Advertisment

പ്രശസ്ത ശില്പിയും മുൻ കേന്ദ്രീയ വിദ്യാലയം അധ്യാപകനുമായ തിരുവനന്തപുരം മുക്കോല പണിക്കൻവിള നവീൻ ഭവനിൽ വി. സതീശൻ നിര്യാതനായി

New Update
obit satheesan

തിരുവനന്തപുരം: പ്രശസ്ത ശില്പിയും മുൻ കേന്ദ്രീയ വിദ്യാലയം അധ്യാപകനുമായ മുക്കോല പണിക്കൻവിള നവീൻ ഭവനിൽ വി. സതീശൻ  (56) നിര്യാതനായി. തിരുവനന്തപുരം പാറോട്ടുകോണം കുന്നിൽ എൻ. വാസവന്റെയും സരസമ്മാളിന്റെയും മകനാണ്. സംസ്കാരം വെള്ളിയാഴ്ച ശാന്തി കവാടത്തിൽ. 

Advertisment

ലളിതകലാ അക്കാദമി പുരസ്കാരം, കേന്ദ്ര ഗവൺമെന്റിന്റെ സീനിയർ ഫെലോഷിപ്പ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള സതീശൻ കേരളത്തിലും പുറത്തും അറിയപ്പെടുന്ന ശില്പിയാണ്. 

തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളജിൽ നിന്ന് ബിരുദവും ഡെൽഹി യൂനിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ബിരുദവും നേടിയിട്ടുള്ള സതീശൻ ഡെൽഹി, മുംബൈ ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും കേരളത്തിലുമായി എഴുപത്തിയഞ്ചിലേറെ പ്രദർശനങ്ങളിൽ പങ്കെട്ടുത്തിട്ടുണ്ട്.  പാരീസിലും സിംഗപ്പൂരിലും ശില്പങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 

ചലനാത്മകമായ ശില്പങ്ങൾ എന്ന് ആസ്വാദകർ വിലയിരുത്തിയിട്ടുള്ള സതീശന്റെ ഗില്പകലാ ശൈലി വേറിട്ടതായിരുന്നു. മനുഷ്യ ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത ജീവിത മുഹൂർത്തങ്ങളും ഗൃഹാതുരമായ ഗ്രാമീണ, നഗര ജീവിതവും അദ്ദേഹം ഇതിവൃത്തമാക്കി. സൈക്കിൾ പാർട്ട്സും പി.വി.സി പൈപ്പ് കൊണ്ടുമൊക്കെ ശില്ലങ്ങൾ നിർമിച്ചിട്ടുള്ള സതീശന്റെ ദുരൂഹതയില്ലാത്ത ശൈലി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. 

രാജസ്ഥാൻ ലളിതകലാ അക്കാദമിയുടെ പുരസ്കാരവും രവിവർമ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കായംകുളം , കൊല്ലം ആശ്രാമം, അഡ്വഞ്ചർ പാർക്ക് എന്നിവിടങ്ങളിൽ സിമന്റ് ശില്പങ്ങൾ നിർമിച്ചിട്ടുണ്ട്. 

കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് സ്വയം വിരമിച്ച ശേഷം പൂന എം.ടി ഫൈനാർട്സ് യൂനിവേഴ്സിറ്റി അഡ്വൈസറി കമ്മിറ്റി അംഗമായി പ്രവർത്തിക്കുകയായിരുന്നു. ആന്ധ്രപ്രദേശിലെ റിഷിവാലി സ്കൂളിലും ചിത്രകല അധ്യാപകനായിരുന്നു.

ഭാര്യ: രേഖ. മക്കൾ: നവീൻ (ജർമനിയിൽ എഞ്ചിനീയറിങ് വിദ്യാർഥി), നവനീത് (പ്ലസ് വൺ). വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 11 വരെ മുക്കോലയിലെ വീട്ടിൽ പൊതുദർശനത്തിനു വെക്കും. 

Advertisment