തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ സ്റ്റാമ്പ് വാങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നികുതി പിരിക്കാത്തതാണ് സർക്കാറിന്റെ ഇപ്പോഴുള്ള പ്രതിസന്ധിക്കുള്ള കാരണം. കാര്യക്ഷമമായി സംസ്ഥാനത്ത് നികുതി പിരവ് നടക്കുന്നില്ല. അഴിമതിയാണ് നികുതി പിരിവ് കാര്യക്ഷമമായി നടക്കാത്തതിനുള്ള കാരണമെന്നും വി.ഡി സതീശൻ ആരോപിച്ചു.
കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകാനുള്ള പണം കൊടുക്കണമെന്ന് തന്നെയാണ് കോൺഗ്രസ് നിലപാട്. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം കേന്ദ്രം ഉയർത്തണമെന്നുള്ളത് ദേശീയതലത്തിൽ തന്നെ കോൺഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാടാണ്. എന്നാൽ, കേരളത്തിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രം പണം തരാത്തത് മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം സർക്കാർ ചെലവിൽ വേണ്ടെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സർക്കാറിന്റെ പ്രചാരണം ലക്ഷ്യമിട്ടാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്.
ഭരണനേട്ടങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ കാണുന്നതിൽ തെറ്റില്ല. എന്നാൽ, അത് സർക്കാർ ചെലവിൽ വേണ്ടെന്നാണ് പറയുന്നതെന്ന് വി.ഡി സതീശൻ പറഞ്ഞു. നവകേരള സദസ്സിന്റെ നടത്തിപ്പിനായി യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പണം നൽകില്ല. ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പ് യു.ഡി.എഫ് കൺവീനറുടെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും വി.ഡി സതീശൻ പറഞ്ഞു.