Advertisment

ബാങ്ക് തട്ടിപ്പ്; ഇ.ഡി ചോദ്യം ചെയ്യുന്നതിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡോക്ടറുടെ നിർദേശപ്രകാരം കിംസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

New Update
2113416-kandala-service-cooperative-bank.webp

തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിനിടെ ബാങ്കിന്‍റെ മുന്‍ പ്രസിഡന്‍റും സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം എൻ.ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം. ഭാസുരാംഗനെ ഇഡി ഉദ്യോഗസ്ഥർ ആദ്യം കണ്ടല സഹകരണ ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം കിംസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 100 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം നേരിടുന്ന കണ്ടല സർവീസ് സഹകരണ ബാങ്കിലും ഭാസുരാംഗന്റെയും മുൻ സെക്രട്ടറിമാരുടേയും വീടുകളിലും ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് ഇ.ഡി സംഘം എത്തിയത്.

Advertisment

ബാങ്കിലെ നിക്ഷേപങ്ങൾ, വായ്പകൾ ഉൾപ്പെടെയുള്ള ഇടപാട് രേഖകൾ ഇ.ഡി സംഘം പരിശോധിച്ചു. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിൽ നടത്തിയ പരിശോധക്ക് ശേഷമാണ് മാറനല്ലൂരിലെ വീട്ടിലെത്തിച്ച് പരിശോധന നടത്തിയത്. ഇതിനിടെയാണ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പൂജപ്പുരയിലെ വീട്ടിലെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇന്നലെ രാത്രിയോടെ ഇ.ഡി ഉദ്യോഗസ്ഥര്‍ ഭാസുരാംഗനുമായി കണ്ടലയിലെ വീട്ടിലേക്ക് പോയത്.

ഭാസുരാംഗന്‍ കണ്ടലയിലെ വീട്ടിൽ നിന്നും ആറു മാസം മുമ്പ് താമസം മാറിയിരുന്നു. ഇ.ഡി ഉദ്യോഗസ്ഥര്‍ രാവിലെ മുതല്‍ ഇവിടെ ഉണ്ടെങ്കിലും തുറന്ന് പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. സംശയനിവാരണത്തിനായാണോ രേഖകള്‍ ശേഖരിക്കാനാണോ ഭാസുരാംഗനെ വാഹാനത്തില്‍ കണ്ടലയിലെ വീട്ടിലേക്ക് കൊണ്ടുപോയതെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ, ബാങ്കിലെ പരിശോധന തുടരുകയാണ്.കരുവന്നൂരിന് പിന്നാലെയാണ് കണ്ടല സര്‍വീസ് സഹകരണ ക്രമക്കേടിലും ഇ.ഡി ഇടപെടലുണ്ടായത്. ബാങ്കിലും ബാങ്ക് സെക്രട്ടറിമാരുടെ വീട്ടിലും ആയി ആറിടങ്ങളിലാണ് പരിശോധന നടന്നത്. ഇതിനിടെ, ഭാസുരാംഗനെ പുറത്താക്കണമെന്നാവശ്യം സി.പി.ഐയിൽ മുറുകുകയാണ്.

#kandala service bank
Advertisment