തിരുവനന്തപുരം: സംസ്ഥാന ഭരണക്രമത്തിന്റെ പുതിയ മാതൃകയാവാൻ നവകേരള സദസ് 18ന് തുടങ്ങും. കേരളീയത്തിന് പിന്നലെ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും അണി നിരക്കുന്ന നവ കേരള സദസിന് 18ന് മഞ്ചേശ്വരത്ത് തുടക്കമാവും.
വൈകിട്ട് 3:30ന് മുഖ്യമന്ത്രി പിണറായി വിജയൻ പൈവളിഗെ സ്‌കൂളിൽ ഉദ്ഘാടനം നിർവ്വഹിക്കും. എല്ലാ ജില്ലകളിലും ജനങ്ങളെ നേരിൽ കണ്ടും നിയോജക മണ്ഡലങ്ങളിലെ പരാതികൾ പരിഹരിച്ചും പുതിയ ഭരണ സംവിധാനമാണ് നവകേരള സദസിലൂടെ ലക്ഷ്യമിടുന്നത്.
19ന് കാസർകോട്ട് നടക്കുന്ന പ്രഭാത യോഗത്തിൽ മണ്ഡലത്തിലെ പ്രധാന വ്യക്തികൾ പങ്കെടുക്കും. കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ ബഹുജന സദസ് സംഘടിപ്പിക്കും. 20,21,22 തിയതികളിൽ കണ്ണൂർ ജില്ലയിലാണ് സദസ് . ആദ്യ രണ്ട് ദിവസങ്ങളിലും പ്രധാന വ്യക്തികൾ പങ്കെടുക്കുന്ന പ്രഭാത യോഗം സംഘടിപ്പിച്ചിട്ടുണ്ട്.
23ന് വയനാട് ജില്ലയിലും തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ കോഴിക്കോട് ജില്ലയിലുമാണ് പര്യടനം . കൽപ്പറ്റ, വടകര, കോഴിക്കോട്, താമരശ്ശേരി എന്നിവിടങ്ങളിൽ പ്രഭാത യോഗങ്ങൾ . 27 മുതൽ 30 വരെ മലപ്പുറം ജില്ലയിലെ തിരൂർ, മലപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് പരിപാടി.
ഡിസംബർ ഒന്നു മുതൽ നാല് വരെ പാലക്കാട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ സദസ് നടക്കും. ഷൊർണ്ണൂർ, പാലക്കാട്, ചിറ്റൂർ, വടക്കഞ്ചേരി എന്നിവിടങ്ങിൽ പ്രഭാത യോഗങ്ങൾ. 5 മുതൽ 7 വരെ തൃശ്ശൂർ ജില്ലയിലാണ് സദസ്. തൃശ്ശൂർ, അങ്കമാലി എന്നിവിടങ്ങളിൽ പ്രഭാത യോഗം .8ന് എറണാകുളത്താണ് സദസ് നടക്കും.
എറണാകുളം, തൃപ്പൂണിത്തുറ, പെരുമ്പാവൂർ എന്നിവിടങ്ങിലെ പ്രഭാത യോഗങ്ങൾക്ക് ശേഷം ജില്ലയിലെ 12 മണ്ഡലങ്ങളിലും സദസ് നടക്കും.11ന് ഇടുക്കിയിലെ പ്രഭാതയോഗത്തിന് ശേഷം അന്ന് മൂന്ന് മണ്ഡലങ്ങളിൽ സദസ് നടക്കും. പിറ്റേന്ന് പീരുമേട് മണ്ഡലത്തിൽ രാവിലെ നടക്കുന്ന സദസ് പിന്നീട് കോട്ടയം ജില്ലയിൽ പ്രവേശിക്കും. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ കോട്ടയം, കടുത്തുരുത്തി എന്നിവിടങ്ങളിലാണ് പ്രഭാതയോഗം.
14ന് ആലപ്പുഴ ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ സദസ്. പ്രഭാത യോഗം 15ന് രാവിലെ ആലപ്പുഴയിലും 16ന് കായംകുളത്തും. 17ന് പത്തനംതിട്ട ജില്ലയിലും തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ കൊല്ലം ജില്ലയിലുമാണ് സദസ് . പത്തനംതിട്ട, കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളിൽ പ്രഭാതയോഗം.
21 മുതൽ 24 വരെയാണ് തിരുവനന്തപുരം ജില്ലയിലെ സദസ്. ആറ്റിങ്ങൽ, കാട്ടാക്കട,തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രഭാതയോഗം . 24ന് രാവിലെ 11ന് കഴക്കൂട്ടത്തെ സദസിന് ശേഷം വൈകിട്ട് 4:30ന് തലസ്ഥാനത്ത് സമാപനം. നവകേരള സദസിനിടെ മന്ത്രിസഭാ യോഗം അഞ്ച് ജില്ലകളിലാണ്. തലശ്ശേിയിൽ നവംബർ 22നും മലപ്പുറത്ത് നവംബർ 28നും തൃശ്ശൂരിൽ ഡിസംബർ ആറിനും ഇടുക്കിയിൽ ഡിസംബർ 12നും കൊല്ലത്ത് ഡിസംബർ20നുമാണ് മന്ത്രിസഭാ യോഗം.
നവകേരള സദസ് ആർഭാടപൂർവം നടത്താൻ വേണ്ട പണം ചെലവഴിക്കാൻ സഹകരണ രജിസ്ട്രാർ സഹകരണ സംഘങ്ങൾക്ക് നിർദേശം നൽകിക്കഴിഞ്ഞിട്ടുണ്ട്. നവകേരള സദസിലേക്ക് അതത് ജില്ലകളിൽ മന്ത്രിമാർ എത്തുമ്പോൾ നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവ് കണ്ടെത്താൻ വേണ്ടി സഹകരണ സംഘങ്ങൾ സഹകരിക്കണമെന്ന നിർദേശമാണ് ഉത്തരവിലുള്ളത്.
അതത് സഹകരണ സംഘങ്ങളുടെ ശേഷി അനുസരിച്ച് പരസ്യത്തിലേക്ക് ചെലവഴിക്കുന്ന തുക നവകേരള സദസിന്റെ നടത്തിപ്പിനുവേണ്ടി ചിലവഴിക്കണം എന്ന നിർദേശമാണ് സർക്കാർ നൽകിയത്.
അതത് സംഘാടന സമിതി ആവശ്യപ്പെടുന്ന മുറയ്ക്ക് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾക്ക് 50,000 രൂപ വരേയും മുനിസിപ്പാലിറ്റികൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും 1,00,000 രൂപ വരേയും കോർപ്പറേഷനുകൾക്ക് 2,00,000 രൂപ വരേയും ജില്ലാ പഞ്ചായത്തുകൾക്ക് 3,00,000 രൂപ വരേയും തനതുഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതി അനുമതി നൽകിക്കൊണ്ടാണ് സകരണ രജിസ്ട്രാർ ഉത്തരവിട്ടത്. ഇത് ഏറെ വിവാദമായിട്ടുണ്ട്.