കോഴിക്കോട്: സ്കൂളുകൾ തുറന്നതോടുകൂടി നഗരത്തിലെ ഗതാഗതകുരുക്കും പാർക്കിങ്ങ് സ്ഥല പോരായ്മയും മൂലം യാത്രക്കാരുടെ ദുരിതം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നു. നഗരത്തിൽ കൂടുതൽ പാർക്കിംഗ് സൗകര്യവും, പാർക്കിംഗ് പ്ലാസകളുടെ നിർമ്മാണം പൂർത്തീകരിക്കണമെന്ന ആവശ്യവും നിലനിൽക്കെ റെയിൽവേ സ്റ്റേഷൻ വികസന പ്രവർത്തനങ്ങൾ മൂലവും, മാനാഞ്ചിറയ്ക്ക് ചുറ്റും പാർക്കിംഗ് സൗകര്യം കുറയുകയും ചെയ്ത സാഹചര്യത്തിൽ നഗരത്തിലെത്തുന്നവർ പ്രത്യേകിച്ച് തീവണ്ടി, വിമാനയാത്രക്കാർ സമയത്ത് എത്താൻ കഴിയാത്തതിനാൽ യാത്ര മുടങ്ങുന്ന അവസ്ഥയിലാണ്.
ജില്ലാ ഭരണകൂമോ, നഗരസഭയോ പോലീസ്, റെയിൽവേ, കെ എസ് ഇ ബി, വാട്ടർ അതോറിറ്റി, അഗ്നിശമനസേന, ബസ്സ്, ലോറി ഉടമ, വ്യാപാര -വ്യവസായ, ട്രേഡ് യൂണിയൻ, സന്നദ്ധ സംഘടനാ പ്രതിനിധികളുടെ സംയുക്ത യോഗം വിളിച്ച് അടിയന്തിര പരിഹാരം കാണണമെന്ന് യോഗം അഭ്യർത്ഥിച്ചു.
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ദുരിതം കുറയ്ക്കാൻ അടിയന്തിരമായി സിവിൽ സ്റ്റേഷൻ, സരോവരം, ബേബി മെമ്മോറിയൽ, മിംസ്, പുഷ്പ ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ, ഹെഡ് പോസ്റ്റ് ഓഫീസ്, മെഡിക്കൽ കോളേജ് ബന്ധപ്പെടുത്തി സർക്കുലർ ബസ്സും മിനി ബസ്സും അന്യസംസ്ഥാനങ്ങളിൽ ഉള്ള പോലെ ഷെയർ ഓട്ടോ, മിനിവാൻ, ടൂവീലർ ടാക്സിയും അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മെയ് 13ന് നടന്ന മുഖ്യമന്ത്രിയുടെ ജില്ലാ അവലോകന യോഗത്തിൽ അസോസിയേഷൻ ആവശ്യപ്പെട്ട മെട്രോ റെയിൽ ആരംഭിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും, മിഠായി തെരുവിൽ ലൈറ്റ് യാത്ര വാഹന നിരോധനം മതിയായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നതുവരെ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടന്നിരുന്ന ട്രാഫിക് ഉപദേശക സമിതി യോഗം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടു. നഗരത്തിൽ സർക്കുലർ ബസ് മിനി ബസ് ആരംഭിക്കണം എന്ന് ഗതാഗത മന്ത്രിക്ക് കഴിഞ്ഞവർഷം തിരുവനന്തപുരത്ത് മന്ത്രിക്ക് അസോസിയേഷൻ ഭാരവാഹികൾ നിവേദനം കൊടുത്തിരുന്നുവെങ്കിലും യാതൊരു നടപടിയും ലഭിച്ചില്ലെന്ന് ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.
എംഡിസി പ്രസിഡണ്ടും, സി ആർ യു എ വർക്കിംഗ് ചെയർമാനുമായ ഷെവലിയർ സി.ഇ. ചാക്കുണ്ണി യോഗത്തിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രാഫിക് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ കെ. ജയേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ തലം മുതൽ ട്രാഫിക് ബോധവൽക്കരണം നടത്തണമെന്നും ഫ്രി ലെഫ്റ്റിൽ തടസ്സം സൃഷ്ടിക്കരുതെന്നും ഇടത് ഭാഗത്ത് നിന്നുള്ള ഓവർട്ടേക്ക് ഒഴിവാക്കണമെന്നും ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. എം. ഡി.സി. വൈസ് പ്രസിഡൻ്റും കോൺഫെഡറേഷൻ കേരള റീജ്യൻ കൺവീനറുമായ എ.ശിവശങ്കരൻ മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികളായ , ടി പി വാസു, പി. ഐ. അജയൻ, ഡോക്ടർ അഖിൽ ആർ കൃഷ്ണൻ, റൊണാൾഡ് സി ജി, പി പി ശ്രീരസ്, റിയാസ് നരോത്ത്, സി വി ജോസി , ഡോ. പി. അജിത എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പി. ഐ. അജയൻ സ്വാഗതവും, സി സി മനോജ് നന്ദിയും രേഖപ്പെടുത്തി.