തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എറണാകുളത്തും തൃശൂരുമായി ഒമ്പത് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. എ സി മൊയ്തീന്റെ ബിനാമി ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇ.ഡി നീക്കം.
അതേസമയം തൃശ്ശൂര്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സതീഷ് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഇയാള്‍ ബന്ധുക്കളുടെ അടക്കം പേരില്‍ ഈ ബാങ്കിലെടുത്ത നാല് അക്കൌണ്ടുകള്‍ വഴി കള്ളപ്പണം വെളിപ്പിച്ചുവെന്നാണ് അന്വേഷണ ഏജന്‍സി കണ്ടെത്തിയത്.
നേരത്തെ കേസന്വേഷണത്തിന്റെ ഭാഗമായി സതീഷ് കുമാറിന്റെ ഈ നാല് അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചിരുന്നു.
ഒരു ദിവസം തന്നെ 50000 രൂപ വെച്ച് 25ലേറെ തവണ ഇടപാടുകള്‍ എത്തിയെന്നത് അടക്കമുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. ഈ അക്കൗണ്ടുകള്‍ വഴി നടന്ന ഇടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായാണ് ഇഡി അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പരിശോധന നടത്തുന്നത്.
നേരത്തെ കേസില്‍ സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കി സിപിഐ പ്രതിനിധിയായ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു. വലിയ തുക ലോണെടുത്തപ്പോള്‍ അറിയിച്ചില്ലെന്നാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ വെളിപ്പെടുത്തിയത്.