തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാക്കി.
അസ്വാഭാവികമായ കടുത്ത പനിയെത്തുടര്‍ന്ന് ഇന്നലെ രാവിലെ ചികിത്സ തേടിയ തിരുവനന്തപുരം ഡെന്റല്‍ കോളജ് വിദ്യാര്‍ഥിയില്‍ സംശയകരമായ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ് പ്രത്യേക മുറിയില്‍ പ്രവേശിപ്പിച്ചത്.
വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിച്ചതായി സംശയിക്കുന്നുവെന്നു വിദ്യാര്‍ഥി പറഞ്ഞു. ശരീര സ്രവങ്ങള്‍ വിശദ പരിശോധനയ്ക്കായി പുണെയിലേക്ക് അയച്ചു.
സംസ്ഥാനത്ത് നാലു പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചു. കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടും പേര്‍ക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദ് (48) ഓഗസ്റ്റ് 30നും വടകര മംഗലാട് മമ്പളിക്കുനി ഹാരിസ് (40) ഈ മാസം 11നുമാണ് മരിച്ചത്. മുഹമ്മദിന്റെ 9 വയസ്സുള്ള കുട്ടിയും ബന്ധുവുമാണ് നിപ്പ സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്. ഹാരിസും മുഹമ്മദുമായി ആശുപത്രിയില്‍ വച്ചാണ് സമ്പര്‍ക്കം ഉണ്ടായത്.