മാലിന്യ കുഴിയെ മലർവാടിയാക്കി നാടിനു മാതൃക; ഗ്രാമോദ്യാനത്തിനു പുതുജീവൻ നൽകുന്ന നവീകരണ പദ്ധതിയുമായി പഞ്ചായത്ത് മെമ്പർ

New Update
101750e6-a5f2-4017-8558-3a93513cf238

കുറവിലങ്ങാട് :മാലിന്യ കുഴിയെ മലർവാടിയാക്കി നാടിനു മാതൃകയായ കോഴായിലെ ഗ്രാമോദ്യാനം  നവീകരിക്കുന്നതിനായി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജനകീയ സമിതി പുനസംഘടിപ്പിച്ച് നവീകരണവും പരിചരണവും ഉറപ്പാക്കുകയാണ് ലക്ഷ്യം .

Advertisment

ഗ്രാമോ ദ്യാനം പരിചരണമില്ലാതെ കാടുകയറി നശിക്കുന്ന സാഹചര്യത്തിലാണ്     പഞ്ചായത്തംഗം സാം ജോസഫ് പൈനാപ്പള്ളിൽ  സ്ഥാനം ഏറ്റെടുത്ത് ദിവസങ്ങൾക്കുള്ളിൽ ഉദ്യാനത്തിന്റെ സംരക്ഷണത്തിനായി  രംഗത്തെത്തിയത്.ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു ഉദ്യാനത്തിന്റെ നിർമ്മാണം നടന്നത്.  ജനകീയ സഹകരണത്തോടെയുള്ള ശുചീകരണങ്ങൾക്ക് തുടക്കമായി.

കോഴാ -പാലാ റോഡ് നവീകരണത്തിന്റെയും വളവുനിവർത്തലിൻ്റയും ഭാഗമായി മിച്ചം വന്ന സ്ഥലം വലിയ മാലിന്യ നിക്ഷേപ കേന്ദ്രമായി  മാറിയ സാഹചര്യത്തിൽ ജനപ്രതിനിധികളും ജനകീയ സമിതിയും ചേർന്ന്  2020 ലാണ് ഗ്രാമോദ്യാനം പൂർത്തിയാക്കിയത്.

 ഗ്രാമോ ദ്യാനത്തിന് സർക്കാർ തലത്തിൽ ശുചിത്വകേരളം പുരസ്കാരമടക്കം നിരവധി അവാർഡുകൾ ലഭിച്ചിരുന്നു.

സംസ്ഥാനത്തെ ആദ്യ ടേക്ക് എ ബ്രേക്ക് പദ്ധതിയും പാർക്കി നോടൊപ്പം നിർമ്മിച്ചു നാടിനു മാതൃകയായിരുന്നു. 

ഇപ്പോൾ ആവശ്യമായ പരിചരണങ്ങളോ വെളിച്ചമോ ,ഫല-തണൽ വൃക്ഷങ്ങൾക്ക് പരിപാലനമോ ഇല്ലാതെ ഉദ്യാനം നശിക്കുന്ന സാഹചര്യമാണുള്ളത്

നാടിൻറെ മാതൃകാ കേന്ദ്രം എന്ന നിലയിൽ ഉദ്യാനത്തെ,നവീകരിക്കുന്നതിനും പരിപാലിക്കുന്നതിനുമായി നിർമ്മാണ ഘട്ടത്തിൽ നേതൃത്വം കൊടുത്തവരെ ഉൾപ്പെടുത്തി ജനകീയ സമിതി രൂപീകരിക്കുന്നതിനായി   ഗ്രാമോദ്യാനത്തിൽ വാർഡ് മെമ്പർ സാം ജോസഫ് പൈനാപ്പിള്ളിയുടെ നേതൃത്വത്തിൽ പ്രതിനിധിയോഗം ചേർന്നു വികസന സാധ്യതകൾ ചർച്ച ചെയ്തു.

അടിയന്തരമായി ഉദ്യാനത്തിലെ പുല്ലും കാടും വെട്ടിത്തെളിക്കുക, വൃക്ഷങ്ങൾക്ക് മതിയായ സംരക്ഷണം നൽകുക,വൃക്ഷ സംരക്ഷണ തറകളും,അതിനോടനുബന്ധിച്ചുള്ള ഇരിപ്പിടങ്ങളും ജനകീയ സഹകരണത്തോടെ തയ്യാറാക്കുക എന്നതാണ്  പ്രാഥമിക ലക്ഷ്യം.

പാർക്കിൽ ആവശ്യമായി വെളിച്ച സംവിധാനങ്ങൾ ഒരുക്കുകയും,പെയിന്റിങ്ങുകൾ നടത്തുകയും ചെയ്യും. 

ഗ്രാമോദ്യാനത്തിലെ നാടൻ ഭക്ഷണശാലയിൽ കൂടുതൽ സൗകര്യങ്ങളും നാടൻ വിഭവങ്ങളുമൊരുക്കും.

ഗ്രാമോദ്യാനത്തെ പഴയ പ്രതാപത്തിലേക്ക്  കൊണ്ടുവരുന്നതിനായി പഞ്ചായത്ത് പ്രത്യേക ശ്രദ്ധ പുലർത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സിബി മാണിയും പറഞ്ഞു.

Advertisment