/sathyam/media/media_files/8USKVjNLFUuCqAd4wcWX.jpg)
തിരുവനന്തപുരം: 256 കോടിയുടെ ട്രാവൻകൂർ ടൈറ്റാനിയം അഴിമതിക്കേസിൽ സത്യം കണ്ടെത്താൻ രണ്ടു പതിറ്റാണ്ടിനു ശേഷം സി.ബി.ഐ എത്തുകയാണ്. വിജിലൻസ് അന്വേഷിച്ചിട്ടും 80 കോടിയുടെ അഴിമതി കണ്ടെത്തിയിട്ടും സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതന്മാർ എതിർപക്ഷത്തായിരുന്നതിനാൽ കുഴിച്ചുമൂടപ്പെട്ട കേസിലാണ് നേരറിയാൻ സി.ബി.ഐ വരുന്നത്.
അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ വ്യവസായ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് തുടങ്ങിയവർ പ്രതിയായ കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്.
ടൈറ്റാനിയം കമ്പനിയിൽ മലിനീകരണ നിയന്ത്രണ പ്ലാന്‍റ് സ്ഥാപിക്കുന്നതിന് ഫിൻലാൻഡ് ആസ്ഥാനമായ കമ്പനിയിൽ നിന്ന് 256 കോടി രൂപയുടെ ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിൽ പ്രൊജക്ട് കൺസൾട്ടന്റായിരുന്ന മെകോൺ 120 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.
2014 ൽ കോടതിയുത്തരവിനെ തുടർന്ന് അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് വിജിലൻസ് അന്വേഷണം ആരംഭിച്ചു. 80 കോടി രൂപയുടെ അഴിമതി നടന്നെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
തുടർന്ന് അന്താരാഷ്ട്ര ബന്ധങ്ങളുള്ള കേസായതിനാൽ അന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്ന് വ്യക്തമാക്കി വിജിലൻസ് സംഘം സർക്കാരിന് ശുപാർശ നൽകി.
കേസ് സി.ബി.ഐ ഏറ്റെടുക്കാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സർക്കാരും സി.ബി.ഐയും ഇതിനു തയ്യാറായില്ല. തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
20 വർഷം മുമ്പു നടന്ന അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഇപ്പോൾ അന്വേഷണം നടത്തുന്നതിൽ പ്രായോഗിക തടസങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹർജിയെ സി.ബി.ഐ എതിർത്തു.
അന്നു സർവീസിലുണ്ടായിരുന്ന പലരും ഇപ്പോൾ വിരമിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്തി തെളിവു ശേഖരിക്കുന്നതിലടക്കം നിരവധി ബുദ്ധിമുട്ടുകളുണ്ടെന്ന് സി.ബി.ഐ വിശദീകരിച്ചു.
എന്നാൽ ഈ വാദങ്ങൾ കോടതി തള്ളി. അന്താരാഷ്ട്ര ബന്ധമുള്ള കേസിൽ സി.ബി.ഐ അന്വേഷണമാണ് ഉചിതമെന്ന് ഹൈക്കോടതി വിലയിരുത്തി. തുടർന്നാണ് സി.ബി.ഐ എത്രയും വേഗം കേസ് ഏറ്റെടുക്കാനും ആറുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ടു നൽകാനും ഹൈക്കോടതി നിർദ്ദേശിച്ചു.
ഒരു കാലത്ത് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കേസായിരുന്നു ടൈറ്റാനിയം അഴിമതിക്കേസ്. മലിനീകരണ പദ്ധതിയുടെ അവസാന ഘട്ടത്തിനു വേണ്ട യന്ത്രസാമഗ്രികൾ 89.79 കോടി മുടക്കി വാങ്ങിക്കൂട്ടിയതാണ് വൻ അഴിമതി.
ഫിൻലാൻഡിലെ ചെമ്മറ്റൂർ ഇക്കോപ്ളാനിംഗ്, യൂറോപ്പിലെ എ.വി.ഐ എന്നിവിടങ്ങളിൽ നിന്നായിരുന്നു ഇറക്കുമതി. ഈസമയത്ത് പദ്ധതിയുടെ 127 കോടിയുടെ ആദ്യഘട്ടത്തിന് മാത്രമേ പാരിസ്ഥിതിക അനുമതിയുണ്ടായിരുന്നുള്ളൂ.
വിദേശകമ്പനികളെയോ അവയ്ക്ക് നൽകിയ കോടികൾ ആർക്കാണ് പോയതെന്നോ കണ്ടെത്താനായിട്ടില്ല. 2007ൽ ബാങ്കുകളിൽ നിന്ന് കടമെടുത്ത് 72 കോടി നൽകി. 22 കോടി ഡിസൈനുകൾക്കായിരുന്നു.
4 കണ്ടെയ്‌നറുകളിലെത്തിച്ച യന്ത്രങ്ങൾ തുരുമ്പെടുത്ത് ആക്രിവിലപോലും കിട്ടാതായി. ഇറക്കുമതിചുങ്കവും പലിശയുമടക്കം 45 കോടി കിട്ടാനുള്ള കസ്റ്റംസ് കമ്പനി ജപ്തിക്കൊരുങ്ങുന്നു.
മൂന്നരക്കോടിയായിരുന്നു കൺസൾട്ടൻസി തുകയെങ്കിലും മെക്കോണിന് 9 കോടി കൊടുത്തു. 127 കോടിയുടെ ആദ്യഘട്ടത്തിന് തറക്കല്ലിടും മുൻപ് 109.64 കോടിയാണ് അന്നത്തെ യു.ഡി.എഫ് സർക്കാർ നൽകിയത്.
പദ്ധതിക്കുവേണ്ടി വിദേശത്തുനിന്ന് ഇറക്കുമതിചെയ്ത യന്ത്രസാമഗ്രികള്‍ വര്‍ഷങ്ങളായി കണ്ടെയ്‌നര്‍ പോലും പൊട്ടിക്കാതെ തുരുമ്പെടുത്തു നശിക്കുന്നു. ഇതിന്റെ കസ്റ്റംസ് ഡ്യൂട്ടിയും പലിശയും ഉള്‍പ്പെടെ 43 കോടി രൂപ അടയ്ക്കാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടു.
ഇതൊക്കെ അഴിമതി നടന്നുവെന്നതിന്‍റെയും സര്‍ക്കാരിന് നഷ്ടം സംഭവിച്ചുവെന്നതിന്‍റെയും പ്രഥമദൃഷ്ട്യായുള്ള തെളിവാണ്. 2004-2006 കാലത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ഇബ്രാഹിം കുഞ്ഞ് വ്യവസായ വകുപ്പ് മന്ത്രിയുമായിരുന്ന കാലത്താണ് തിരുവനന്തപുരത്തെ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്.
ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് 80 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ടൈറ്റാനിയം മുന്‍ചെയര്‍മാന്‍, മുന്‍ എം.ഡി.മാര്‍ എന്നിവരുള്‍പ്പെടെ ആറ് ഉന്നത ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് പ്രതികളാക്കിയത്. ഈ കേസാണ് ഇനി സിബിഐ അന്വേഷിക്കുക.