തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ ചിതറിപ്പോയെന്നും ശക്തി ക്ഷയിച്ചെന്നും വിലയിരുത്തപ്പെട്ട 'എ' ഗ്രൂപ്പ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ശക്തി തെളിയിച്ച് താക്കോൽ സ്ഥാനത്തേക്ക് തിരിച്ചെത്തി.
സംസ്ഥാന അദ്ധ്യക്ഷനെയും അഞ്ച് ജില്ലകളിലെയും അദ്ധ്യക്ഷൻമാരെയും നേടിയെടുത്ത 'എ' ഗ്രൂപ്പ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വൻ നേട്ടം കൊയ്തു. 'എ' - 'ഐ' ഗ്രപ്പുകളെ പ്രതിനിധീകരിച്ച് രാഹുൽ മാങ്കൂട്ടവും അബിൻ വർക്കിയുമാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
കെ.സി വേണുഗോപാൽ പക്ഷവും സ്ഥാനാർത്ഥിയെ രംഗത്തിറക്കിയെങ്കിലും അവസാന നിമിഷം പിൻവലിക്കുകയായിരുന്നു. ഇതോടെ 'എ', 'ഐ' ഗ്രൂപ്പുകളുടെ നേരിട്ടുള്ള പോരാട്ടമാണ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കണ്ടത്.
യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും തന്റെ സ്വന്തം ജില്ലയായ പത്തനംതിട്ട നഷ്ടമായത് ഗ്രൂപ്പിന് ക്ഷീണമുണ്ടാക്കി. അവിടെ കെ.സി പക്ഷക്കാരനായ വിജയ് ഇന്ദുചൂഡനാണ് ജില്ലാ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.
'എ' ഗ്രൂപ്പിലെ നേതാക്കൾ ഒന്നിലധികം സ്ഥാനാർത്ഥികളെ രംഗത്തിറക്കിയതാണ് പരാജയകാരണമെന്നും ഗ്രൂപ്പ് വിലയിരുത്തുന്നു.
രമേശ് ചെന്നിത്തല, കെ. സുധാകരൻ, കെ.സി വേണുഗോപാൽ എന്നിവരോട് ചേർന്നു നിൽക്കുന്നവരാണ് വിവിധ ജില്ലകളിൽ 'ഐ' ഗ്രൂപ്പിന് വേണ്ടി മത്സരരംഗത്തിറങ്ങിയത്. ഇതിൽ മൂന്ന് ജില്ലകളിൽ ചെന്നിത്തലയുടെ സ്ഥാനാർത്ഥികൾ വിജയിച്ചു. അതിൽ കാസർകോട് 'എ' - 'ഐ' വിഭാഗങ്ങൾ ഒന്നിച്ച് നിന്നാണ് പോരാടിയത്.
നിലവിൽ കെ.സി വേണുഗോപാലിനോട് ആഭിമുഖ്യം പുലർത്തുന്ന ചാണ്ടി ഉമ്മന്റെ സ്ഥാനാർത്ഥിയാണ് ഉമ്മൻ ചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് ജയിച്ചത്. അവർക്ക് ജില്ലയിലെ ഒറ്റ അസംബ്ലി മണ്ഡലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
കണ്ണൂരിൽ കെ. സുധാകരന്റെ സ്ഥാനാർത്ഥിയെ 'എ' ഗ്രൂപ്പ് അക്ഷരാർത്ഥത്തിൽ അട്ടിമറിച്ചു. അപ്രതീക്ഷിത വിജയമാണ് ജില്ലയിൽ ഗ്രൂപ്പ് നേടിയത്. തലസ്ഥാനത്തും ഗ്രൂപ്പ് വിട്ടു പോയ ടി. സിദ്ധിഖിന്റെ തട്ടകമായ വയനാട്ടിലും 'എ' ഗ്രൂപ്പിന്റെ ജില്ലാ അദ്ധ്യക്ഷൻമാരാണ് ഇനി സംഘടനയെ നയിക്കുക.
ഗ്രൂപ്പ് ശിഥിലീകരണത്തിനിടെ പുതുതായി രൂപം കൊണ്ട കെ.സി വിഭാഗത്തിന് നാല് ജില്ലകളാണ് ലഭിച്ചതെങ്കിലും രണ്ട് ജില്ലകളിൽ അവർക്ക് സമഗ്രാധിപത്യമുണ്ട്.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അവർ ശക്തി തെളിയിച്ചിട്ടുണ്ട്. കോട്ടയത്തും പത്തനംതിട്ടയിലും ആലപ്പുഴയിൽ മികച്ച സാന്നിധ്യമറിയിക്കുകയും ചെയ്തിട്ടുണ്ട്.
പാർട്ടി പുന:സംഘടനയിൽ പലയിടത്തും അർഹമായ പ്രാധാന്യം ലഭിച്ചില്ലെന്ന് പരാതിയുള്ള ഗ്രൂപ്പിന് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് മുന്നോട്ടു പോകാനുള്ള ഊർജ്ജമാണ്.
ഇനി പാർട്ടിയിലും കരുത്ത് തെളിയിക്കാനായിരിക്കും 'എ' ഗ്രൂപ്പിന്റെ ശ്രമം. ഇതിനുള്ള നീക്കങ്ങൾ ഗ്രൂപ്പ് മാനേജർമാർ തുടങ്ങിക്കഴിഞ്ഞു.