/sathyam/media/media_files/2025/08/19/paippad-water-treatment-plant-2025-08-19-19-37-20.jpg)
കോട്ടയം:നക്രാപുതുവലിലെ 42 കുടുംബങ്ങൾക്ക് ഇനി വീടുകളിലേക്ക് ശുദ്ധജലം എത്തും. പായിപ്പാട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 26ന് നാലുകോടി സെന്റ് തോമസ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി. നിർവഹിക്കും. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷത വഹിക്കും.
പായിപ്പാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 23 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച പ്ലാന്റിലൂടെ 24 മണിക്കൂറും ശുദ്ധജലം ലഭിക്കും. ഭൂജലവകുപ്പിന്റെ നേതൃത്വത്തിലായിരുന്നു നിർമാണം.
കുട്ടനാടിനോട് ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ നക്രാപുതുവൽ എല്ലാ വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. ശുദ്ധീകരണ പ്ലാന്റ് വരുന്നതോടുകൂടി ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനൻ പറഞ്ഞു.
പനയാർ തോട്ടിലെ മലിനജലം ചിരട്ടക്കരിയും മണലുമിട്ട് ശുദ്ധിചെയ്താണ് പ്രദേശവാസികൾ ഇതുവരെ ഉപയോഗിച്ചുവന്നിരുന്നത്. പ്ലാന്റ് നിർമ്മിക്കുന്നതിനായി ജനങ്ങൾ ബണ്ടിനോട് ചേർന്ന് ഭൂമി വിലയ്ക്ക് വാങ്ങി പഞ്ചായത്തിന് നൽകിയിരുന്നു. പ്ലാന്റിലൂടെ ശുദ്ധീകരിക്കുന്ന വെള്ളം പൈപ്പ് കണക്ഷൻ വഴി വീടുകളിലേക്ക് എത്തും. പ്രതിദിനം 10,000 ലിറ്ററോളം കുടിവെള്ളം ശുദ്ധീകരിക്കുവാൻ പ്ലാന്റിലൂടെ കഴിയും.