വിസ്‌മയക്കാഴ്‌ചകൾ ഒരുക്കി കേരളം; കേരളീയത്തിന്‌ കൊടിയേറ്റം

author-image
ഇ.എം റഷീദ്
New Update
keraleeyam-4

തിരുവനന്തപുരം: വികസനനേട്ടങ്ങളിലും ക്ഷേമപ്രവർത്തനങ്ങളിലും രാജ്യത്തിനു തന്നെ മാതൃകയായ കേരളത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം മുതൽ ആരംഭിക്കുന്ന ബൃഹദ് പരിപാടി കേരളീയത്തിന് തിരുവനന്തപുരത്ത്‌ തുടക്കം. സെൻട്രൽ സ്റ്റേഡിയത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയം ഉദ്‌ഘാടനംചെയ്‌തു. റവന്യൂ - ഭവനനിർമ്മാണവകുപ്പ് മന്ത്രി കെ രാജൻ ചടങ്ങിന് അധ്യക്ഷനായി.

Advertisment

കേരളീയം സംഘാടകസമിതി ചെയർമാനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സ്വാഗതം പറഞ്ഞു. പ്രവർത്തന റിപ്പോർട്ട് കേരളീയം ജനറൽ കൺവീനറും ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണു അവതരിപ്പിച്ചു. 

keraleeyam-2

ധനകാര്യ വകുപ്പ് മന്ത്രിയും കേരളീയം സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷനുമായ കെ എൻ ബാലഗോപാൽ ആമുഖപ്രഭാഷണം നിർവഹിച്ചു. സ്‌പീക്കർ എ എൻ ഷംസീറാണ് കേരളീയം ബ്രോഷർ പ്രകാശനം ചെയ്‌തത്. 

മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്‌ണൻകുട്ടി, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, ചലച്ചിത്ര നടൻമാരായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ചലച്ചിത്ര നടിമാരായ ശോഭന, മഞ്ജു വാര്യർ, യുഎഇ അംബാസഡർ അബ്‌ദുൽ നാസർ ജമാൽ അൽ ശാലി, ദക്ഷിണകൊറിയൻ അംബാസഡർ ചാങ് ജെ ബോക്, ക്യൂബൻ എംബസി പ്രതിനിധി മലേന റോജാസ് മദീന, നോർവേ അംബാസഡർ മെയ് എലൻ സ്‌റ്റൈനർ, റിട്ട. ജസ്റ്റിസ് കെ ജി ബാലകൃഷ്‌ണൻ, എം എ യൂസഫലി, രവി പിള്ള, ഡോ. എം വി പിള്ള എന്നിവർ ആശംസയർപ്പിച്ചു.

keraleeyam-3

പ്രൊഫ. (ഡോ) അമർത്യസെൻ, ഡോ. റൊമില ഥാപ്പർ, ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്, വെങ്കി രാമകൃഷ്‌ണൻ,ഡോ. ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്, ഡോ. തോമസ് പിക്കറ്റി, അഡ്വ. കെ കെ വേണുഗോപാൽ, ടി എം കൃഷ്‌ണ, ഉസ്‌താദ് അംജദ് അലി എന്നിവർ വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിക്കും.

രണ്ടാം തീയതി മുതൽ രാവിലെ 10 മുതൽ രാത്രി 10 മണി വരെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും. ചലച്ചിത്രമേള അടക്കം എല്ലാവേദികളിലേയ്ക്കുള്ള പ്രവേശനം പൂർണമായും സൗജന്യമാണ്. വേദികളുടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചുകഴിഞ്ഞു. 

മേളയുടെ മുഖ്യആകർഷണമായ സെമിനാറുകൾ നവംബർ 2 മുതൽ തുടങ്ങും. രാവിലെ 9.30 മുതൽ 1.30 വരെയാണ് സെമിനാറുകൾ. കലാപരിപാടികൾ ഇന്നു വൈകിട്ടു 6.30ന് ശോഭനയുടെ നൃത്തപരിപാടിയോടെ തുടങ്ങും.

Advertisment