/sathyam/media/media_files/C5O3gva5dfEgnC7SWXEa.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗക്കേസ് ഇനി ഹൈക്കോടതിയിലേക്ക് നീങ്ങുകയാണ്. ലോകായുക്ത ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാരനായ ആർ.എസ്.ശശികുമാർ വ്യക്തമാക്കി.
പണം അനുവദിച്ചതിലെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്നും അപേക്ഷയും സാമ്പത്തിക നിലയെക്കുറിച്ച് അന്വേഷണവുമില്ലാതെ പണം അനുവദിച്ചെന്നും ഉത്തരവിൽ പലേടത്തായി ലോകായുക്ത ചൂണ്ടിക്കാട്ടുന്നുണ്ട്. പണം അനുവദിക്കാനുള്ള തീരുമാനം മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഇതുസംബന്ധിച്ച കുറിച്ച് മന്ത്രിമാർക്കടക്കം വിതരണം ചെയ്തിട്ടുമില്ലെന്നും ലോകായുക്ത ഉത്തരവിലുണ്ട്. ലോകായുക്തയുടെ ഈ കണ്ടെത്തലുകൾ ഹൈക്കോടതിയിൽ സർക്കാരിന് കുരുക്കായി മാറിയേക്കാനിടയുണ്ട്.
കേസിന്റെ മെരിറ്റ് ലോകായുക്ത പരിശോധിച്ചിട്ടില്ലെന്നും മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തിന്റെ നടപടിക്രമങ്ങൾ മാത്രമേ പരിഗണിച്ചുള്ളൂവെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ ഭിന്നവിധിയും ഹൈക്കോടതിയിൽ ഉന്നയിക്കാനാണ് ഹർജിക്കാരന്റെ തീരുമാനം.
ഹൈക്കോടതിയുടെ പരിഗണനയിൽ കേസെത്തുമ്പോൾ ധനസഹായം അനുവദിച്ചതിന്റെ മെരിറ്റടക്കം പരിശോധിക്കപ്പെടും. അന്തരിച്ച എം.എൽ.എയുടെ സ്വർണവായ്പയടക്കം കടങ്ങൾ തീർക്കാൻ പണം അനുവദിച്ചതും മകന് ഉന്നത ഉദ്യോഗം നൽകിയതുമെല്ലാം ഹൈക്കോടതിയിലെ കേസിൽ ഹർജിക്കാരൻ ചൂണ്ടിക്കാട്ടും. ദുരിതാശ്വാസ നിധി വിനിയോഗത്തിൽ ശരിയായ നടപടിക്രമം പാലിച്ചില്ലെന്നും വീഴ്ചയുണ്ടായെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലോകായുക്തയ്ക്ക് ഈ കേസ് പരിഗണിക്കാൻ നിയമപരമായ അവകാശമുണ്ട്. ലോകായുക്തയുടെ അധികാരം കുറയ്ക്കാനുള്ള ഭേദഗതി വരുന്നത് കേസുകൾ പരിഗണിക്കുന്നതിന് ബാധകമല്ല. ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കേണ്ടതല്ലേയെന്ന് ലോകായുക്ത ചോദിച്ചു. അപേക്ഷ നൽകാത്തവർക്ക് സാമ്പത്തിക സ്ഥിതി പോലും പരിഗണിക്കാതെയും മന്ത്രിസഭയുടെ അജൻഡയിൽപെടുത്താതെയും സഹായം അനുവദിച്ചു.
മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ച് പണം നൽകുന്നത് അർഹതപ്പെട്ടവർക്കായിരിക്കണ്ടേയെന്നും ലോകായുക്ത ഉത്തരവിൽ ചോദിച്ചു. സർക്കാരിന്റെ വാദങ്ങൾ അപ്പാടെ അംഗീകരിച്ച് കേസ് തള്ളുന്ന 41പേജുള്ള ഉത്തരവാണ് ലോകായുക്ത ആദ്യം പുറത്തിറക്കിയത്. പിന്നീട് ജസ്റ്റിസ് സിറിയക് ജോസഫിന്റെ എതിർപരാമർശങ്ങൾ കൂടി ഉൾപ്പെടുത്തി കേസ് തള്ളുന്നതായി 83പേജുകളുള്ള ഉത്തരവ് രണ്ടാമതിറക്കി.
വഴിവിട്ട് പണം അനുവദിക്കുന്നത് സദ്ഭരണത്തിനും തുല്യതയ്ക്കും എതിരാണ്. ഉത്തരവിലെ ഈ കണ്ടെത്തലുകളെല്ലാം സർക്കാരിന് കുരുക്കായേക്കാവുന്നതാണ്. അതിനിടെ, ദുരിതാശ്വാസനിധി ദുരുപയോഗക്കേസിൽ ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ- അൽ-റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവർക്ക് ഹർജിയിലെ ആരോപണ വിധേയരുമായുള്ള ബന്ധവും ഹൈക്കോടതിയിൽ ഉന്നയിക്കപ്പെടും.
ദുരിതാശ്വാസ നിധി ദുരുപയോഗ ഹർജിയിലെ ആരോപണവിധേയനായ മുൻ എം.എൽ.എയുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെ പ്രകീർത്തിച്ചുകൊണ്ട് ഓർമ്മക്കുറിപ്പുകൾ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്ത ഉപലോകായുക്തമാർക്ക് നിഷ്പക്ഷ വിധിന്യായം നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇടക്കാലഹർജി.
ഇത് ലോകായുക്ത തള്ളിയിരുന്നു. ദുരിതാശ്വാസനിധിയിൽ നിന്ന് അനർഹമായ ആനുകൂല്യം കുടുംബത്തിന് ലഭിച്ചതായി ഹർജിയിൽ പരാമർശിച്ചിട്ടുള്ള പരേതനായ ചെങ്ങന്നൂർ മുൻ എം.എൽ.എയും സി.പി.എം നേതാവുമായിരുന്ന കെ.കെ.രാമചന്ദ്രൻ നായരുമായി ഉപലോകായുക്തമാർക്ക് വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽ അടുത്ത സുഹൃത്ത്ബന്ധമുണ്ടെന്നും ഹർജിയിൽ വാദം പൂർത്തിയായ ശേഷമാണ് ഈ വിവരം ഹർജിക്കാരന് ബോധ്യപ്പെട്ടതെന്നും ഇടക്കാല ഹർജിയിലുണ്ടായിരുന്നു.
ജീവചരിത്ര സ്മരണികയിൽ രണ്ട് ഉപലോകായുക്തമാരും ഓർമ്മക്കുറിപ്പുകൾ എഴുതിയതുൾപ്പെടെ മറച്ചുവച്ചാണ് കേസിൽ വാദം കേട്ടതെന്നുമുള്ള ഹർജിക്കാരന്റെ ആരോപണവും ലോകായുക്ത തള്ളി.
ഇതും ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടും. ഹർജിക്ക് സാധുതയുണ്ടെന്നും പണം അനുവദിച്ചതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നുമുള്ള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ കണ്ടെത്തൽ സ്വാഗതാർഹമാണെങ്കിലും മന്ത്രിമാർക്ക് വ്യക്തിപരമായ നേട്ടമുണ്ടായിട്ടില്ലെന്ന വാദം വിചിത്രമാണെന്ന് ഹർജിക്കാരനായ ആർ.എസ് ശശികുമാർ പറഞ്ഞു.
ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കും. അനുകൂല വിധി ഉണ്ടായില്ലെങ്കിൽ സുപ്രീംകോടതിലും പോവും. ജഡ്ജിമാർക്ക് പുതിയ ലാവണങ്ങളിലേക്ക് പോകണമെങ്കിൽ സർക്കാരിന് അനുകൂലമായി വിധി എഴുതണം. ലോകായുക്തയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ലോകായുക്ത മുട്ടിലിഴയുകയാണ്. ഇങ്ങനെയൊരു സ്ഥാപനം വേണോയെന്ന് ചിന്തിക്കേണ്ട സമയമാണെന്നും ശശികുമാർ പറഞ്ഞു