തിരുവനന്തപുരം: സോളര്‍ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും വ്യക്തമായ നിലപാടാണുള്ളത്.
മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച അന്വേഷണം വേണ്ടെന്നാണ് യുഡിഎഫ് യോഗത്തിനുശേഷം യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞതെങ്കിലും, ഇനി മൊത്തം അന്വേഷണം വേണ്ട എന്ന തരത്തില്‍ അത് തെറ്റിദ്ധരിക്കപ്പെട്ടു.
മന്ത്രിസഭാ പുനഃസംഘടന ഇടതുമുന്നണിയുടെ ആഭ്യന്തര കാര്യമാണെന്നും മുഖം മിനുക്കി മിനുക്കി കൂടുതല്‍ വികൃതമാകുമോയെന്നു കാത്തിരുന്നു കാണാമെന്നും സതീശന്‍ പ്രതികരിച്ചു.
''സോളര്‍ കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന കാര്യത്തില്‍ ഒരു ആശയക്കുഴത്തിന്റെയും ആവശ്യമില്ല. അന്വേഷണം വേണമെന്നു തന്നെയാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാട്. ഒരു ചെറിയ ആശയക്കുഴപ്പം ഉണ്ടായി എന്നത് നേരാണ്.
യുഡിഎഫ് യോഗം കഴിഞ്ഞ് കണ്‍വീനര്‍ സംസാരിച്ചപ്പോള്‍ അന്വേഷണം വേണ്ടാ എന്നു പറഞ്ഞു. അതിനു കാരണമുണ്ട്. അന്വേഷണത്തിന് എഴുതിക്കൊടുക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രിയാണ് ഈ കേസിലെ ഒന്നാം പ്രതിയെന്ന് ഞാന്‍ തന്നെ നിയമസഭയില്‍ പറഞ്ഞതാണ്. ഒന്നാം പ്രതിയായ മുഖ്യമന്ത്രിക്ക് എങ്ങനെയാണ് അന്വേഷണം വേണമെന്ന് നമ്മള്‍ എഴുതിക്കൊടുക്കുന്നത്? ആ അന്വേഷണം വേണ്ട, അതായത് കേരള പൊലീസിന്റെ അന്വേഷണം വേണ്ട എന്നാണ് കണ്‍വീനര്‍ പറഞ്ഞത്. അത് മൊത്തം അന്വേഷണം വേണ്ട എന്ന രീതിയില്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ്.
എന്താലായും ഞങ്ങള്‍ക്കു യാതൊരു ആശയക്കുഴപ്പവുമില്ല. ഇനി അന്വേഷണം നടന്നില്ലെങ്കില്‍, നിയമപരമായ നടപടികള്‍ സ്വീകരിക്കണം എന്നാണ് കോണ്‍ഗ്രസും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത്. അതിനു രണ്ട് സാധ്യതകളുണ്ട്. അതില്‍ ഒന്ന്, കൊട്ടാരക്കരയില്‍ ഉമ്മന്‍ ചാണ്ടി തന്നെ മൊഴി കൊടുത്ത കേസാണ്. അത് ശക്തമായ കേസാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ സിബിഐയുടെ ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ മേല്‍പ്പറഞ്ഞ കേസിനെ ശക്തിപ്പെടുത്താന്‍ കൊടുക്കണോ, അതോ വേറെ കേസുമായി ഹൈക്കോടതിയില്‍ പോകണോ എന്ന കാര്യത്തില്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും. അല്ലാതെ അതില്‍ യാതൊരു ആശയക്കുഴപ്പവുമില്ല.
കത്ത് വ്യാജമാണ്, പണം മേടിച്ച് പുറത്തുവിട്ടതാണ്, പണം വാങ്ങി സൗകര്യമനുസരിച്ച് ഓരോരുത്തരുടെയും പേര് എഴുതിച്ചേര്‍ത്തതാണ്, അതിന് ഇടനിലക്കാരുണ്ടായിരുന്നു, ആ ഇടനിലക്കാരുമായാണ് സര്‍ക്കാരിനു സൗഹൃദം.
ആ ഇടനിലക്കാര്‍ വഴി ഈ പരാതിക്കാരിയുടെ കയ്യില്‍നിന്നു വ്യാജനിര്‍മിതിയുണ്ടാക്കി എല്ലാവരെയും പെടുത്തിയതാണ്... ഇതെല്ലാം ഇതിനകം വ്യക്തമായല്ലോ. ഇതു ക്രിമിനല്‍ ഗൂഢാലോചനയാണു നടന്നിരിക്കുന്നത്.
ഇതേക്കുറിച്ച് രമേശ് ചെന്നിത്തല പറഞ്ഞത് ശരിയാണ്. ലൈംഗിക ആരോപണത്തെക്കുറിച്ചല്ല അന്വേഷണം വേണ്ടത്. അതുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ വന്നു. പക്ഷേ, ഈ ലൈംഗിക ആരോപണത്തില്‍ ആരോപണവിധേയരായ ആളുകളെ മനഃപൂര്‍വം കുടുക്കാന്‍ വേണ്ടി നടത്തിയ ഗൂഢാലോചനയാണ് അന്വേഷിക്കേണ്ടത്.
അതാണ് ഞങ്ങള്‍ നിയമസഭയില്‍ പറഞ്ഞതും ഇപ്പോഴും പറയുന്നതും. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമൊന്നുമില്ല. എന്തായാലും സര്‍ക്കാര്‍ നടപടി തീരുമാനിക്കട്ടെ. ഇല്ലെങ്കില്‍ ഞങ്ങള്‍ നിയമനടപടി സ്വീകരിക്കും. എന്തായാലും മുഖ്യമന്ത്രി അന്വേഷിക്കേണ്ട'' സതീശന്‍ വിശദീകരിച്ചു.