Advertisment

കണ്ടല ബാങ്ക് തട്ടിപ്പിൽ ഇ.ഡിയുടെ വഴിയടയ്ക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണം. ലൈഫ് മിഷനിലും കരുവന്നൂരിലും പയറ്റിയ അതേ തന്ത്രം. ഇ.ഡിക്ക് മുന്നേ തട്ടിപ്പുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച്. അന്വേഷിക്കുന്നത് 56 കേസുകൾ. കണ്ടലയിലും ക്രൈംബ്രാഞ്ച് - ഇ.ഡി ഏറ്റുമുട്ടൽ വരും

ലൈഫ് മിഷൻ, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുകളിലും കേന്ദ്ര ഏജൻസികൾക്കെതിരേ സമാനമായ തന്ത്രമാണ് സർക്കാ‌ർ പയറ്റിയത്. കണ്ടല ബാങ്ക് തട്ടിപ്പിനെക്കുറിച്ച് ഇ.ഡിക്ക് പിന്നാലെ ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങിയിരിക്കുകയാണ്. 

New Update
kandala bank

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ 101 കോടി തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിന് ബദലായി ക്രൈംബ്രാഞ്ച് രംഗത്തിറങ്ങിയിരിരിക്കുകയാണ്. 

Advertisment

ലൈഫ് മിഷൻ, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുകളിലും കേന്ദ്ര ഏജൻസികൾക്കെതിരേ സമാനമായ തന്ത്രമാണ് സർക്കാ‌ർ പയറ്റിയത്. കണ്ടല ബാങ്ക് തട്ടിപ്പിനെക്കുറിച്ച് ഇ.ഡിക്ക് പിന്നാലെ ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങിയിരിക്കുകയാണ്. 


ബാങ്കിന്റെ പ്രധാന ശാഖയിലെ ജീവനക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. 

56 കേസുകളാണ് ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് നാല് അന്വേഷിക്കുന്നത്. കരുവന്നൂരിൽ ഇ.ഡി പിടിച്ചെടുത്ത രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നിയമപോരാട്ടത്തിലാണ്. 

ഡിവൈ.എസ്.പി റെക്സ് ബോബി അർവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നിക്ഷേപകരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് ജീവനക്കാരുടെ മൊഴിയെടുത്തത്. നിക്ഷേപകർക്ക് പണം നൽകാതെ തട്ടിച്ചതിനെക്കുറിച്ചുള്ള അന്വേഷണമാണ് സർക്കാർ ക്രൈംബ്രാഞ്ചിന് കൈമാറിയത്. 


കാട്ടാക്കട ഡിവൈ.എസ്.പിയുടെ ശുപാർശപ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷണം. കോടിക്കണക്കിനു രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ വിവരങ്ങളും രേഖകളും അന്വേഷണസംഘം ശേഖരിച്ചു. 2022 മുതലുള്ള സെക്രട്ടറിമാരും പ്രസിഡന്റുമാരുമാണ് ക്രൈംബ്രാഞ്ചിന്റെ കേസിലെ പ്രതികൾ. 


സഹകരണവകുപ്പ് നടത്തിയ പരിശോധനയിൽ 101 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. ബഡ്‌സ് നിയമപ്രകാരം പ്രതികളുടെ വസ്തുവകകൾ കണ്ടുകെട്ടാനുള്ള വകുപ്പും ചേർത്തിട്ടുണ്ട്. 

കാലാവധി പൂർത്തിയായ നിക്ഷേപങ്ങളിലായി 6.43 കോടി രൂപയാണു ലഭിക്കാനുള്ളത്. 110 പേർ പരാതി നൽകി. 59 കേസുകൾ മാറനല്ലൂർ പൊലീസ് റജിസ്റ്റർ ചെയ്തു. 

അതതു കാലയളവിലെ പ്രസിഡന്റ്, സെക്രട്ടറി , പകരം ചുമതല വഹിച്ചിരുന്നവർ എന്നിവരാണു കേസിലെ പ്രതികൾ. നിയമവിരുദ്ധ പ്രവൃത്തികളിലൂടെ മാത്രമുള്ള നഷ്ടം 57.24 കോടിയാണ്. 


മുൻ പ്രസിഡന്റിനും ബന്ധുക്കൾക്കും ബാങ്ക് ജീവനക്കാർക്കും അവരുടെ ബന്ധുക്കൾക്കും അനധികൃത വായ്പയായി നൽകിയത് 34.43 കോടി രൂപ. വായ്പാകുടിശിക വരുത്തിയവർ ഈടു നൽകിയ വസ്തുക്കൾ ലേലം ചെയ്തു തങ്ങളുടെ തുക എത്രയും വേഗം മടക്കി നൽകണമെന്നാണു നിക്ഷേപകരുടെ ആവശ്യം.


നേരത്തേ ബാങ്ക് ശാഖകളിൽ 40 മണിക്കൂർ മാരത്തോൺ റെയ്ഡ് നടത്തിയ ഇ.ഡി നിക്ഷേപ, വായ്പാ രേഖകൾ പിടിച്ചെടുത്തിരുന്നു. ബാങ്കിൽ നിന്ന് ഇടപാടുകൾ അടങ്ങിയ കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് ഉൾപ്പെടെ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 

50 ലക്ഷം മുതൽ മൂന്ന് കോടി വരെ ബാങ്കിൽ നിക്ഷേപമുള്ളവർക്ക് പണത്തിന്റെ സ്രോതസ് വ്യക്തമാക്കാൻ നോട്ടീസയച്ചു തുടങ്ങി. അതിനിടെ, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ പണം നഷ്ടമായ നിക്ഷേപകരെ സഹായിക്കാൻ സർക്കാർ പാക്കേജ് തയാറാക്കണമെന്ന് ആവശ്യപ്പെട്ട് ഐ.ബി സതീഷ് എം.എൽ.എ സഹകരണ മന്ത്രിക്ക് നിവേദനം നൽകി. 

മുൻ പ്രസിഡന്റ് ഭാസുരാംഗൻ നിക്ഷേപകരോട് സർക്കാർ തരാനുണ്ടെന്നു പറഞ്ഞിരുന്ന കാർഷിക കടാശ്വാസ തുക 8.15 കോടിയിൽ, അനുവദിച്ച 2.15 കോടി  കേരള ബാങ്ക് വിട്ടുനൽകേണ്ടെന്ന് തീരുമാനിച്ചു. 

കാർഷിക കടാശ്വാസ തുക കേരള ബാങ്ക് വഴിയാണ് ബാങ്കുകൾക്കു കൈമാറുന്നത്. 30 കോടി രൂപ കണ്ടല ബാങ്ക് കേരള ബാങ്കിന് നൽകാനുണ്ട്. കിട്ടാനുള്ള പണം തിരികെ കിട്ടാതെ തുക വിട്ടുനൽകില്ല.

Advertisment