തിരുവനന്തപുരം: യുദ്ധവും ആക്രമണങ്ങളും കാരണം വിദേശ വിനോദ സഞ്ചാരികൾ വൻതോതിൽ കുറഞ്ഞിട്ടും ആഭ്യന്തര സഞ്ചാരികളുടെ ബലത്തിൽ കേരളാ ടൂറിസം കുതിക്കുന്നു. ഇക്കൊല്ലം ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ സർവകാല റിക്കോർഡാണ്. ടൂറിസം വകുപ്പിന്റെ കണക്കുപ്രകാരം ജനുവരി മുതൽ സെപ്തംബർ വരെ 1.59 കോടി ആഭ്യന്തര സഞ്ചാരികളാണ് എത്തിയത്.
ഇതോടെ ആഭ്യന്തര സഞ്ചാരികളിലൂടെയുള്ള വരുമാനം 35,000 കോടി രൂപയായി ഉയർന്നു. ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കൂടുതൽ പദ്ധതികളൊരുക്കി ടൂറിസം മേഖലയെ പിടിച്ചുനിർത്താനുള്ള പദ്ധതികൾ സർക്കാർ തയ്യാറാക്കുകയാണ്. ഇത്തവണ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 19.34 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്.
25.88 ലക്ഷം സന്ദർശകരാണ് ഇക്കുറി വർദ്ധിച്ചത്. കഴിഞ്ഞവർഷം സമാന കാലയളവിൽ 1.33 കോടി ആഭ്യന്തര സഞ്ചാരികളാണ് എത്തിയത്. ഇത്തവണ ആഭ്യന്തര സഞ്ചാരികൾ ഏറ്റവുമധികമെത്തിയത് എറണാകുളത്താണ് (33.18 ലക്ഷം), ഇടുക്കി (26.61 ലക്ഷം), തിരുവനന്തപുരം (25.61 ലക്ഷം), തൃശൂർ (18.22 ലക്ഷം), വയനാട് (12.87 ലക്ഷം) എന്നിവയാണ് സഞ്ചാരികളുടെ വരവിൽ മുൻപന്തിയിലുള്ള മറ്റു ജില്ലകൾ.
ഇക്കൊല്ലം വിദേശ സഞ്ചാരികളുടെ വരവിലും കേരളം വർദ്ധന രേഖപ്പെടുത്തി. 4.47 ലക്ഷം വിദേശ സഞ്ചാരികളാണ് ആദ്യത്തെ ഒമ്പതുമാസത്തിൽ സംസ്ഥാനത്ത് എത്തിയത്. ഇത്തവണ 116.25 ശതമാനം വർദ്ധനയാണ് ഉണ്ടായത്. കഴിഞ്ഞവർഷം 2.06 ലക്ഷം വിദേശ സഞ്ചാരികളാണ് സംസ്ഥാനത്ത് എത്തിയത്.
/sathyam/media/media_files/Q4jdDM82zJ7sfQwctVCU.jpg)
വിദേശ സഞ്ചാരികളുടെ വരവിലും എറണാകുളമാണ് മുൻപന്തിയിൽ (2.04 ലക്ഷം), തിരുവനന്തപുരം (98,179), ഇടുക്കി (68,798), ആലപ്പുഴ (19,685), കോട്ടയം (15,112) എന്നിവയാണ് മുൻപന്തിയിലുള്ള മറ്റു ജില്ലകൾ. ടൂറിസ്റ്റുകളെ വൻതോതിൽ ആകർഷിക്കാൻ സംസ്ഥാനത്ത് പുതിയ 1000 വിനോദസഞ്ചാരകേന്ദ്രങ്ങൾ വികസിപ്പിക്കും. ഡെസ്റ്റിനേഷൻ ചലഞ്ചിലൂടെയാണ് ഇത് സാദ്ധ്യമാക്കുക.
സംസ്ഥാനത്ത് കടൽതീരമുള്ള 9 ജില്ലകളിലും ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകൾ സജ്ജമാക്കും. നിലവിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ ഫ്‌ലോട്ടിംഗ് ബ്രിഡ്ജുകൾ സജ്ജമാക്കി. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഇനി ശേഷിക്കുന്നത്.
നിലവിൽ ജില്ലകളിൽ ഒന്നുവീതമാണ് ഫ്‌ലോട്ടിംഗ് ബ്രിഡ്ജുകളുടെ എണ്ണം. ഇത് വർദ്ധിപ്പിക്കാൻ ടൂറിസം വകുപ്പ് ആലോചിക്കുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രമായ വാഗമണിലെ പുതിയ ആകർഷണമായ ഗ്ലാസ് ബ്രിഡ്ജ് ഇതുവരെ സന്ദർശിച്ചത് 50,000 പേർ. ഇതുവഴി 1.25 കോടിയിലധികം രൂപയുടെ വരുമാനം ലഭിച്ചു.
2023 സെപ്തംബർ ആറിനാണ് ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്. ടൂറിസം മേഖലയെ പ്രധാന വരുമാന മാർഗ്ഗമാക്കി കുതിക്കുകയാണ് ദൈവത്തിന്റെ സ്വന്തം നാട്.