Advertisment

സോളാറിന്‍റെ ആദ്യഘട്ടം തട്ടിപ്പ്, രണ്ടാം ഘട്ടം പീഡനം. കോണ്‍ഗ്രസ് നേതാക്കള്‍ പിന്നില്‍നിന്ന് പിന്തുണച്ചത് ആദ്യഘട്ടത്തില്‍. കേസ് പീഡനമായി മാറിയപ്പോള്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ! പ്രധാനമന്ത്രിയാക്കാമെന്ന് പറഞ്ഞാലും ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചെന്ന് പറയാന്‍ കോണ്‍ഗ്രസില്‍ ഒരു ചെന്നിത്തലയേയും കിട്ടില്ല. സിബിഐ റിപ്പോര്‍ട്ട് പീഡനക്കേസില്‍ മാത്രം ! ഇതെല്ലാം മറന്നുള്ള 'മീഡിയ അജണ്ട' കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് പുതുപ്പള്ളി തിളക്കത്തിന്‍റെ മാറ്റ് കുറയ്ക്കാനോ ?

ഉമ്മന്‍ ചാണ്ടിയെ പീഡന കേസില്‍ അകപ്പെടുത്താന്‍ ഒരു കോണ്‍ഗ്രസ് നേതാവും ശ്രമിക്കില്ലെന്നതില്‍ ആര്‍ക്കും സംശയം കാണില്ല. ആ വിഷയത്തില്‍ അകത്തും പുറത്തും കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നു.

pinarai vijayan oommen chandy ramesh chennithala kb ganesh kumar

തിരുവനന്തപുരം: ഇടതു നേതാക്കൾക്കെതിരെ ഗൂഢാലോചനക്കുറ്റം ആരോപിക്കുന്ന സോളാർ സിബിഐ റിപ്പോർട്ടിന്റെ പേരിൽ, റിപ്പോർട്ടിൽ പേരില്ലാത്ത കോൺഗ്രസ് നേതാക്കളെ ലക്ഷ്യം വച്ചുകൊണ്ടുള്ള പുതിയ സോളാർ വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ - മാധ്യമ ഗൂഢാലോചന എന്ന ആരോപണം ശക്തമാകുന്നു.

Advertisment

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ സംസ്ഥാന രാഷ്ട്രീയത്തിൽ യുഡിഎഫിന് ലഭിച്ച മേൽകൈ ഇല്ലാതാക്കാനുള്ള അവസരമായികൂടി പുതിയ നീക്കം വ്യാഖ്യാനിക്കപ്പെടുന്നു.

സോളാര്‍ രണ്ട്: ഒന്ന് തട്ടിപ്പ്, രണ്ട് പീഡനഘട്ടം !

മുൻ മന്ത്രി കെ.ബി ഗണേശ് കുമാറും ചില ഇടത് കേന്ദ്രങ്ങളും നടത്തിയ ഗൂഢാലോചനയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോളാർ പീഡന കേസിൽ പെടുത്തിയതെന്നാണ് സിബിഐ റിപ്പോർട്ട്. സിബിഐയുടെ അന്വേഷണം നടന്നത് ഉമ്മന്‍ ചാണ്ടിയെ പീഡന കേസില്‍ അകപ്പെടുത്തിയത് സംബന്ധിച്ചായിരുന്നു. എന്നാല്‍ സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഒളിയുദ്ധം നടന്നത് കേസിന്‍റെ തട്ടിപ്പ് ഇടപാടുകള്‍ സംബന്ധിച്ച ആദ്യ ഘട്ടത്തില്‍ മാത്രമാണ്.

അത് മറച്ചുവച്ചാണ് പുതിയ വിവാദങ്ങള്‍. ഉമ്മന്‍ ചാണ്ടിയെ പീഡന കേസില്‍ അകപ്പെടുത്താന്‍ ഒരു കോണ്‍ഗ്രസ് നേതാവും ശ്രമിക്കില്ലെന്നതില്‍ ആര്‍ക്കും സംശയം കാണില്ല. ആ വിഷയത്തില്‍ അകത്തും പുറത്തും കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നു.

അതേസമയം, സിബിഐ റിപ്പോര്‍ട്ടില്‍ ദല്ലാള്‍ നന്ദകുമാറിന്റെ ഇടപെടലും, നന്ദകുമാർ - പിണറായി കൂടിക്കാഴ്ചയും, പരാതിക്കാരിയുടെ കത്ത് കൈമാറാൻ പണം ആവശ്യപ്പെട്ടതും തുടങ്ങി റിപ്പോർട്ടിലെ കണ്ടെത്തലുകൾ പലതും ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു.

മീഡിയ മാനേജ്മെന്‍റ് ആര്‍ക്കുവേണ്ടി ?

എന്നാല്‍ തന്ത്രപരമായ മീഡിയ മാനേജ്മെന്റിലൂടെ ഇപ്പോൾ രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും പോലുള്ള മുതിർന്ന നേതാക്കളിലേക്ക് വിവാദം വഴിതിരിച്ചുവിടാൻ ഇടതുപക്ഷത്തിന് കഴിഞ്ഞു. രണ്ട് കോൺഗ്രസ് നേതാക്കളെപ്പറ്റിയും റിപ്പോർട്ടിൽ പരാമർശവുമില്ലാത്തത് ഉമ്മന്‍ ചാണ്ടിക്കെതിരായ പീഡന ആരോപണത്തില്‍ കോണ്‍ഗ്രസിനെ ഒരു ചെന്നിത്തലയും ഗൂഢാലോചന നടത്തിയിട്ടില്ലെന്നതിനാല്‍ തന്നെയാണ്. അതല്ലെങ്കില്‍ ഇടതു നേതാക്കളെക്കാള്‍ ആദ്യം പേരു പുറത്തുവരിക കോണ്‍ഗ്രസ് നേതാക്കളുടേതായിരുന്നു.

എന്നാൽ കോൺഗ്രസ് നേതാക്കളുടെ പേര് ചർച്ചയിലേക്ക് കൊണ്ടുവരാൻ ആസൂത്രിതമായി നടത്തിയ നീക്കമായിരുന്നു ദല്ലാള്‍ നന്ദകുമാറിന്റെ പത്രസമ്മേളനം. ശരണ്യ മനോജ് നടത്തിയ പത്രസമ്മേളനവും ഗണേശ് കുമാറിനെ വെള്ളപൂശാനും കോൺഗ്രസിനെ വെട്ടിലാക്കാനും വേണ്ടിയുള്ളതായിരുന്നു.

സോളാറിന്‍റെ പരിണാമം !

ഒടുവിലിപ്പോൾ കോൺഗ്രസ് ശക്തമായ പ്രതിരോധത്തിലാവുകയും ചെയ്തു. സോളാർ കേസിലൂടെ ഉമ്മൻചാണ്ടിയെ രാജിവയ്പിച്ച് പകരം മുഖ്യമന്ത്രിയാകാൻ രമേശ് ചെന്നിത്തല കരുക്കൾ നീക്കിയെന്ന് തങ്ങൾക്കറിയാമെന്ന് ചില ചാനൽ ചർച്ചകളിൽ അവതാരകരായ മുതിർന്ന മാധ്യമപ്രവർത്തകർ തന്നെ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. അതിൽ ചില യാഥാർത്ഥ്യങ്ങൾ ഉണ്ടെന്നും സമ്മതിക്കേണ്ടിവരും. പക്ഷേ അത് വ്യത്യസ്തങ്ങളായ ഘട്ടങ്ങളിലാണ്.

കേസിന്റെ ആദ്യഘട്ടം സോളാറിലെ തട്ടിപ്പും സാമ്പത്തിക ഇടപെടലുകളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഘട്ടത്തിൽ, അതായത് മല്ലേലില്‍ ശ്രീധരൻ നായരുടെ അഭിമുഖം വരെയുള്ള ഘട്ടങ്ങളിൽ മറയത്ത് ഇരുന്ന് ചില 'ഐ' ഗ്രൂപ്പ് കേന്ദ്രങ്ങൾ ഈ കേസിനെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നത് സത്യമാണ്.

അത് സോളാർ കേസിന്റെ ആദ്യഘട്ടമാണ്. അതിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാർ വഴിയല്ലാതെ ഉമ്മൻചാണ്ടിയെ നേരിട്ട് ബാധിക്കുന്ന ആരോപണങ്ങളില്ല.

ഇപ്പോൾ സിബിഐ റിപ്പോർട്ടിന് ആധാരമായ സംഭവം സോളാറിന്റെ രണ്ടാം ഘട്ടമാണ്; അതായത് 'പീഡന ഘട്ടം'. വയോധികനായ ഉമ്മൻചാണ്ടി പരാതിക്കാരിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നതാണ് ഈ ആരോപണം.

ആ 'പണി'ക്ക് കോണ്‍ഗ്രസുകാരനെ കിട്ടില്ല !

അതില്‍ 'ഐ' ഗ്രൂപ്പിന് പങ്കില്ല. 'ഐ' ഗ്രൂപ്പെന്നല്ല അത് ഒരു കോൺഗ്രസ് നേതാവും ഉമ്മൻചാണ്ടിക്കെതിരെ ആരോപിക്കില്ല. രമേശ് ചെന്നിത്തല ഒഴിഞ്ഞോ തെളിഞ്ഞോ ഈ ആരോപണത്തിൽ ഉമ്മൻചാണ്ടിക്കെതിരെ കരുക്കൾ നീക്കിയിട്ടുമില്ല, നീക്കുകയുമില്ല. അടുത്തിടെ പാര്‍ട്ടിക്കു പുറത്തുപോയ കോണ്‍ഗ്രസ് നേതാക്കള്‍ പോലും അങ്ങനൊരു ആരോപണം ഉന്നയിക്കില്ല.

പിന്നെങ്ങനെയാണ് സോളാർ കേസിലെ നിലവിലെ സിബിഐ റിപ്പോർട്ടിന്റെ പേരിൽ കോൺഗ്രസ് നേതാക്കളിൽ ഗൂഢാലോചന ചാർത്താൻ നടത്തുന്ന നീക്കങ്ങൾ വിജയിക്കുക എന്നതാണ് ഉയരുന്ന ചോദ്യം.

ആ ഗൂഢാലോചനയെന്നത് ഗണേഷ് കുമാറും ശരണ്യ മനോജും പ്രദീപ് എന്ന സഹായിയും ചേർന്ന് സോളാർ പീഡന പരാതിയിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേർത്തു എന്നതാണ്. അതിൽ ഒരു കോൺഗ്രസ് നേതാവിനും ഗൂഢാലോചന ബന്ധമുള്ളതായി റിപ്പോർട്ടിലുമില്ല, അങ്ങനൊരു ആരോപണവുമില്ല.

ഇത് മനസ്സിലാക്കാതെ ചില സോളാര്‍ പുകമറകൾ സൃഷ്ടിച്ച് ഒരു പുതിയ സോളാർ കത്തിക്കലാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിലെ മാധ്യമ അജണ്ട. കേസിന്റെ മെറിറ്റ് പരിശോധിക്കപ്പെടാതെയാണ് പുതിയ മാധ്യമ ചർച്ചകൾ.

ഇതിങ്ങനെ പോയാൽ ഈ കേസിന്റെ പേരിൽ ക്രെഡിബിലിറ്റി നഷ്ടമാക്കിയ മലയാളത്തിലെ മാധ്യമങ്ങൾ വീണ്ടും കൂടുതല്‍ നാറാനാണ് സാധ്യത ! അവശേഷിക്കുന്ന വിശ്വാസ്യതകൂടി നഷ്ടപ്പെടുകയാവും ഫലം.

Advertisment