തിരുവനന്തപുരം : എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 41 വർഷം കഠിന തടവ്. 2016 ൽ നടന്ന സംഭവത്തിലാണ് വിധി പ്രസ്താവിച്ചത്. വിളപ്പിൽ തുരുത്തുംമൂല സ്വദേശി 58 കാരനായ ശ്രീനിവാസനാണ് 41 വർഷത്തെ കഠിന തടവ് ശിക്ഷ ലഭിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്.
പ്രതി ജീവിതാന്ത്യം വരെ തടവ് അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി. ബന്ധുവായ എട്ടു വയസ്സുകാരി പെൺകുട്ടിയെ ആണ് ഇയാൾ അതിക്രൂരമായി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ കൈകൾ കൂട്ടിക്കെട്ടിയ ശേഷം വായിൽ തുണി തിരികി ആയിരുന്നു പീഡനം നടത്തിയത്. കുട്ടിയുടെ വീട്ടുകാർ പുറത്തുപോകാൻ നേരം കുട്ടിയെയും സഹോദരനെയും ബന്ധുവായ ഇയാളുടെ വീട്ടിൽ ഏൽപ്പിച്ചപ്പോഴായിരുന്നു പീഡനം നടത്തിയത്.
ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട കുട്ടിയുടെ സഹോദരനാണ് വീട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതി പ്രകാരം പോലീസ് കേസെടുത്തു അന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരയായ പെൺകുട്ടിയുടെ അടുത്ത ബന്ധുവായ പ്രതിയുടെ പ്രവൃത്തി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന് വേണ്ടി ഡി.ആർ പ്രമോദ് ആണ് ഹാജരായത്.