/sathyam/media/media_files/OAETCaEWTBEkEDeNRAZk.jpg)
ആലപ്പുഴ: പാതിരപ്പള്ളി സെക്ഷന്റെ നിയന്ത്രണത്തിലുള്ളതും പണി പൂര്‍ത്തിയാക്കി പത്തുവര്‍ഷം പിന്നിട്ടതുമായ പുതിയ 11 കെവി കെ.എസ്.ഇ.ബി. ലൈന്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി മുഖ്യമന്ത്രിക്കും വൈദ്യുതി വകുപ്പ് മന്ത്രിക്കും കത്തുനല്‍കി.
നിസാര കാരണങ്ങളുടെ പേരിലാണ് ഒരു കിലോമീറ്ററിലധികം പണി പൂര്‍ത്തിയായ കെ.എസ്.ഇ.ബി. ലൈന്‍ 10 വര്‍ഷത്തിലേറെയായി ചാര്‍ജ് ചെയ്യാതെ അവഗണിച്ചിട്ടിരിക്കുന്നത്. മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ 24 വ്യക്തികളുടെ സ്വകാര്യ വസ്തുവിലൂടെ കടന്നു പോകുന്ന അപകടകരമായ രീതിയിലുള്ള 11 കെ.വി. ലൈന്‍ മാറ്റി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യപ്രകാരമാണ് 2015-ല്‍ കളത്തില്‍ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് അപ്‌സര ജംഗ്ഷന്‍ വഴി കിഴക്കോട്ട് ദേശീയപാതയില്‍ വന്നുചേരുന്ന തരത്തില്‍ പുതിയ 11 കെ.വി. ലൈന്‍ കെ.എസ്.ഇ.ബി പണി പൂര്‍ത്തിയാക്കിയത്.
ഈ ലൈന്‍ ചാര്‍ജ്ജ് ചെയ്യാത്തത് മൂലം ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ എട്ടാം വാര്‍ഡിലെ പ്രദേശവാസികള്‍ നേരിടുന്നത്.നാട്ടുകാരുടെ ആശങ്ക കണക്കിലെടുത്തും അവരുടെ ജീവന് സംരക്ഷണം ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.