ഇത്തിത്താനം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ വർണ്ണക്കൂടാരം ഒരുങ്ങി

New Update
VARNNAKOODARAM

കോട്ടയം: അന്താരാഷ്ട്ര നിലവാരമുള്ള പ്രീ പ്രൈമറി പഠനസൗകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന വർണ്ണക്കൂടാരം ഇത്തിത്താനം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ ആരംഭിച്ചു. സമഗ്രശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു. 

Advertisment

പഞ്ചേന്ദ്രിയനുഭവ പഠനത്തിലൂടെ പ്രീ പ്രൈമറി തലത്തിലെ വിദ്യാഭ്യാസം കൂടുതൽ മികവുറ്റതാക്കുക, പഠനത്തോടൊപ്പം കുട്ടികളുടെ കലാകായിക മികവുകൾ പ്രോത്സാഹിപ്പിക്കുക, ഭാഷ, ഗണിതം തുടങ്ങിയ മേഖലയിലുള്ള ജ്ഞാനം വർധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് വർണ്ണക്കൂടാരം പദ്ധതിയുടെ ഭാഗമായി സ്‌കൂളിൽ നടപ്പിലാക്കുന്നത്. ശിശു സൗഹൃദ ഫർണ്ണിച്ചറും പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചുവരുകളിലെ വർണ്ണാഭമായ ചിത്രങ്ങളുമെല്ലാം സാധാരണ ക്ലാസ്മുറികളിൽ നിന്നും വർണക്കൂടാരത്തെ വ്യത്യസ്തമാക്കുന്നു.

 കളിയിലൂടെ പഠനം എന്ന ആധുനിക വിദ്യാഭ്യാസ തത്വം പ്രായോഗികമാക്കുന്ന സംസ്ഥാന സർക്കാരിന്റെ വർണ്ണക്കൂടാരം പദ്ധതിയിൽ ശാസ്ത്രയിടം, ഭാഷാ വികസനയിടം, ഗണിതയിടം എന്നിങ്ങനെ 13 പ്രവർത്തന ഇടങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കൊച്ചുറാണി ജോസഫ്, പ്രീതാകുമാരി, പ്രശാന്ത് മനന്താനം, ഗ്രാമപഞ്ചായത്തംഗങ്ങളായ അനീഷ് തോമസ്,ബിജു എസ്. മേനോൻ, ചങ്ങനാശ്ശേരി എ.ഇ.ഒ. കെ.എ. സുനിത, ചങ്ങനാശ്ശേരി ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ പ്രീത ടി. കുറുപ്പ്, ബി.ആർ.സി. ട്രെയിനർ സോനു സലിം, സി.ആർ.സി. കോ ഓർഡിനേറ്റർ ബി.സി. പ്രിയ, ഹെഡ്മിസ്ട്രസ് റീന ട്രീസാ ജോസ്, പി.ടി.എ. പ്രസിഡന്റ് മനു പി. മണിയപ്പൻ, പ്രീ-പ്രൈമറി അധ്യാപിക എം.ടി. അജിത, മുൻ പി.ടി.എ. പ്രസിഡന്റ് കെ.കെ. രവീന്ദ്രറോയ് സൗഹൃദ പുരുഷ സ്വയം സഹായസംഘ പ്രതിനിധി കെ.ജെ. കൊച്ചുമോൻ എന്നിവർ പങ്കെടുത്തു.

Advertisment