തിരുവനന്തപുരം: ആറുമാസത്തെ സസ്പെൻഷൻ റദ്ദാക്കി മുഖ്യമന്ത്രി ഇടപെട്ട് പോലീസിൽ തിരിച്ചെടുത്ത ഐ.ജി പി.വിജയൻ സി.ബി.ഐയിലേക്ക് ഡെപ്യൂട്ടേഷനിൽ ചേക്കേറിയേക്കും. അതല്ല, ഐ.പി.എസ് ജോലി രാജിവച്ച് വിജയൻ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും വിവരമുണ്ട്. ജനകീയ മുഖമായി വിജയനെ അവതരിപ്പിക്കാൻ ചർച്ചകളുമായി ബി.ജെ.പി രംഗത്തുണ്ട്.
സി.എൻ.എൻ- ഐ.ബി.എൻ ചാനലിന്റെ പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് നേടിയ വിജയൻ ഏറ്റവും ജനപ്രീതിയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. തമിഴ്നാട്ടിൽ ബി.ജെ.പിയെ നയിക്കുന്നത് ഐ.പി.എസ് ജോലിയിൽ നിന്ന് വി.ആർ.എസ് നേടിയ കെ.അണ്ണാമലെയാണ്. സമാനമായ രീതിയിൽ വിജയനെ കേരളത്തിൽ അവതരിപ്പിക്കാനാണ് ബിജെപി ശ്രമം. അതേസമയം, ഐ.പി.എസ് രാജിവച്ച് വിജയൻ രാഷ്ട്രീയത്തിൽ ഇറങ്ങുമോയെന്ന് അദ്ദേഹം മനസുതുറന്നിട്ടില്ല
ജനുവരിയിൽ വിജയന് എ.ഡി.ജി.പിയായി പ്രൊമോഷൻ ലഭിക്കേണ്ടതാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായിപ്പോലും അടുപ്പമുള്ളയാളാണ് പി.വിജയൻ. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻ കീ ബാത്തിന്റെ നൂറാംപതിപ്പിന്റെ ആഘോഷചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കാൻ വിജയന് ക്ഷണം ലഭിച്ചിരുന്നു. രാജ്യത്തെ 100പ്രമുഖരിലൊരാളായിട്ടായിരുന്നു ക്ഷണം. ചടങ്ങിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയില്ല. ചടങ്ങിൽ വിജയൻ പങ്കെടുത്തതുമില്ല.
അതോടെ, വിജയന്ബിജെ.പി ബന്ധമുണ്ടെന്നും രാജിവച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പ്രചാരണം ശക്തമായി. അതിനു ശേഷമായിരുന്നു വിജയന്റെ സസ്പെൻഷനും കളമൊരുങ്ങിയത്. തീവ്രവാദക്കേസിലെ പ്രതിയെ പിടിക്കാൻ കേന്ദ്ര സഹായം തേടിയതിന്റെ പേരിലാണ് വിജയനെ ആറു മാസമായി സസ്പെൻഷനിലാക്കിയിരുന്നത്.
സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കാൻ ചീഫ്സെക്രട്ടറി 2വട്ടം ശുപാർശ ചെയ്തിട്ടും തീരുമാനം നീളുകയായിരുന്നു. ഒടുവിൽ തിരിച്ചെടുക്കാൻ മുഖ്യമന്ത്രി ഉത്തരവിടുകയായിരുന്നു. എലത്തൂർ ട്രെയിൻ തീവയ്പ്പുകേസ് പ്രതി ഷാരൂഖ്സൈഫിയെ പിടിക്കാൻ കേന്ദ്രഏജൻസികളെയടക്കം ഇടപെടുത്തിയതിലൂടെ പോലീസിന്റെ ക്രെഡിറ്റ് നഷ്ടമായെന്ന് ഉന്നതർ ആരോപണമുയർത്തിയതാണ് സസ്പെൻഷനിൽ കലാശിച്ചത്.
പ്രതിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയെന്ന കുറ്റംചുമത്തി വിശദീകരണം പോലും തേടാതെ മേയ്18നായിരുന്നു സസ്പെൻഷൻ. മഹാരാഷ്ട്രയിൽ നിന്ന് പ്രതിയെ കൊണ്ടുവന്ന ഉദ്യോഗസ്ഥരെ വിജയൻ ബന്ധപ്പെട്ടത് സുരക്ഷാവീഴ്ചയ്ക്കിടയാക്കിയെന്ന എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ റിപ്പോർട്ടായിരുന്നു നടപടിക്കാധാരം.
എന്നാൽ ഡി.ജി.പിയായിരുന്ന അനിൽകാന്തിന്റെ നിർദ്ദേശപ്രകാരമാണ് വിജയൻ കേസിലിടപെട്ടത്. പ്രതി കേരളം വിട്ടെന്നുറപ്പായതോടെ, കേന്ദ്രകാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് ഡയറക്ടറായ കേരളാകേഡർ ഐ.ജി അനൂപ് കുരുവിള ജോണിന്റെ സഹായം വിജയൻ തേടിയിരുന്നു.
പ്രതിയെ പിടിക്കാൻ ഐ.ബി, മഹാരാഷ്ട്ര-കർണാടക ഭീകരവിരുദ്ധ സ്ക്വാഡുകൾ, ഉത്തർപ്രദേശ്, ഡൽഹി പൊലീസുകൾ, ആർ.പി.എഫ് എന്നിവയെ ഏകോപിപ്പിച്ചതിങ്ങനെയായിരുന്നു. പ്രതിയുടെ ഫോട്ടോയും വീഡിയോയും പുറത്തവിട്ടത് മഹാരാഷ്ട്ര എ.ടി.എസാണെങ്കിലും ആ കുറ്റവും വിജയന്റെ തലയിലാക്കി.
പ്രതിയെ കേരളത്തിലെത്തിച്ച ഡിവൈ.എസ്.പിയെ എ.ഡി.ജി.പി, ഐ.ജി, എസ്.പി, ഡിവൈ.എസ്.പി, ഒരു മാദ്ധ്യമപ്രവർത്തകൻ എന്നിവർ തുടരെ വിളിച്ചെങ്കിലും കുറ്റക്കാരൻ വിജയൻ മാത്രമായി.
പ്രതിയുടെ യാത്രാമാർഗ്ഗം പുറത്തായത് തീവ്രവാദികളുടെ ആക്രമണത്തിനിടയാക്കിയേനെയെന്നാണ് എ.ഡി.ജി.പി കുറ്റപ്പെടുത്തിയത്. സസ്പെൻഷനായി ചൂണ്ടിക്കാട്ടിയ കാരണങ്ങൾ കളവാണെന്ന് വിജയൻ സർക്കാരിനെ അറിയിച്ചിരുന്നു. ഡി.ജി.പിയുടെ എതിർപ്പ് കാരണമാണ് ആദ്യവട്ടം ചീഫ്സെക്രട്ടറിയുടെ ശുപാർശ നടപ്പാവാതിരുന്നത്.