തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ 350കോടിയുടെ വമ്പൻ തട്ടിപ്പിൽ എല്ലാ പ്രതികളെയും പിടികൂടി അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ലക്ഷ്യമിട്ടാണ് ഇ.ഡിയുടെ രണ്ടാംഘട്ട അന്വേഷണം. 350 കോടി രൂപയുടെ നിക്ഷേപം ബെനാമി വായ്പയായി തട്ടിയെടുത്ത കേസിന് ദേശീയതലത്തിൽ ലഭിച്ച പ്രാധാന്യം മനസിലാക്കിയ ഇ.ഡി, കേസന്വേഷണം മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാക്കിയിട്ടുണ്ട്.
തട്ടിപ്പിലും കള്ളപ്പണയിടപാടിലും നേരിട്ട് പങ്കെടുത്ത മുഴുവൻ പേർക്കൊപ്പം ഒത്താശ നൽകി സാമ്പത്തികനേട്ടം കൈവരിച്ചവരെയും പ്രതികളാക്കാനും അവരുടെ സ്വന്തംപേരിലും ബിനാമിപ്പേരുകളിലുമുള്ള മുഴുവൻ സ്വത്തുവകകളും കണ്ടുകെട്ടാനുമാണ് ഇ.ഡിയുടെ തീരുമാനം. കേസ് തെളിയിക്കാൻ പ്രതികളിൽ ചിലരെ മാപ്പുസാക്ഷിയാക്കാനും ഇ.ഡി നീക്കം തുടങ്ങിയിട്ടുണ്ട്.
കുറ്റപത്രം സമർപ്പിച്ച 55 പ്രതികളിൽ രണ്ടുപേരുടെ രഹസ്യമൊഴി മജിസ്ട്രേട്ട് മുൻപാകെ രേഖപ്പെടുത്തിയ ഇ.ഡി. ഇവരെ മാപ്പുസാക്ഷികളാക്കാൻ കോടതിയിൽ അപേക്ഷ നൽകും. കേസിലെ അന്വേഷണത്തിൽ നാലു പ്രതികളെ അറസ്റ്റു ചെയ്ത് 60 ദിവസത്തിനകം പ്രാഥമിക കുറ്റപത്രം സമർപ്പിച്ച ഇ.ഡി രണ്ടാംഘട്ട അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തിൽ 55 പ്രതികളാണുള്ളത്.
അന്തിമകുറ്റപത്രത്തിൽ പ്രതികളുടെ എണ്ണം വർദ്ധിക്കുമെന്നാണ് ഇ.ഡി നൽകുന്ന സൂചനകൾ. സാധാരണക്കാരായ തൊഴിലാളികളും കർഷകരും ചെറുകിട ബിസിനസുകാരും നിക്ഷേപിച്ച 184 കോടി രൂപയുടെ മുതലും 166 കോടി രൂപയുടെ പലിശയുമാണു പ്രതികൾ തട്ടിയെടുത്തതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
/sathyam/media/post_attachments/BrGsPrUnEe0cdfQdp9EB.jpg)
പ്രതിപ്പട്ടികയിലുള്ള 55 പേരിൽ കുറ്റകൃത്യത്തെക്കുറിച്ച് ആദ്യാവസാനം അറിയാവുന്നവരും തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഏറ്റവും കുറച്ചുമാത്രം പറ്റിയവരെയുമാണ് ഇ.ഡി. മാപ്പുസാക്ഷികളാക്കുക. കരുവന്നൂർ ബാങ്ക് കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിലെ പ്രധാന അന്വേഷണം. രണ്ടാം ഘട്ടത്തിൽ തൃശൂർ, പെരിങ്ങണ്ടൂർ, അയ്യന്തോൾ സഹകരണ ബാങ്കുകളിൽ രണ്ടാം ഘട്ടത്തിൽ കൂടുതൽ അന്വേഷണം നടക്കും.
കരുവന്നൂരിൽ തട്ടിയെടുത്ത പണം ഈ ബാങ്കുകളിലെ അക്കൗണ്ടുകൾ വഴി മറിച്ചതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. തട്ടിപ്പിന് ഒത്താശ നൽകിയവർക്ക് മറ്റു ബാങ്കുകൾ വഴിയും വിഹിതം കൈമാറിയെന്ന നിഗമനത്തിലാണ് ഇ.ഡി. ബാങ്കുകൾ വഴി ആർക്കൊക്കെ വിഹിതം ലഭിച്ചെന്ന് അന്വേഷിക്കും. അവരെയും കണ്ടെത്തി പ്രതികളാക്കും.
വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവർ, തട്ടിപ്പ് തുകയുടെ പങ്ക് പറ്റിയവർ, തട്ടിപ്പുപണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയ സ്ഥാവരജംഗമ വസ്തുക്കൾ, നിക്ഷേപങ്ങൾ തുടങ്ങിയവയുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇവയും കണ്ടുകെട്ടാനാണ് നീക്കം. സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകർക്ക് പണം തിരികെ ലഭ്യമാക്കുകയാണ് ലക്ഷ്യം.
കള്ളപ്പണയിടപാടുകളിലൂടെ നേടിയ സ്വത്തുക്കൾ വിറ്റഴിക്കാൻ ചിലർ ശ്രമിക്കുന്നത് ഇ.ഡി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ വിറ്റഴിച്ചാലും സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് ഇ.ഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 87.75 കോടി രൂപയുടെ സ്വത്തുക്കൾ ഇതുവരെ കണ്ടുകെട്ടി. അപ്പീൽസമയമായ മൂന്നുമാസം കഴിഞ്ഞാൽ സ്ഥിരമായി കണ്ടുകെട്ടുമെന്ന് ഇ.ഡി വ്യക്തമാക്കി.
കരുവന്നൂർ ബാങ്കിൽനിന്നു തട്ടിയെടുത്ത തുക രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെ പ്രതികൾ സ്വാധീനമുള്ള മറ്റു സഹകരണസംഘങ്ങളിലേക്കും മാറ്റിയതായി സൂചന ലഭിച്ചിട്ടുണ്ട്. ഇതു കണ്ടെത്താനുള്ള അന്വേഷണം ഇ.ഡി. തുടങ്ങിയിട്ടുണ്ട്. തൃശൂരിലെ മറ്റ് സഹകരണ ബാങ്കുകളിലേക്ക് ഇതിന്റെ ഭാഗമായി രണ്ടാം ഘട്ട അന്വേഷണം നീളും.