തിരുവനന്തപുരം: ശക്തികൂടിയ ന്യൂനമര്‍ദം മധ്യപ്രദേശിനു മുകളില്‍ സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഗുജറാത്ത് - രാജസ്ഥാന്‍ മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച സാധാരണ പെയ്യുന്നതിലും 92% മഴ അധികം ലഭിച്ചെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്ക്.
ഈ മാസം 7 മുതല്‍ 13 വരെ 65.5 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 125.6 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
സെപ്റ്റംബറില്‍ മികച്ച മഴ ലഭിച്ചതോടെ കാലവര്‍ഷക്കണക്കില്‍ മഴക്കുറവ് 41% ആയി കുറഞ്ഞു. ഓഗസ്റ്റ് അവസാനം 48% മഴക്കുറവ് ഉണ്ടായിരുന്നു.