/sathyam/media/media_files/fQ8es13H7JL6Mrkqhpqg.jpg)
തിരുവനന്തപുരം: നാല് സി.പി.എം പ്രതിനിധികളെ പി.എസ്.സി അംഗമാക്കാനുള്ള സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിക്കാതെ തടഞ്ഞുവച്ചിരിക്കെയാണ്, സി.പി.ഐ പ്രതിനിധിയായി തൃശ്ശൂർ അന്നമനട സ്വദേശി അഡ്വ. സി. ബി. സ്വാമിനാഥനെ പി.എസ്.സി അംഗമാക്കാനുള്ള സർക്കാരിന്റെ പുതിയ ശുപാർശ ഗവർണർക്ക് മുന്നിലെത്തുന്നത്.
ഇന്ത്യൻ അസോസിയേഷൻ ഒഫ് ലോയേഴ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ സെക്രട്ടറിമാരിൽ ഒരാളുമായ സ്വാമിനാഥൻ എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റും സി.പി.ഐ മുൻ ജില്ലാ കൗൺസിലംഗവുമാണ്. സർക്കാരിന്റെ ശുപാർശയുണ്ടെങ്കിലും നിയമനത്തിന് ഗവർണറുടെ അംഗീകാരം വേണം.
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ അഡിഷനൽ ഡയറക്ടർ (വിജിലൻസ്) ഡോ. ജോസ് ജി. ഡിക്രൂസ്, ഹൈക്കോടതി അഭിഭാഷകൻ എച്ച്. ജോഷ്, യുവജന കമ്മിഷൻ അംഗവും ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്ന പ്രിൻസി കുര്യാക്കോസ്, ശുചിത്വമിഷൻ എക്സിക്യുട്ടിവ് ഡയറക്ടർ കെ.ടി. ബാലഭാസ്കരൻ എന്നിവരെ പി.എസ്.സി അംഗങ്ങളാക്കാൻ നേരത്തേ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
ഇതിൽ ഡോ.ജോസ്, എച്ച്.ജോഷ് എന്നിവരുടെ നിയമന ശുപാർശ രാജ്ഭവനിലേക്ക് അയച്ചെങ്കിലും ഗവർണർ അംഗീകരിച്ചിട്ടില്ല. ഇരുവർക്കുമെതിരായ പരാതികളിൽ ഗവർണർ സർക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. മറ്റ് രണ്ടു പേരുടെ ശുപാർശ ഇതുവരെ ഗവർണർക്ക് അയച്ചിട്ടുമില്ല. ഇതിനിടയിലാണ് സി.പി.ഐ പ്രതിനിധിയെക്കൂടി പി.എസ്.സി അംഗമാക്കാനുള്ള സർക്കാരിന്റെ ശുപാർശ.
കനത്ത ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും ഉള്ളതിനാൽ പി.എസ്.സി അംഗമാവാൻ രാഷ്ട്രീയ പാർട്ടികളിൽ ഇടിയാണ്. നിലവിൽ ചെയർമാന്റെ അടിസ്ഥാനശമ്പളം 76,000 രൂപയും അംഗങ്ങളുടേത് 70,000 രൂപയുമാണ്. അലവൻസുകൾ അടക്കമാണ് ചെയർമാന് 2.26 ലക്ഷവും അംഗങ്ങൾക്ക് 2.23 ലക്ഷവും ലഭിക്കും.
നിലവിൽ ചെയർമാന് 1.25 ലക്ഷവും അംഗങ്ങൾക്ക് 1.20 ലക്ഷവുമാണ് പെൻഷൻ. എന്നാൽ ചെയർമാന്റെ പ്രതിമാസ ശമ്പളം 2.26 ലക്ഷം രൂപയിൽനിന്നു 4 ലക്ഷം രൂപയാക്കിയും അംഗങ്ങളുടേതു 2.23 ലക്ഷം രൂപയിൽനിന്നു 3.75 ലക്ഷം രൂപയാക്കിയും വർധിപ്പിക്കാനാണു സർക്കാർ നീക്കം. ഫയൽ ധനവകുപ്പിന്റെ പരിഗണനയിലാണ്. ചെയർമാന്റെ പെൻഷൻ 1.25 ലക്ഷത്തിൽ നിന്നു 2.50 ലക്ഷമായും അംഗങ്ങളുടേതു 1.20 ലക്ഷത്തിൽനിന്നു 2.25 ലക്ഷമായും വർധിപ്പിച്ചേക്കും.
പിഎസ്‌സി ഭരണഘടനാസ്ഥാപനമായതിനാൽ കേന്ദ്രനിരക്കിലുള്ള ആനുകൂല്യങ്ങൾ നൽകണമെന്നാണു വാദം. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽ ഏഴോ എട്ടോ അംഗങ്ങൾ മാത്രമുള്ളപ്പോൾ കേരളത്തിൽ 21 പിഎസ്‌സി അംഗങ്ങളുണ്ട്. കേന്ദ്രത്തിലെ യുപിഎസ്‌സിയിൽ ആകട്ടെ 9 അംഗങ്ങൾ മാത്രം. ചീഫ്സെക്രട്ടറിക്കും ഡി.ജി.പിക്കും ലഭിക്കാത്ത ശമ്പളമാകും പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും ലഭിക്കാൻ പോവുന്നത്.
നിലവിൽ ചെയർമാന്റെയും അംഗങ്ങളുടെയും വാർഷിക ശമ്പളത്തിനായി 5.59 കോടിയാണ് ചിലവ്. ഇത് 9.48 കോടിയായി ഉയരും. രാഷ്ട്രീയ നിമനത്തിലൂടെ എത്തുന്ന പി.എസ്.സി അംഗങ്ങൾക്ക് ഇപ്പോൾ വാങ്ങുന്ന പ്രതിമാസ ശമ്പളത്തിനു പുറമെ കാറ്, താമസിക്കാൻ ഫ്ളാറ്റ്, ഓരോ സിറ്റിംഗിനും അലവൻസ്, യാത്രാബത്ത, മെഡിക്കൽ അലവൻസ് എന്നിവയും ലഭിക്കുന്നുണ്ട്.
6 വർഷ കാലാവധി കഴിഞ്ഞ് വിരമിക്കുമ്പോൾ ആജീവനാന്ത പെൻഷനും കിട്ടും. ഇതിനുപുറമെ കുടുംബാംഗങ്ങൾക്കടക്കം സൗജന്യ ചികിത്സാ സഹായവും. അതേസമയം പി.എസ്.സി കേരളത്തിൽ നടത്തുന്ന നിയമനങ്ങൾ വർഷം തോറും താഴോട്ടാണ്.
2016 ൽ 37,530 നിയമനങ്ങൾ നടത്തിയെങ്കിൽ 2023 ജൂലായ് വരെ 15,144 നിയമനങ്ങൾ മാത്രമാണ് നടത്തിയത്. ഇന്ത്യയിൽ ഏറ്റവുമധികം പി.എസ്.സി അംഗങ്ങളുള്ള സംസ്ഥാനമാണ് കേരളം. അത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പി.എസ്.സി നിയമനങ്ങൾ നടത്തുന്ന രാജസ്ഥാനിൽ വെറും 8 അംഗങ്ങൾ മാത്രമാണുള്ളത്. തമിഴ്നാട്ടിൽ 14 ഉം കർണാടകയിൽ 13 ഉം അംഗങ്ങളുണ്ട്. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്ന യു.പി.എസ്.സിയിൽ 9 അംഗങ്ങൾ മാത്രമാണുള്ളത്.