തിരുവനന്തപുരം: ജമ്മുകശ്‍മീരിലെ അമർനാഥിലും ഉത്തരാഖണ്ഡിലെ ബദരീനാഥ്, കേദാർനാഥ് എന്നിവിടങ്ങളിലെയും പോലെ കേരളത്തിലും ഹെലിടൂറിസം പദ്ധതി വരികയാണ്.
ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഹെലികോപ്ടറിൽ പറക്കാൻ കഴിയുന്ന ഹെലി ടൂറിസം നെറ്റ്‍വർക്ക് കേരളത്തിൽ അടുത്ത വർഷം സ്ഥാപിക്കാനാണ് സർക്കാർ തീരുമാനം. ഇത് കേരളാ ടൂറിസത്തിന് കരുത്തു പകരുന്നതായിരിക്കും.
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര മേഖലകൾ കേന്ദ്രീകരിച്ച് ഹെലി ടൂറിസം നെറ്റ് വർക്ക് സ്ഥാപിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ കൊച്ചിയിൽ ഹെലി ടൂറിസം ആരംഭിക്കാനാണ് ടൂറിസം വകുപ്പ് ഉദ്ദേശിക്കുന്നത്. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. വൈകാതെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവും.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഹെലികോപ്ടറിൽ പറന്നെത്താൻ കഴിയുന്നതോടെ കേരളത്തിലേക്ക് വൻതോതിൽ സഞ്ചാരികളുടെ ഒഴുക്കുണ്ടാവുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.
യൂറോപ്പിലെ യുദ്ധവും ആഭ്യന്തര പ്രശ്നങ്ങളും കാരണം വിദേശ ടൂറിസ്റ്റുകളുടെ എണ്ണം നന്നേ കുറഞ്ഞെങ്കിലും ആഭ്യന്തര ടൂറിസ്റ്റുകളാണ് ഇപ്പോൾ കേരളാ ടൂറിസത്തിന് തുണയാവുന്നത്. ഹെലിടൂറിസം പദ്ധതി കൂടി വരുന്നതോടെ ടൂറിസ്റ്റുകളുടെ എണ്ണം എല്ലാ ടൂറിസം കേന്ദ്രങ്ങളിലും കൂടുമെന്നാണ് വിലയിരുത്തൽ.
/sathyam/media/media_files/LGt2HdH2qY6c0JtsuhYh.jpg)
പ്രതീകാത്മക ചിത്രം
സ്വകാര്യ നിക്ഷേപകരുമായി സഹകരിച്ചാണ് ഹെലിടൂറിസം പദ്ധതി നടപ്പാക്കുക. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന നിക്ഷേപക സംഗമത്തിൽ ഹെലി ടൂറിസത്തിൽ നിക്ഷേപിക്കാൻ താത്പര്യമുള്ള നിക്ഷേപകർ ഇക്കാര്യം പ്രഖ്യാപിക്കും.
ഹെലികോപ്റ്ററുകൾക്ക് സർവീസ് നടത്താൻ ഹെലിപ്പാഡുകൾ ഒരുക്കും. 50 സെന്റ് സ്ഥലത്ത് ഹെലിപ്പാഡുകൾ ഒരുക്കാൻ സാധിക്കുമെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
നാലോ അഞ്ചോ പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ചെറിയ ഹെലികോപ്റ്ററുകളാണ് സർവീസ് നടത്തുക. ഹെലികോപ്റ്ററുകൾ വാടകയ്‌ക്കോ പാട്ടത്തിനോ ആയിരിക്കും എടുക്കുക.
പ്രധാന നഗരങ്ങളിൽ എത്തുന്ന സഞ്ചാരികൾക്ക് 100-150 കിലോമീറ്റർ ചുറ്റളവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ വേണ്ടിയാണ് ഹെലി ടൂറിസം കൊണ്ടുവരുന്നത്.
നിലവിൽ കൊച്ചിയിൽ എത്തുന്ന സഞ്ചാരികൾ സന്ദർശിക്കുന്ന പ്രധാന മലയോര വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്ക് പോകാൻ റോഡ് മാർഗം മാത്രമാണുള്ളത്. റോഡ് വഴി നാലുമണിക്കൂറോളമെടുക്കുന്ന ഈ യാത്ര ഹെലികോപ്റ്റർ വഴി 20 മിനിട്ടിനകം പൂർത്തിയാക്കാൻ സാധിക്കും.
കൂടാതെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാനും ഹെലികോപ്റ്റർ വഴി കഴിയും. ഈവർഷം സംസ്ഥാനത്ത് ഏറ്റവുമധികം ആഭ്യന്തര-വിദേശ സഞ്ചാരികൾ എത്തിയത് എറണാകുളത്തായിരുന്നു. ഇതാണ് കൊച്ചിയിൽ ആദ്യ ഹെലി ടൂറിസം പദ്ധതി ആരംഭിക്കാൻ ടൂറിസം വകുപ്പിനെ പ്രേരിപ്പിച്ചത്.