടികളുടെ വെട്ടിപ്പ് പുറത്തുവന്നതിന് പിന്നിൽ സി.പി.ഐ കാട്ടാക്കട മണ്ഡലം കമ്മിറ്റിയിലെ ചേരിപ്പോരെന്നാണ് സംസാരം.
മണ്ഡലത്തിലെ പ്രബലനായ നേതാവും ബാങ്ക് പ്രസിഡന്റ് ഭാസുരാംഗനുമായി ഉണ്ടായ ശത്രുതയാണ് സഹകരണ വകുപ്പിന്റെ അന്വേഷണത്തിലേക്ക് നയിച്ചത്.
ഇതോടെ ബാങ്കിൽ നടന്ന ക്രമേക്കേടുകൾ ഒന്നൊന്നായി പുറത്തുവരികയായിരുന്നു. എന്നാൽ അപ്പോഴൊന്നും അതിനെ ഗൗരവമായി എടുക്കാൻ പാർട്ടി നേതൃത്വം തയ്യാറായിരുന്നില്ല. ഇ.ഡി പിടിമുറിക്കിയപ്പോഴാണ് ഭാസുരാംഗനെ പുറത്താക്കിയത്.