Advertisment

സഹപ്രവർത്തകരുടെ സമയോചിത ഇടപെടലും വിദഗ്ദ്ധ വൈദ്യസഹായത്തിലൂടെയും പോലീസ് ഉദ്യോഗസ്ഥന് പുതുജന്മം; ജീവൻ രക്ഷിച്ച സുവർണ്ണ നിമിഷങ്ങൾ

New Update
treatment

തിരുവനന്തപുരം: സഹപ്രവർത്തകരുടെ സമയോചിത ഇടപെടലും വിദഗ്ദ്ധ വൈദ്യസഹായത്തിലൂടെയും 49-കാരനായ പോലീസ് ഉദ്യോഗസ്ഥന്  മസ്തിഷ്‌കാഘാതത്തിൽ നിന്നും പുതുജന്മം. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ഉദ്യോഗസ്ഥനെയാണ് രോഗലക്ഷണങ്ങൾ കണ്ട ഉടനെ  തന്നെ സഹപ്രവർത്തകർ ഈഞ്ചക്കൽ എസ് പി മെഡിഫോർട്ടിലെത്തിച്ചത്.

Advertisment

മസ്തിഷ്‌കാഘാതം ഉണ്ടായാൽ ആദ്യ 60 മിനിട്ട് സമയപരിധിയായ ‘ഗോൾഡൻ അവർ’നുള്ളിൽ വൈദ്യസഹായം ലഭ്യമാക്കാൻ സാധിച്ചാൽ രോഗത്തിൽ നിന്ന് പരിപൂർണമായും രക്ഷപ്പെടുത്താൻ കഴിയുമെന്നതിന്റെ ദൃഷ്ടാന്തമായി ഈ കേസ്. 


രാത്രി വൈകി തന്റെ ജോലി തീർത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങാൻ വസ്ത്രം മാറാൻ ശ്രമിക്കുമ്പോഴാണ് ഉദ്യോഗസ്ഥന് ശരീരത്തിന്റെ വലതുവശത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സംസാരിക്കാൻ കഴിയാതാവുകയും ചെയ്തത്. സ്ഥിതിയുടെ ഗൗരവം മനസ്സിലാക്കിയ സഹപ്രവർത്തകർ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. നിർണായകമായ 'ഗോൾഡൻ അവറിനുള്ളിൽ' തന്നെ വൈദ്യസഹായം ഉറപ്പാക്കി.


എസ് പി മെഡിഫോർട്ട്  ന്യൂറോളജിസ്റ്റ് ഡോ. മനോരമ ദേവി കെ. രാജന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം രോഗിയിൽ ഉയർന്ന രക്തസമ്മർദ്ദം, വലതുവശത്തെ പക്ഷാഘാതം, അഫാസിയ (സംസാരിക്കാനുള്ള കഴിവ് നഷ്ടപ്പെടൽ) എന്നിവയുൾപ്പെടെ ഗുരുതരമായ ഇസ്കീമിക് സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. സിടി സ്കാനിൽ തലച്ചോറിലെ പാരൻകൈമക്ക് (parenchyma) രക്തസ്രാവം ഇല്ലാതെ സംരക്ഷിക്കപ്പെട്ടിട്ടുള്ളതായി സ്ഥിരീകരിച്ചു.

സമയം പാഴാക്കാതെ, ആശുപത്രിയിലെ സ്ട്രോക്ക് ടീം ലക്ഷണങ്ങൾ ആരംഭിച്ച് 45 മിനിറ്റിനുള്ളിൽ ടെനെക്റ്റെപ്ലേസ് എന്ന രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്ന് ഇൻട്രാവീനസ് ത്രോംബോളിസിസ് ആയി നൽകി. 20 മിനിറ്റിനുള്ളിൽ ഉദ്യോഗസ്ഥന്റെ സംസാരം മെച്ചപ്പെട്ടു. തുടർന്നുള്ള ഏതാനും മണിക്കൂറുകൾക്കുള്ളിൽ വലതുവശത്തെ ബലഹീനത ഗണ്യമായി കുറഞ്ഞു. 12 മണിക്കൂറിനുള്ളിൽ മോട്ടോർ പ്രവർത്തനം പൂർണ്ണമായും വീണ്ടെടുത്തു, 24 മണിക്കൂറിനുള്ളിൽ രോഗി പൂർണ്ണമായും സുഖം പ്രാപിച്ചു. 


രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞതും സമയം പാഴാക്കാതെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചതുമാണ് ഉദ്യോഗസ്ഥനെ രക്ഷിക്കാൻ കഴിഞ്ഞതെന്ന് എസ്.പി മെഡിഫോർട്ട് ആശുപത്രിയിലെ സീനിയർ കൺസൾട്ടൻ്റ് ന്യൂറോളജിസ്റ്റ് ഡോ. മനോരമ ദേവി കെ. രാജൻ പറഞ്ഞു. അക്യൂട്ട് ഐസിഎ ഒക്ലൂഷൻ എന്നത്  ഇസ്കീമിക് സ്ട്രോക്കിന്റെ വളരെ ഗുരുതരമായ രൂപമാണ്. ഗുരുതരമായ വൈകല്യത്തിനും മരണത്തിനും ഇത് കാരണമാകുന്നു. എന്നാൽ സമയബന്ധിതമായി പ്രതികരിച്ചാൽ ജീവൻ രക്ഷിക്കാൻ കഴിയുമെന്നതാണ്  ഈ കേസ് കാണിക്കുന്നത്. എത്രയും വേഗം ത്രോംബോളിസിസ് നൽകുന്നുവോ അത്രയും പൂർണ്ണമായ വീണ്ടെടുക്കലിന് സാധ്യത കൂടുതലാണെന്നും ഡോക്ടർ പറഞ്ഞു 


സ്ട്രോക്ക് ആരംഭിച്ചതിന് ശേഷമുള്ള ആദ്യ 60 മിനിറ്റായ 'ഗോൾഡൻ അവർ'നിർണായകമായ സമയമാണ്. ഈ സമയപരിധിക്കുള്ളിൽ ത്രോംബോളിസിസ് ഉപയോഗിച്ച് ചികിത്സിക്കുന്ന രോഗികൾക്ക് അതിജീവനത്തിനും വീണ്ടെടുക്കലിനും സാധ്യത കൂടുതലാണ്. രോഗത്തെക്കുറിച്ചുള്ള അവബോധമില്ലായ്മ, ലക്ഷണങ്ങൾ തിരിച്ചറിയുന്നതിലെ കാലതാമസം, ആശുപത്രിയിൽ എത്തിക്കാൻ വൈകുന്നത് എന്നിവ സ്ട്രോക്ക് ചികിത്സയിലെ പ്രധാന വെല്ലുവിളികളാണ്.

Advertisment