തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍, മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ.സി.മൊയ്തീന്‍ ഇന്നു ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) മുന്നില്‍ ഹാജരാകില്ല.
നിയമസഭാ സാമാജികര്‍ക്കായി നടത്തുന്ന ക്ലാസില്‍ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ്, കുന്നംകുളം എംഎല്‍എ കൂടിയായ മൊയ്തീന്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അസൗകര്യം അറിയിച്ചത്. ഇ മെയില്‍ മുഖേനയാണ് മൊയ്തീന്‍ ഇക്കാര്യം ഇ.ഡി ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇന്നും നാളെയും ഹാജരാകാന്‍ കഴിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
അതിനിടെ, എ.സി.മൊയ്തീന്‍ ഇന്നു പുലര്‍ച്ചെ തിരുവനന്തപുരത്തെത്തി. ചോദ്യം ചെയ്യലിന് ഇന്നു നേരിട്ടു ഹാജരാകാന്‍ കഴിയില്ലെന്ന് എ.സി.മൊയ്തീന്‍ അന്വേഷണ സംഘത്തെ രേഖാമൂലം അറിയിച്ച സാഹചര്യത്തില്‍, അടുത്തദിവസം പുതിയ തീയതി നിശ്ചയിച്ചു ഇ.ഡി വീണ്ടും നോട്ടിസ് നല്‍കും. സാക്ഷികള്‍ക്കുള്ള നോട്ടിസാണ് ഇതുവരെ മൊയ്തീനു നല്‍കിയത്. അന്വേഷണത്തോടു സഹകരിച്ചില്ലെങ്കില്‍ മാത്രം ശക്തമായ നിലപാട് സ്വീകരിക്കാനാണു സാധ്യത.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) സാക്ഷിമൊഴികളുടെ മാത്രം ബലത്തില്‍ എ.സി.മൊയ്തീനെ അറസ്റ്റ് ചെയ്യാന്‍ ഇ.ഡിക്കു കഴിയില്ലെന്ന വാദവുമുണ്ട്. മുഖ്യപ്രതി പി.സതീഷ്‌കുമാറിന്റെ ഇടനിലക്കാരനായ കെ.എ.ജിജോറിന്റെ മൊഴികളാണ് മൊയ്തീന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഇ.ഡിയുടെ പക്കലുള്ള പ്രധാന തെളിവ്.
ബെനാമി വായ്പകളുടെ കുറ്റം സ്വയം ഏറ്റെടുക്കുന്ന നിലപാടാണ് ഒന്നാം പ്രതി പി.സതീഷ്‌കുമാറും രണ്ടാം പ്രതി പി.പി.കിരണും സ്വീകരിക്കുന്നത്.